| Tuesday, 12th May 2026, 5:00 pm

ട്വിസ്റ്റും സസ്‌പെൻസും പ്രതീക്ഷിച്ചു വരുന്നവർ നിരാശരാവും, സസ്‌പെൻസ് ത്രില്ലർ എന്നത് ഉൾക്കൊള്ളാനാവുന്നില്ല: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ത്രില്ലറുകളിലൊന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013 ഇൽ പുറത്തിറങ്ങിയ ദൃശ്യം. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിലെ ജോർജ് കുട്ടിയേയും കുടുബത്തെയും ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒ.ടി.ടിയിൽ വൻ ഹിറ്റായി മാറിയിരുന്നു.

ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തിന്റെ ട്രെയ്ലർ പുറത്തുവരുമ്പോൾ വലിയ ആകാംക്ഷയിലാണ് സിനിമാലോകം. ദൃശ്യം 3 നെ കുറിച്ച് കൃത്യമായൊരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.

ദൃശ്യം ഒന്നും രണ്ടും കുറേയേറെ സസ്പെൻസുകളും ട്വിസ്റ്റുകളും നിറഞ്ഞാതായിരുന്നുവെന്നും, ദൃശ്യം 3 സസ്പെൻസ് ത്രില്ലർ എന്നതിനപ്പുറം ഒരു ഫാമിലി ഡ്രാമയാണെന്നും അദ്ദേഹം പറയുന്നു. സസ്‌പെൻസും ട്വിസ്റ്റും പ്രതീക്ഷിച്ചു പോകുന്നവർക്ക് നിരാശയായിരിക്കും ഫലം എന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു.

ദൃശ്യം 3. Photo: IMDB

ദൃശ്യം ഫ്രാഞ്ചൈസി  ഒരു ഇമോഷണൽ ഫാമിലി ഡ്രാമയാണ്. പക്ഷെ കഥാഗതിയിലെ ചില സംഭവങ്ങൾ പ്രേക്ഷകരെ സർപ്രൈസ് ചെയ്യിപ്പിച്ചിട്ടുണ്ട്. ട്വിസ്റ്റ്, സസ്പെൻസ് എന്നൊക്കെ പറയുമ്പോൾ അതിന്റെ ഇമോഷണൽ ഘടകങ്ങൾ താഴെ പോകുന്നു. അതിനും മുകളിൽ ആണ് അതിന്റ ഇമോഷണൽ ആംഗിൾ. ഇപ്പോൾ ദൃശ്യം എന്ന് പറഞ്ഞാൽ സസ്പെൻസ് ത്രില്ലെർ ആയി മാറി. സംവിധായകൻ എന്ന നിലയിൽ എനിക്ക് അത് ഒട്ടും ഉൾകൊള്ളാൻ കഴിയുന്നില്ല.

ഇത് രണ്ട് കുടുംബത്തിന്റെ കഥയാണ്. രണ്ട്‌ പേരുടെയും ഭാഗത്തും ശരിയുണ്ട്. ഗീതാ പ്രഭാകറിനെ കുറ്റം പറയാൻ കഴിയില്ല, മകനെ കണ്ടെത്തണം. റാണിയെയും ജോർജുകുട്ടിയെയും കുറ്റം പറയാൻ കഴിയില്ല അവരുടെ മകളെ സംരക്ഷിക്കണം. ദൃശ്യം മൂന്നിൽ കുറച്ചു കൂടി ജോർജുകുട്ടിയുടെ ഇമോഷൻസിനാണ് പ്രാധാന്യം.

രണ്ടാം ഭാഗം ഒരു അവസാനമാണ്. ജോർജുകുട്ടി ഒരിക്കലും ഇനി അവർ വരില്ല,ഇത് തീർന്നു എന്ന് വിശ്വസിക്കുന്നില്ല. പൊലിസ് സ്റ്റേഷനിൽ ബോഡി വെച്ചപ്പോളും,ബോഡി അവിടെ നിന്നും എടുത്താൽ ഞാൻ തയ്യാറെടുത്തിരിക്കണം. ഇനി എങ്ങനെ ഒക്കെ അവർ വരും. വന്നാൽ എന്ത് ചെയ്യും എന്ന ചിന്തയിൽ ആണ്.

വീടിന് ചുറ്റും ഒരനക്കം വന്നാൽ പോലും അയാൾ ഭയപ്പെടും. സമാധാനം നഷ്ടപ്പെടും. പ്രായത്തിന്റെ മാറ്റമനുസരിച്ച് ഉൾ ഭയം കൂടി വരുന്നു. ഇങ്ങനെ ജോർജ് കുട്ടിയിലുള്ള സംഘർഷങ്ങളിൽ ആണ് ദൃശ്യം 3 നിൽക്കുന്നത്. ചില സംഭവബഹുലമായ കാര്യങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ പ്രാധാന്യം ജോർജുകുട്ടിക്കാണ്. അതുകൊണ്ട് ട്വിസ്റ്റും സസ്‌പെൻസും മാത്രം പ്രതീക്ഷിച്ചു വരുന്നവർ ഡിസപ്പോയിന്റഡ് ആവും’ ജീത്തു ജോസഫ് പറയുന്നു.

ദൃശ്യം 2. Photo: IMDB

ചുരുക്കത്തിൽ, വെറും കയ്യടികൾക്കും ട്വിസ്റ്റുകൾക്കും വേണ്ടിയുള്ള ഒരു സാധാരണ ത്രില്ലർ ചിത്രമല്ല ‘ദൃശ്യം 3’ എന്ന് സംവിധായകൻ വ്യക്തമാക്കുന്നു. ഈ മാസം 21ന് ആണ് ദൃശ്യം 3 തിയേറ്ററ്ററുകളിലെത്തുന്നത്. 12 വർഷങ്ങളായുള്ള ജോർജ് കുട്ടിയുടെ പോരാട്ടം ഇത്തവണ പര്യവസാനിക്കുമോ എന്ന് കണ്ടറിയാം.

Content Highlight: Jeethu Jospeh talks about the setting of drishyam 3

We use cookies to give you the best possible experience. Learn more