മെമ്മറീസിനും ഊഴത്തിനും ശേഷം പൃഥ്വിയെ നായകനാക്കാന്‍ ജീത്തു ജോസഫ്? സൂചന നല്‍കി സംവിധായകന്‍
Malayalam Cinema
മെമ്മറീസിനും ഊഴത്തിനും ശേഷം പൃഥ്വിയെ നായകനാക്കാന്‍ ജീത്തു ജോസഫ്? സൂചന നല്‍കി സംവിധായകന്‍
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 4th June 2026, 6:02 pm

ത്രില്ലര്‍ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ സംവിധായകനാണ് ജീത്തു ജോസഫ്. മലയാള സിനിമയെ ലോകസിനിമയില്‍ അടയാളപെടുത്തിയ ക്രൈം ത്രില്ലറായ ദൃശ്യത്തിലൂടെ ജീത്തു വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം കണ്ടിരിക്കുന്ന പ്രേക്ഷകര്‍ ഒരു തരത്തിലും മനസില്‍ പോലും വിചാരിക്കാത്ത വിധത്തിലുളള ട്വിസ്റ്റുകളാണ് തിരക്കഥാകൃത്ത് കൂടിയായ ജീത്തു തന്റെ ചിത്രങ്ങളില്‍ ഉള്‍പെടുത്താറുള്ളത്.

ദൃശ്യത്തിന്റെ മൂന്ന് ഭാഗങ്ങളും കേരളത്തില്‍ വന്‍ വിജയമാണെങ്കിലും ജീത്തു ജോസഫിന്റെ ഫിലിമോഗ്രാഫിയില്‍ ഒട്ടനവധി പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ച ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി 2013ല്‍ പുറത്തിറങ്ങിയ മെമ്മറീസ്. സാം അലക്സ് എന്ന പൃഥ്വിരാജ് അവതരിപ്പിച്ച പൊലീസ് കഥാപാത്രം താരത്തിന്റെ കരിയറിലെ മികച്ച പെര്‍ഫോമന്‍സുകളില്‍ ഒന്ന് കൂടിയായിരുന്നു. ചിത്രത്തിന് പിന്നാലെ ഇതേ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മറ്റൊരു ചിത്രമായിരുന്നു 2013ല്‍ പുറത്തിറങ്ങിയ ഊഴം.

മെമ്മറീസ്. Photo: Jio hotstar

ദൃശ്യം 3യുടെ വിജയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജുമൊത്ത് മറ്റൊരു ചിത്രം ചെയ്തേക്കുമെന്നുള്ള സൂചന നല്‍കുന്ന ജീത്തു ജോസഫിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതിന് പുറമെ കരിയറില്‍ വരാനിരിക്കുന്ന മറ്റ് പ്രൊജക്ടുകളെ കുറിച്ചും സംവിധായകന്‍ ചര്‍ച്ച ചെയ്തു.

‘വരാനിരിക്കുന്ന പ്രൊജക്ടുകള്‍ ഒരുപാടുണ്ട്. അടുത്തതായി നേരിന്റെ തിരക്കഥാകൃത്തായ ശാന്തിയുടെ കെയര്‍ ഓഫില്‍ വന്ന ഒരു തെലുങ്ക് പ്രൊജക്ടുണ്ട്. ശാന്തിയുടെ തന്നെ കഥയാണ്. ഇത് കൂടാതെ അവര്‍ തന്നെ എഴുതിവെച്ച ഒരു ലീഗല്‍ ഡ്രാമയുണ്ട്. പിന്നെ രാജുവിന്, ‘ഹു ഡണ്‍ ഇറ്റ്’ അതായത് ഞാന്‍ പണ്ട് ഡിക്ടറ്റീവും 12ത് മാനും എല്ലാം ചെയ്ത പോലെ ആ പാറ്റേണില്‍ ഒരു കഥയുണ്ട്. ഇതിനെല്ലാം പുറമെ ഴോണര്‍ മാറി ചില ചിന്തകള്‍ മനസിലുണ്ട്. ഇതെല്ലാം വര്‍ക്ക് ചെയ്തെടുക്കണം,’ ജീത്തു ജോസഫ് പറഞ്ഞു.

ദൃശ്യം 3. Photo: District

വലിയ ഹൈപ്പിലെത്തിയ ജീത്തു ജോസഫിന്റെ ദൃശ്യം 3 ബോക്സ് ഓഫീസില്‍ നിന്നും രണ്ടാഴ്ച്ചയ്ക്കുള്ളില്‍ 225 കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ 222 കോടി നേടിയ വാഴ 2വിന്റെ കളക്ഷന്‍ ഭേദിച്ച് മുന്നേറുകയാണ് ദൃശ്യം 3.

Content Highlight: Jeethu Joseph talks about his upcoming projects and movie with prathviraj

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.