മലയാളത്തില്‍ തുടങ്ങി തമിഴിലേക്ക്; ഫ്രണ്ട്ഷിപ്പ് അനുഭവങ്ങള്‍ പങ്കുവെച്ച് ജെന്‍സണ്‍ ആലപ്പാട്ട്
Film Interview
മലയാളത്തില്‍ തുടങ്ങി തമിഴിലേക്ക്; ഫ്രണ്ട്ഷിപ്പ് അനുഭവങ്ങള്‍ പങ്കുവെച്ച് ജെന്‍സണ്‍ ആലപ്പാട്ട്
നീതു രമമോഹന്‍
Saturday, 2nd October 2021, 5:25 pm

ഈയിടെ തമിഴില്‍ റിലീസ് ചെയ്ത ചിത്രമാണ് ഫ്രണ്ട്ഷിപ്പ്. ഹര്‍ഭജന്‍ സിംഗ്, അര്‍ജുന്‍ സര്‍ജ, ലോസ്ലിയ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ മലയാളിയായ ജെന്‍സണ്‍ ആലപ്പാട്ടും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മലയാളത്തില്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായിരുന്നു ഫ്രണ്ട്ഷിപ്പ് എന്ന ചിത്രം. ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ചും തന്റെ സിനിമാ ജീവിതത്തെ കുറിച്ചും ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് ജെന്‍സണ്‍ ആലപ്പാട്ട്.

ഏറ്റവും പുതിയ ചിത്രം ‘ഫ്രണ്ട്ഷിപ്പി’ന്റെ വിശേഷങ്ങളില്‍ നിന്ന് തന്നെ തുടങ്ങാം. എങ്ങനെയാണ് ആ സിനിമയിലെത്തിയത്?

സത്യത്തില്‍ ക്വീനിലെ എന്റെ കഥാപാത്രത്തിനു പകരം യോഗി ബാബുവിനെയായിരുന്നു ‘ഫ്രണ്ട്ഷിപ്പി’ല്‍ അവര്‍ ആലോചിച്ചിരുന്നത്. (ആദ്യം മുതലേ ആളുകള്‍ എനിക്ക് യോഗി ബാബുവിന്റെ മുഖച്ഛായ ഉണ്ടെന്ന് പറയാറുണ്ടായിരുന്നു) പക്ഷേ അദ്ദേഹം ഒരുപാട് സിനിമകളുമായി തിരക്കില്‍ ആയതുകൊണ്ട് അത് നടന്നില്ല. പിന്നെയും മറ്റ് പലരെയും വെച്ച് ഓഡിഷന്‍ ചെയ്തെങ്കിലും അതൊന്നും ശരിയാകാതെ വന്നപ്പോള്‍ മലയാളത്തില്‍ ഈ റോള്‍ ചെയ്ത എന്നെ തന്നെ അവര്‍ കോണ്‍ടാക്ട് ചെയ്യുകയായിരുന്നു.

ക്വീനിന്റെ മ്യൂസിക് ഡയറക്ടര്‍ ജേക്സ് ബിജോയുടെ സുഹൃത്താണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്. എന്റെ ക്യാരക്ടറിന് തമിഴില്‍ ആരും ശരിയാകാതെ വന്നപ്പോള്‍ ജേക്സ് ചേട്ടനാണ് ‘നിങ്ങള്‍ക്ക് അവനെ വച്ച് തന്നെ ചെയ്തുകൂടേ’ എന്ന് സജസ്റ്റ് ചെയ്തത്.

ജെന്‍സണ്‍ ആലപ്പാട്ട്

ഞാന്‍ തമിഴ് പറയുമോ എന്നതായിരുന്നു അവര്‍ക്കുണ്ടായിരുന്ന ഒരു കണ്‍ഫ്യൂഷന്‍. ഞാന്‍ ‘ഫ്രണ്ട്ഷിപ്പി’ന്റെ ഡയറക്ടറുമായി ഫോണില്‍ തമിഴില്‍ സംസാരിച്ചു. തുടര്‍ന്ന് അവര്‍ ഓക്കെ പറയുകയായിരുന്നു. ഇതിനു മുന്‍പ് ഞാനൊരു തമിഴ് പടം ചെയ്തിട്ടുണ്ട്. ‘ഉന്‍ കാതല്‍ ഇരുന്താല്‍’. അത് പക്ഷേ അടുത്ത മാസം റിലീസ് ചെയ്യാന്‍ ഇരിക്കുന്നതേയുള്ളൂ.

മൂന്നാഴ്ചയ്ക്കുള്ളില്‍ തന്നെ ഷൂട്ടിംഗ് തുടങ്ങി. കോവിഡിലെ ആദ്യത്തെ ലോക്ക്ഡൗണിന് തൊട്ടു മുന്‍പായി ഫെബ്രുവരിയില്‍ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് ആരംഭിച്ചു. സെക്കന്‍ഡ് ഷെഡ്യൂള്‍ പ്ലാന്‍ ചെയ്തിരുന്നത് മെയ് മാസത്തിലായിരുന്നു. പക്ഷേ ലോക്ക്ഡൗണ്‍ കാരണം നീണ്ടുപോയി. ഈ വര്‍ഷം ജൂണ്‍ മാസത്തിലാണ് ഷൂട്ടിംഗ് അവസാനിച്ചത്. മുഴുവനായും തമിഴ്നാട്ടില്‍ തന്നെയായിരുന്നു ചിത്രീകരണം.

ക്വീനിലെ ‘മാടപ്രാവ്’ എന്ന കഥാപാത്രം തമിഴിലും ജെന്‍സണ്‍ തന്നെ ചെയ്യുമ്പോള്‍ അത് ആ കഥാപാത്രത്തിന്റെ വിജയം കൂടിയായല്ലേ കണക്കാക്കേണ്ടത്?

തീര്‍ച്ചയായും. ‘ഫ്രണ്ട്ഷിപ്പി’ന്റെ അസോസിയേറ്റ് ഡയറക്ടര്‍ എന്നോട് പറഞ്ഞത്, ഈ ക്യാരക്ടറിന് വേണ്ടി അവര്‍ ഒരുപാട് പേരെ ഓഡിഷന്‍ ചെയ്തിരുന്നു. പക്ഷേ രൂപം കൊണ്ടും പെര്‍ഫോമന്‍സ് കൊണ്ടും മാടപ്രാവ് കഥാപാത്രത്തിന് പറ്റിയ ആളെ അവര്‍ക്ക് ലഭിച്ചില്ല എന്നാണ്.

ട്രെയിലര്‍ കണ്ടപ്പോള്‍ ക്വീനില്‍ നിന്നും കുറെ മാറ്റങ്ങള്‍ തമിഴിലെ ഫ്രണ്ട്ഷിപ്പിന് ഉണ്ടെന്ന് തോന്നി. അങ്ങനെ തന്നെയാണോ?

മെയിന്‍ പ്ലോട്ട് മാത്രം മലയാളത്തില്‍ നിന്ന് എടുത്ത് ബാക്കി തമിഴ് പ്രേക്ഷകര്‍ക്ക് വേണ്ടി കഥ പറയുന്ന രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ക്വീനില്‍ ഓണാഘോഷത്തിന്റെ ഒരു ഹിറ്റായ പാട്ടുണ്ട്. തമിഴിലെത്തുമ്പോള്‍ അതൊരു ഹോളി ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ ഹര്‍ഭജന്‍ സിംഗിന്റെ കൂടെയായിരുന്നല്ലോ ‘ഫ്രണ്ട്ഷിപ്പി’ന്റെ ഷൂട്ടിംഗ്. എങ്ങനെയായിരുന്നു ആ അനുഭവം?

ഞാനും ഒരു കായികതാരമാണ്. ഞാന്‍ സ്റ്റേറ്റ് ലെവലില്‍ ഫുട്ബോള്‍ കളിച്ചിട്ടുള്ള ഒരാളാണ്. ഒരു സ്പോര്‍ട്സ് താരത്തിന് എല്ലാ കായിക ഇനങ്ങളും ഇഷ്ടമായിരിക്കുമല്ലോ. ക്രിക്കറ്റൊക്കെ ഇരുന്ന് കാണുന്ന ഒരാളായിരുന്നു ഞാന്‍. ഞാന്‍ ആദ്യമായി ഒരു ഇന്റര്‍നാഷണല്‍ പ്ലെയറെ നേരിട്ട് കാണുന്നത് ‘ഭാജി’യെയാണ് (ഞങ്ങള്‍ ഭാജി എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്).

കോയമ്പത്തൂരായിരുന്നു ഫ്രണ്ട്ഷിപ്പിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഞങ്ങള്‍ ഒരുമിച്ചുള്ള ആദ്യത്തെ സീന്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഒരു ഹാപ്പി സീന്‍, അദ്ദേഹം എന്നെ കാണുമ്പോള്‍ കൈയടിക്കുന്ന ഒരു സീന്‍ ആയിരുന്നു. പക്ഷേ അദ്ദേഹം കൈയടിച്ച് നേരെ വന്ന് എന്നെ കെട്ടിപ്പിടിക്കുകയായിരുന്നു. ഞാന്‍ പെട്ടെന്ന് ഒരു നിമിഷത്തേക്ക് ഷോക്കായി പോയി.

നാല് ഷെഡ്യൂള്‍ ആയിട്ടായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. ഓരോ ഷെഡ്യൂള്‍ കഴിയുമ്പോഴും അദ്ദേഹം കൂടുതല്‍ കൂടുതല്‍ ഫ്രണ്ട്ലിയായി. എന്റെ ഷര്‍ട്ടിന്റെ പിന്‍ കേടായ സമയത്ത് അദ്ദേഹം അത് ശരിയാക്കി തന്ന സന്ദര്‍ഭമുണ്ടായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ചും അദ്ദേഹം കളിച്ചിരുന്ന സമയത്തെ കഥകളുമൊക്കെ നമ്മള്‍ ചോദിക്കാതെ തന്നെ അദ്ദേഹം പറഞ്ഞു തന്നു. ഏറ്റവും കൂടുതല്‍ സച്ചിനെക്കുറിച്ചായിരുന്നു സംസാരിച്ചത്. മാത്രമല്ല, ഷൂട്ടിംഗ് സമയത്ത് ഞങ്ങള്‍ ക്രിക്കറ്റ് കളിക്കുകയും ഞാന്‍ ബാറ്റ് ചെയ്ത സമയത്ത് അദ്ദേഹം എനിക്ക് ബൗള്‍ ചെയ്ത് തരികയും ചെയ്തു. പാടത്തും പറമ്പിലുമൊക്കെ ക്രിക്കറ്റ് കളിച്ചിരുന്ന എനിക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു അത്.

ഹര്‍ഭജന്‍ സിംഗിനൊപ്പം ജെന്‍സണ്‍ ആലപ്പാട്ട്

തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളിലൊരാളായ അര്‍ജുന്‍ സര്‍ജയും സിനിമയുടെ ഭാഗമാണല്ലോ. എങ്ങനെയായിരുന്നു അദ്ദേഹത്തോടൊപ്പമുള്ള അനുഭവം? ക്വീനിലെ ഏത് കഥാപാത്രത്തെയാണ് അദ്ദേഹം ചെയ്യുന്നത്?

അദ്ദേഹത്തിന്റെ കഥാപാത്രം സര്‍പ്രൈസ് ആണ്. അത് പ്രേക്ഷകര്‍ സിനിമ കണ്ട് തന്നെ അറിയേണ്ടതാണ്. ആകെ മൂന്ന് ദിവസം മാത്രമായിരുന്നു അദ്ദേഹത്തിന് ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ഞാനും ആ ദിവസങ്ങളില്‍ അവിടെ ഉണ്ടായിരുന്നു. ഞാന്‍ ആദ്യം തന്നെ അദ്ദേഹത്തിന്റെ ശരീരമാണ് ശ്രദ്ധിച്ചത്. ഇത്ര പ്രായമായിട്ടും അത് അങ്ങനെ നിലനിര്‍ത്തുന്നത് വലിയൊരു കാര്യമാണ്. ഷൂട്ടിംഗ് സമയത്ത് ചുറ്റുമുള്ളവരെ അദ്ദേഹം നല്ലവണ്ണം ശ്രദ്ധിക്കും, എല്ലാവരും എന്തൊക്കെയാണ് ചെയ്യുന്നതെന്ന്. എന്നിട്ട് ഒരു ചിരി ചിരിക്കും.

അദ്ദേഹത്തിന്റെ ഷൂട്ട് കഴിഞ്ഞ സമയത്ത് തന്നെ ഞാന്‍ സംസാരിച്ചിരുന്നു. ഒന്നു കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ പോലും പറ്റിയില്ലെങ്കിലും ഞാന്‍ ഹാപ്പി ആണ്. എല്ലാവര്‍ക്കും ആള്‍ ദ ബെസ്റ്റ് പറഞ്ഞ് അദ്ദേഹം പെട്ടെന്ന് തന്നെ പോയി.

ഫ്രണ്ട്ഷിപ്പിന്റെ പോസ്റ്റര്‍

ജെന്‍സണ്‍ പഠനത്തിന് ശേഷം രണ്ട് വര്‍ഷത്തോളം ജോലി ചെയ്തിരുന്നെന്നും പിന്നീട് അത് ഉപേക്ഷിച്ചാണ് മുഴുവന്‍ സമയം സിനിമയ്ക്കായി ഇറങ്ങിത്തിരിച്ചതെന്നും വായിച്ചിട്ടുണ്ട്. ജോലി രാജി വെച്ചതു മുതല്‍ ക്വീനിലെത്തുന്നതുവരെയുള്ള സമയം എങ്ങിനെയായിരുന്നു?

പഠനം കഴിഞ്ഞ് ജോലി നേടി പണമൊക്കെ സമ്പാദിച്ച് തുടങ്ങുന്ന ആ പീക് ടൈമിലാണ് ഞാന്‍ ജോലി രാജി വെച്ചത്. 2009ല്‍ ആയിരുന്നു ബാങ്കിംഗ് മേഖലയിലെ ജോലി ഉപേക്ഷിച്ചത്. ജോലിയില്ലാതെ ഓഡിഷന് പിന്നാലെ നടന്നപ്പോള്‍ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു. എന്തിനാണ് ഞാന്‍ സിനിമാ നടനാവാന്‍ ആഗ്രഹിച്ചത് എന്നുപോലും തോന്നിയിട്ടുണ്ട്.
ആ സമയത്തൊക്കെ കൂടെ നിന്നത് കുടുംബമായിരുന്നു. ആ സപ്പോര്‍ട്ട് ഇല്ലായിരുന്നെങ്കില്‍ പ്രേക്ഷകരുടെ ‘മാടപ്രാവാ’യി ഞാന്‍ ഇന്നിവിടെ ഇരിക്കില്ല.

നമ്മള്‍ സ്വപ്നം കാണുമ്പോള്‍ ഈ ലോകം മുഴുവന്‍ നമ്മുടെ കൂടെ ഇല്ലെങ്കിലും ഒരാളെങ്കിലും കൂടെ ഉണ്ടാവും എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ എനിക്ക് എല്ലാവരോടും പറയാനുള്ളതും സ്വപ്നങ്ങളുടെ പിറകെ പോകാനാണ്. അത് വഴിയില്‍ ഉപേക്ഷിക്കാനും തിരിച്ച് പോകാനും നമുക്ക് ഒരുപാട് കാരണങ്ങളുണ്ടാകും. ആ ഘട്ടത്തിലെ കഷ്ടപ്പാട് സര്‍വൈവ് ചെയ്യുക എന്നതാണ് പ്രധാനം. ആത്മഹത്യ ചെയ്യാന്‍ തോന്നിയ സമയം പോലുമുണ്ടായിരുന്നു.

ക്വീന്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് എന്റെ അമ്മ മരിക്കുന്നത്. അതിന്റെ ചടങ്ങുകളൊക്കെ കഴിഞ്ഞ് ഞാന്‍ നേരെ ഷൂട്ടിംഗില്‍ വീണ്ടും ചേരുകയായിരുന്നു. അല്ലെങ്കില്‍ തന്നെ ഒരുപാട് പ്രശ്നങ്ങള്‍ക്കിടയിലാണ് ഷൂട്ടിംഗ് നടന്നു കൊണ്ടിരുന്നത്. അതിനിടയില്‍ ഞാന്‍ കൂടെ മാറി നിന്നാല്‍ അത് ബുദ്ധിമുട്ടാവും എന്നെനിക്കറിയാമായിരുന്നു. നീ എത്ര ദിവസം കഴിഞ്ഞ് വേണമെങ്കിലും വന്നാല്‍ മതിയെന്ന് പ്രൊഡ്യൂസര്‍ പറഞ്ഞിരുന്നു. എങ്കിലും അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഞാന്‍ ഒരു നടനായി കാണുന്നത്. അതുകൊണ്ട് ഫാമിലിയില്‍ എല്ലാവരും പറഞ്ഞു നീ പെട്ടെന്ന് തന്നെ ഷൂട്ടിംഗിന് തിരിച്ചു പോവണം എന്ന്.

ഇത് കഴിഞ്ഞാണ് നിങ്ങള്‍ കാണുന്ന മാടപ്രാവായി ഞാന്‍ ചിരിച്ച് കളിച്ച് അഭിനയിച്ചത്. അതെങ്ങനെ സാധിച്ചു എന്ന് എനിക്കിപ്പോഴും അറിഞ്ഞുകൂടാ. അമ്മയുടെ അനുഗ്രഹം കൊണ്ട് തന്നെയായിരിക്കും ആ കഥാപാത്രം അങ്ങനെ ആയിത്തീര്‍ന്നത്.

പത്ത് വര്‍ഷത്തിനിടെ 3000 ഓളം ഓഡിഷനില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ക്വീനിന്റെ ഷൂട്ടിംഗ് സമയത്തും പ്രമോഷന്‍ സമയത്തുമൊക്കെ ഞാന്‍ ഓഡിഷന് പോയിട്ടുണ്ട്. അപ്പൊഴൊക്കെ പലരും എന്നോട് ചോദിച്ചിട്ടുണ്ട്, നിന്റെ പടം റിലീസ് ആവാന്‍ പോവുകയല്ലേ ഇനി എന്തിനാണ് ഓഡിഷന് പോകുന്നതെന്ന്. അപ്പൊഴൊക്കെ ഞാന്‍ പറഞ്ഞത്, ക്വീന്‍ റിലീസായി എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ട് എനിക്ക് ഓഫറുകള്‍ വരുന്നതുവരെ ഞാന്‍ ഓഡിഷന് പൊയ്ക്കൊണ്ടിരിക്കും എന്നാണ്.

വലിയ ഒരു നടനായി മാറി എന്നൊന്നും ഞാന്‍ പറയുന്നില്ല. എങ്കിലും മലയാളത്തില്‍ ആളുകള്‍ തിരിച്ചറിയുന്ന നിലയിലേക്ക് ഞാന്‍ എത്തിയിട്ടുണ്ട് എന്നത് സന്തോഷം തരുന്ന കാര്യം തന്നെയാണ്.

ക്വീന്‍ സിനിമയിലെ ഒരു രംഗം

‘ഫ്രണ്ട്ഷിപ്പി’ന് ഇതുവരെ ലഭിച്ച പ്രതികരണങ്ങള്‍ എങ്ങനെയാണ്?

കൊറോണയുടെ നിയന്ത്രണങ്ങളൊക്കെ കഴിഞ്ഞ് തിയറ്ററുകള്‍ തുറന്നിട്ടല്ലേയുള്ളൂ. 50 ശതമാനം ആളുകളെ മാത്രമേ അവിടെ പ്രവേശിപ്പിക്കുന്നുള്ളൂ. 400ല്‍ അധികം തിയറ്ററുകളിലാണ് അവിടെ റിലീസ് ചെയ്തിരിക്കുന്നത്. ഇത് വരെ കിട്ടിയ പ്രതികരണങ്ങള്‍ അനുസരിച്ച് ശനി, ഞായര്‍ ദിവസങ്ങളിലാണ് ഫാമിലി ഓഡിയന്‍സ് തിയറ്ററില്‍ കൂടുതല്‍ എത്തുന്നത്.

മലയാളത്തില്‍ വൈകാതെ ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ കൂടുതല്‍ വിവരങ്ങള്‍ എനിക്കും ലഭ്യമായിട്ടില്ല. ഇവിടെയും എത്രയും പെട്ടെന്ന് തിയറ്ററുകള്‍ തുറക്കും എന്ന് തന്നെയാണ് പ്രതീക്ഷ. അഭിനയിച്ച് വെച്ചിട്ടുള്ള എത്രയോ കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ എത്തിക്കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. ഒരുപാട് പേര്‍ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്.

സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നല്ലോ ക്വീന്‍. സിനിമയ്ക്ക് ശേഷവും അതിലെ അഭിനേതാക്കള്‍ ആ സൗഹൃദം തുടരുന്നുണ്ടോ? പല അവാര്‍ഡ് ഷോകളിലും നിങ്ങളില്‍ പലരും ഒരുമിച്ച് പങ്കെടുക്കുന്നത് കണ്ടിരുന്നു. ഇപ്പോഴും ആ ടീം അതുപോലെ തന്നെ ഉണ്ടോ?

തീര്‍ച്ചയായും ഉണ്ട്. എറണാകുളത്ത് എത്തുമ്പോഴൊക്കെ ഞങ്ങള്‍ പരസ്പരം കാണാറുണ്ട്. പ്രധാന കഥാപാത്രങ്ങള്‍ക്ക് പുറമേ ഓഡിഷന്‍ വഴി തന്നെ വന്ന മറ്റ് ചില പുതുമുഖങ്ങളും ഉണ്ട് ക്വീനില്‍. ഞങ്ങള്‍ക്ക് വാട്സ്ആപ്പ് ഗ്രൂപ്പുമുണ്ട്. ശരിക്കും കോളേജില്‍ പോകുന്ന ഒരു ഫീല്‍ ആയിരുന്നു ക്വീനിന്റെ ഷൂട്ടിംഗ് സമയം.

ക്വീന്‍ റിലീസായി കഷ്ടിച്ച് ഏകദേശം ഒരു മാസത്തോളം എല്ലാവരും പ്രമോഷന് വേണ്ടി ഉണ്ടാവണം എന്നതായിരുന്നു പറഞ്ഞിരുന്നത്. അവാര്‍ഡ് ഷോകളില്‍ ഒരുമിച്ച് പോകണമെന്ന് ഞങ്ങളെല്ലാവരും ആഗ്രഹിച്ചിരുന്നു. കാരണം സിനിമ സ്വപ്നം കണ്ട് നടന്നിരുന്ന കാലത്തൊക്കെ ഇങ്ങനെ പരിപാടികളില്‍ പങ്കെടുക്കണം എന്ന് വലിയ ആഗ്രഹമായിരുന്നു.

ക്വീന്‍ ടീമിലെ പലരും പിന്നീട് പല അവാര്‍ഡ് ഷോകളിലും ഒരുമിച്ച് പോയി. പക്ഷേ എന്റെ കാര്യത്തില്‍ നടന്നതെന്താണെന്ന് വെച്ചാല്‍ ക്വീന്‍ റിലീസ് ചെയ്ത ഉടനെ തന്നെ എനിക്ക് അടുത്ത പടത്തിലേക്ക് ഓഫര്‍ വന്നു. അങ്ങനെ പ്രമോഷന്‍ കഴിഞ്ഞതിന്റെ തൊട്ടുപിറകെ തന്നെ ഞാന്‍ അതില്‍ ജോയിന്‍ ചെയ്യുകയായിരുന്നു. അതുകൊണ്ട് എനിക്ക് അവാര്‍ഡ് ഷോകളൊക്കെ മിസ് ആയി.

ആ സിനിമയുടെ ഷൂട്ടിംഗിനിടയിലും ഇവരൊക്കെ അവാര്‍ഡ് ഫങ്ഷന് പോയ വീഡിയോ കണ്ടിട്ട് വിഷമിച്ചിട്ടുണ്ട്. പക്ഷേ ആ നഷ്ടത്തിനിടയിലും ക്വീനിന് പിന്നാലെ തന്നെ മറ്റൊരു സിനിമയില്‍ അവസരം കിട്ടിയത് സന്തോഷം തരുന്ന ഒരു കാര്യം തന്നെയായിരുന്നു.

എപ്പോഴായിരുന്നു ഈ സിനിമയോടുള്ള അഭിനിവേശം തുടങ്ങിയത്? ചെറുപ്പത്തിലേ അഭിനയിക്കുമായിരുന്നോ?

നാടകങ്ങളിലൂടെയാണ് എനിക്ക് സിനിമാ മോഹം തുടങ്ങിയത്. തൃശൂര്‍ ജില്ലയിലെ അവണൂരാണ് എന്റെ നാട്. നാടകങ്ങളുടെ ഒരു കേന്ദ്രമാണ് ഇവിടെ. എട്ടാം വയസില്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ നാടകത്തില്‍ അഭിനയിച്ച് തുടങ്ങിയത്. അന്ന് ഒരുപാട് പേര്‍ എനിക്ക് പ്രോത്സാഹനം തന്നു. പിന്നീട് പ്രൊഫഷണല്‍ നാടകങ്ങളുടെ ഭാഗമായി കേരളത്തിന് പുറത്തൊക്കെ പോയിട്ടുണ്ട്.

ഇപ്പോള്‍ ഞാന്‍ സിനിമയിലെത്തിയത് കൊണ്ട്, നാട്ടിലുള്ള നാടക ട്രൂപ്പുകളിലെ ആളുകള്‍ക്കും അതൊരു പ്രചോദനമാകുമെന്നാണ് കരുതുന്നത്.

ഇതുവരെ എത്ര സിനിമകള്‍ ചെയ്തു? വരാനിരിക്കുന്ന പ്രൊജക്ടുകള്‍ ഏതൊക്കെയാണ്?

ഇതുവരെ ആകെ 20 ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. 2 തമിഴ് പടങ്ങളാണ് ചെയ്തത്, ബാക്കിയെല്ലാം മലയാളത്തിലാണ്. കപ്പേളയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഫ്രാന്‍സിസ് ജോസഫ് ജീര സംവിധാനം ചെയ്യുന്ന ‘ത തവളയുടെ ത’ എന്ന സിനിമ ഇനി ചെയ്യാനുണ്ട്. അതിലേക്കായിരിക്കും ഇനി ജോയിന്‍ ചെയ്യുക.

കബീര്‍ പുഴമ്പ്രം സംവിധാനം ചെയ്യുന്ന ‘ലാല്‍ ജോസ്’ എന്ന ചിത്രം ചെയ്തു. ആസിഫ് അലി-രജിഷ വിജയന്‍ കൂട്ടുകെട്ടിലുള്ള ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലും ഒരു വേഷം ചെയ്തിട്ടുണ്ട്. ആസിഫ്ക്കയുടെ സുഹൃത്തായ ജോമോന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. പിന്നെ ധ്യാന്‍ ശ്രീനിവാസനൊപ്പം ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന പടത്തിന്റെയും ഭാഗമായി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Jensen Alappat speaks about his new movie friendship

നീതു രമമോഹന്‍
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.