അവന്റെ ചിന്തയുടെ വേഗത റൊണാള്‍ഡോക്കില്ല; വമ്പന്‍ പ്രസ്താവനയുമായി മുന്‍ ബാഴ്‌സ താരം
Sports News
അവന്റെ ചിന്തയുടെ വേഗത റൊണാള്‍ഡോക്കില്ല; വമ്പന്‍ പ്രസ്താവനയുമായി മുന്‍ ബാഴ്‌സ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd January 2025, 1:10 pm

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുവരിലും ആരാണ് മികച്ച താരമെന്ന ആരാധകരുടെ തര്‍ക്കം ഇപ്പോഴും അറ്റംകാണാതെ പോകുകയാണ്.

നിലവില്‍ 919 കരിയര്‍ ഗോളുകളുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് റോണോ സ്‌കോര്‍ നിലവാരത്തില്‍ മുന്നിലാണ്. അതേസമയം മെസി 850 ഗോളുകളാണ് നേടിയതെങ്കിലും ഫുട്‌ബോള്‍ ലോകത്തെ പ്രധാനപ്പെട്ട എല്ലാ ട്രോഫിയും താരം സ്വന്തമാക്കിയിട്ടുണ്ട്.

ബാഴ്‌സലോണയുടെ മികച്ച താരമായ ജെറാര്‍ഡ് പീക്കെ ദീര്‍ഘകാലം ലയണല്‍ മെസിക്കൊപ്പം കളിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോക്കൊപ്പവും താരത്തിന് കളിക്കാന്‍ സാധിച്ചിട്ടുണ്ട്.  ആരാണ് ഇരുവരിലും മികച്ച താരമെന്ന് പറയുകയാണ് ജെറാള്‍ഡ്.

‘മെസിയും ക്രിസ്റ്റ്യാനോയും തമ്മില്‍ എപ്പോഴും വ്യത്യാസമുണ്ട്. റൊണാള്‍ഡോ ഏറ്റവും മികച്ച താരമാണ്. എന്നാല്‍ ലയണല്‍ മെസി അതിനും മുകളിലാണ്. അദ്ദേഹം ഈ ഗ്രഹത്തില്‍ നിന്നുള്ള താരമല്ല. ട്രെയിനിങ്ങില്‍ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങള്‍ ഓരോ ദിവസവും മെസി ചെയ്യുന്നത് കണ്ട ആളാണ് ഞാന്‍.

അദ്ദേഹത്തിന്റെ ചിന്തയുടെ വേഗത മറ്റാര്‍ക്കും ഇല്ല. പതിമൂന്നാം വയസില്‍ അക്കാദമിയില്‍ എത്തിയ താരമാണ് മെസി. പിന്നീട് അതേ നിലവാരം കരിയറില്‍ ഉടനീളം പുലര്‍ത്തുകയായിരുന്നു ‘ ജെറാര്‍ഡ് പീക്കെ പറഞ്ഞു.

നിലവില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുന്ന മെസി എം.എല്‍.എസില്‍ മയാമിക്കൊപ്പം കരാര്‍ നീട്ടാനിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ കൂടെയും കരാര്‍ പുതുക്കും.

 

Content Highlight: Jerald Pike Talking About Cristiano Ronaldo And Lionel Messi