മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചൈസിയാണ് ‘ദൃശ്യം’. 2013-ൽ ആരംഭിച്ച ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും യാത്ര 13 വർഷങ്ങൾക്കിപ്പുറം ‘ദൃശ്യം 3’ൽ എത്തിനിൽക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ അണിയിച്ചൊരുക്കിയ ദൃശ്യം ഫ്രാഞ്ചൈസി വലിയ ലാഭമാണ് നിർമാണ കമ്പനിക്ക് നേടിക്കൊടുത്തത്.
ജോർജുകുട്ടിയുടെ ആദ്യവരവിനേക്കാൾ റെക്കോഡ് കളക്ഷനാണ് ഈ മൂന്നാം വരവിൽ ചിത്രം നേടുന്നത്. ബോക്സ് ഓഫീസിൽ പുതിയ റെക്കോഡുകൾ തിരുത്തിക്കുറിച്ച് ‘ദൃശ്യം 3’ ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഏറെ ആകാംക്ഷൾക്കും പ്രതീക്ഷകൾക്കും ഒടുവിൽ ചിത്രം തിയേറ്ററുകളിൽ എത്തിയപ്പോൾ, റെക്കോഡ് കളക്ഷൻ മാറ്റിനിർത്തിയാൽ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. മൂന്നാം ഭാഗം
പൂർണമായി ഉൾക്കൊള്ളാൻ സാധിക്കാത്തവരും, ‘ദൃശ്യം 3’ന്റെ ആവശ്യമില്ലായിരുന്നു എന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.
എന്നാൽ നെഗറ്റീവ് പ്രതികരണങ്ങളെ പൂർണമായി തള്ളിക്കളയാൻ സംവിധായകൻ ജീത്തു ജോസഫ് തയ്യാറായിട്ടില്ല. ദൃശ്യം എന്ന ചിത്രം തന്റേതാണെന്നും അത് എങ്ങനെ അവതരിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എഴുത്തുകാരനായ തനിക്കുണ്ടെന്നും ജീത്തു വ്യക്തമാക്കിയിരുന്നു. പലവിധ എതിരഭിപ്രായങ്ങൾ നിലനിൽക്കുമ്പോഴും ‘ദൃശ്യം 3’ ബോക്സ് ഓഫീസിൽ വൻ നേട്ടമാണ് കൊയ്യുന്നത്. അതുകൊണ്ടുതന്നെ ചിത്രം ഒരു വലിയ വിജയമായാണ് താൻ കാണുന്നതെന്ന് ജീത്തു പറയുന്നു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജോർജുകുട്ടി ഒരു സൂപ്പർ ഹീറോ അല്ല. ‘ദൃശ്യം’ ഒന്നാം ഭാഗത്തിൽ അയാളുടെ പ്രശ്നങ്ങളും ക്ലൈമാക്സിലെ അപ്രതീക്ഷിത നീക്കങ്ങളും പ്രേക്ഷകർ ആദ്യമായി കാണുന്നതുകൊണ്ടാണ് അത് വലിയ ആവേശമായത്. എന്നാൽ രണ്ടും മൂന്നും ഭാഗങ്ങളിലേക്ക് എത്തുമ്പോൾ അയാൾ എന്തെങ്കിലും ചെയ്യുമെന്ന മുൻവിധിയോടെയാണ് പ്രേക്ഷകർ വരുന്നത്.
ദൃശ്യം 3.Photo:Youtube
മൂന്നാം ഭാഗത്തിൽ സർപ്രൈസ് ഘടകങ്ങളുണ്ടെങ്കിലും അത് മറ്റൊരു രീതിയിലാണ്; ഇവിടെ ജോർജുകുട്ടിക്ക് പകരം മറ്റൊരാളാണ് പ്ലാനിങ് നടത്തുന്നത്, അതിനെയാണ് അയാൾ ചെറുക്കുന്നത്. ഈ വ്യത്യാസം കൊണ്ട് ചിലർക്ക് മുൻഭാഗങ്ങളായിരിക്കാം കൂടുതൽ ഇഷ്ടപ്പെട്ടത്. എങ്കിലും ഭൂരിഭാഗം പേരും മൂന്നാം ഭാഗത്തെ സ്വീകരിച്ചതുകൊണ്ടാണ് ചിത്രത്തിന് ഇത്രയധികം കളക്ഷൻ നേടാനായത്.
തിരക്കഥ എഴുതിയ സമയത്ത് ചിലപ്പോൾ ചിത്രം അധികം ഓടില്ല എന്ന് കരുതിയിരുന്നെങ്കിലും, ഇതൊരു നല്ല സിനിമയായിരിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ജോർജുകുട്ടിയുടെ ഈയൊരു ആംഗിൾ പറയണമെന്ന് ആഗ്രഹിച്ചതുകൊണ്ട് എഴുതിക്കഴിഞ്ഞപ്പോൾ നല്ല കോൺഫിഡൻസ് തോന്നി.
എന്നിരുന്നാലും പ്രേക്ഷകരുടെ പ്രതീക്ഷകൾ തെറ്റിയേക്കാമെന്ന് കരുതിയാണ് അമിത പ്രതീക്ഷ വേണ്ടെന്ന് ആദ്യം മുതലേ പറഞ്ഞത്. അപ്പോഴും ഞാൻ ചിന്തിച്ചത്, വലിയ തുക നിർമാണത്തിനായി വേണ്ടി വരാത്ത ഒരു മോഹൻലാൽ ചിത്രമായതിനാൽ എങ്ങനെ വന്നാലും നിർമാതാവ് ആന്റണി സേഫ് ആയിരിക്കും എന്നാണ്. ആ ഒരു ഉറപ്പിലാണ് ഞാൻ ‘ദൃശ്യം 3′ ചെയ്തത്,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu Joseph talks about drishyam 3