വലതുവശത്തെ കള്ളന്‍ ത്രില്ലറാണെന്ന് പ്രതീക്ഷിച്ച് പോയാല്‍ ഞെട്ടും; ഈ കഥ എടുക്കാന്‍ ഒരു കാരണമുണ്ട്: ജീത്തു ജോസഫ്
Malayalam Cinema
വലതുവശത്തെ കള്ളന്‍ ത്രില്ലറാണെന്ന് പ്രതീക്ഷിച്ച് പോയാല്‍ ഞെട്ടും; ഈ കഥ എടുക്കാന്‍ ഒരു കാരണമുണ്ട്: ജീത്തു ജോസഫ്
ഐറിന്‍ മരിയ ആന്റണി
Thursday, 29th January 2026, 11:40 am

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ബിജു മേനോനും ജോജു ജോര്‍ജും  പ്രധാനവേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വലതുവശത്തെ കള്ളന്‍.

‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെ
എത്തുന്ന ചിത്രത്തില്‍ ലെന, ലിയോണ, ഗോകുല്‍, ഇര്‍ഷാദ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലനാണ്.

Photo: ബിജു മേനോന്‍/ character poster

സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തില്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്. ത്രില്ലറാണെന്ന് വിചാരിച്ച് പോയാല്‍ ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തുമെന്ന് അദ്ദേഹം പറയുന്നു.

‘വലതുവശത്തെ കള്ളന്‍ ത്രില്ലര്‍ ആണെന്ന് പ്രതീക്ഷിച്ചു പോയാല്‍ നിങ്ങള്‍ ഞെട്ടും. ഈ സിനിമ യഥാര്‍ത്ഥത്തില്‍ ത്രില്ലര്‍ അല്ല, ഇതൊരു ഇമോഷണല്‍ ട്രാവലാണ്. എന്നാല്‍ അതില്‍ ക്രൈമും ഉണ്ട്.

ഇന്‍വെസ്റ്റിഗേഷനും സിനിമയില്‍ കടന്നു പോകുന്നുണ്ട്. അതിനേക്കാളുപരി കഥാപാത്രങ്ങളുമായി കണക്ട് ആയി കിടക്കുന്ന സിനിമയാണ് വലതുവശത്തെ കള്ളന്‍. കഥാപാത്രങ്ങളുടെ ഇമോഷന്‍സിലൂടെയാണ് കഥ പോകുന്നത്.

ലിയോണ അവതരിപ്പിക്കുന്ന വിദ്യ എന്ന കഥാപാത്രം ഹയറാര്‍ക്കിയുടെ ഒരു ഭാഗമായിട്ട് പലതും കാണുകയും പ്രതികരിക്കണം എന്ന് വിചാരിക്കുകയും ചെയ്യുന്ന ആളാണ്. എന്നാല്‍ അവര്‍ക്ക് അതിന് പറ്റില്ല. അതൊരു സൈലന്റ് സട്ടില്‍ ഇമോഷനാണ്. അത് മുഖത്ത് മാത്രമേ എക്‌സ്പ്രസ് ചെയ്യാന്‍ കഴിയുകയുള്ളൂ. പുറമേ അവര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി ചെയ്യുകയും ചെയ്യും,’ ജീത്തു പറയുന്നു.

ഗോകുലിന്റെയും ലെനയുടെയും കഥാപാത്രത്തിന് അവരുടേതായ ഇമോഷന്‍സ് കഥയില്‍ ഉണ്ടെന്നും അത്തരത്തില്‍ എല്ലാ കഥാപാത്രങ്ങളിലൂടെയുമുള്ള ഇമോഷണല്‍ ജേണിയാണ് വലതുവശത്തെ കള്ളനെന്നും ജീത്തു  കൂട്ടിച്ചേര്‍ത്തു.

അധികം സസ്‌പെന്‍സൊന്നും ഈ സിനിമയില്‍ ഇല്ലെന്നും സിനിമ തുടങ്ങി കുറച്ചുനേരത്തിനകം കഥയിലേക്ക് എല്ലാവരും ഇന്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു.

ഡിനു തന്റെ അടുത്ത് കഥ പറയാന്‍ വന്നപ്പോള്‍ ടിപ്പിക്കല്‍ ത്രില്ലര്‍ ആകുമെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്നും എന്നാല്‍ അങ്ങനെ അല്ല ഈ സിനിമയെന്നും ജീത്തു പറഞ്ഞു. വലതുവശത്തെ കള്ളന്‍ താന്‍ തെരഞ്ഞെടുക്കാനുള്ള കാരണം അത് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്റേതായി വന്ന ട്രെയ്‌ലറും പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ നാളെ ( ജനുവരി 30) തിയേറ്ററുകളില്‍ എത്തും.

അതേസമയം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3 ഏപ്രില്‍ രണ്ടിനാണ് തിയേറ്ററുകളില്‍ എത്തുന്നത്.

Content Highlight:  Jeethu Joseph talks about the movie valathu vashathe kallan

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.