ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു ദൃശ്യം. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ എന്നിവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.
അവര്‍ക്ക് പുറമെ ആശ ശരത്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, നീരജ് മാധവ് തുടങ്ങിയ വന്‍ താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്. മലയാളത്തില്‍ വലിയ വിജയമായ ദൃശ്യത്തിന് 2021ല്‍ തുടര്‍ച്ചയെന്നോണം രണ്ടാം ഭാഗവും ഉണ്ടായിരുന്നു.
ജോര്‍ജുകുട്ടി എന്ന കഥാപാത്രമായിട്ടായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചത്. ദൃശ്യം പിന്നീട് വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. 2015ല്‍ ആയിരുന്നു തമിഴില്‍ പാപനാസം എന്ന പേരില്‍ എത്തിയ ചിത്രത്തില്‍ കമല്‍ ഹാസന്‍ അഭിനയിക്കുന്നത്.
‘ദൃശ്യം ഇറങ്ങിയ സമയത്ത് തമിഴില്‍ നിന്ന് രണ്ടുപേരാണ് ആ സിനിമ കണ്ടത്. സുരേഷ് ബാലാജി സാര്‍ (നിര്‍മാതാവ്) രണ്ടുപേരെയാണ് ആ സിനിമ കാണിച്ചത്. രജിനി സാറിനും കമല്‍ സാറിനുമാണ് അദ്ദേഹം ദൃശ്യം കാണിച്ചു കൊടുത്തത്.
രജിനി സാറിന് സിനിമ കാണിച്ച ശേഷം സുരേഷ് ബാലാജി സാര്‍ എന്നോട് സംസാരിച്ചിരുന്നു. രജിനി സാര്‍ അദ്ദേഹത്തിന്റെ ഹോം തിയേറ്ററില്‍ പടം കണ്ടുവെന്നും കണ്ട ശേഷം അരമണിക്കൂറോളം ഒന്നും മിണ്ടാതെ അങ്ങനെ ഇരുന്നുവെന്നും സുരേഷ് സാര്‍ പറഞ്ഞു.
പിന്നീട് സുരേഷ് സാറിനെ വിളിച്ചിട്ട് ‘ഈ പടം എനിക്ക് ഒരുപാട് ഇഷ്ടമായി. പക്ഷെ ഒരൊറ്റ പ്രശ്‌നം മാത്രമേയുള്ളൂ. ഹീറോയെ പൊലീസ് അടിക്കുന്നുണ്ട്. അത് എന്റെ ഓഡിയന്‍സ് എങ്ങനെയെടുക്കുമെന്ന് അറിയില്ല’ എന്നായിരുന്നു പറഞ്ഞത്.
‘ഈ സിനിമ നിങ്ങള്‍ ചെയ്യണമെന്ന് എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു. എനിക്ക് ചെയ്യാമെന്നാണ് തോന്നുന്നത്’ എന്നായിരുന്നു രജിനി സാര്‍ പറഞ്ഞത്. പക്ഷെ അപ്പോഴേക്കും കമല്‍ സാറിനെ വെച്ച് സിനിമ ചെയ്യാന്‍ ഞങ്ങള്‍ പ്ലാനിട്ട് തുടങ്ങിയിരുന്നു.
അത് അറിഞ്ഞതും ‘അതില്‍ കുഴപ്പമില്ല. നിങ്ങള്‍ ചെയ്‌തോളൂ. ഓള്‍ ദി ബെസ്റ്റ്’ എന്നാണ് രജിനി സാര്‍ പറഞ്ഞത്. അങ്ങനെയാണ് പാപനാസം സിനിമ നടക്കുന്നത്. മലയാളത്തില്‍ ദൃശ്യം വലിയ ഹിറ്റായത് കൊണ്ടാണ് റീമേക്ക് ചെയ്യാനുള്ള അവസരം വന്നത്,’ ജീത്തു ജോസഫ് പറയുന്നു.
Content Highlight: Jeethu Joseph Talks About Rajinikanth, Kamal Haasan And Papanasam Movie