ചുരുങ്ങിയ കാലം കൊണ്ട് മോളിവുഡില്‍ സ്വന്തമായൊരു ബ്രാന്‍ഡായി മാറിയ സംവിധായകനാണ് ജീത്തു ജോസഫ്. മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളിലൂടെ ത്രില്ലര്‍ സിനിമകള്‍ക്ക് ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കാന്‍ ജീത്തു ജോസഫിന് സാധിച്ചു. എന്നാല്‍ ജീത്തുവിന്റേതായി അവസാനം പുറത്തിറങ്ങിയ ചില ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശ്രദ്ധ നേടിയില്ല.
മികച്ച പൊട്ടന്‍ഷ്യലുണ്ടായിട്ടും മോശം മേക്കിങ് കാരണമാണ് ഈ ചിത്രങ്ങള്‍ പിന്നോട്ടുപോയത്. സോഷ്യല്‍ മീഡിയയിലും ചിത്രത്തിനെതിരെ പലരും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്രയും വിമര്‍ശനങ്ങള്‍ക്കിടയിലും ജീത്തുവിന്റെ അടുത്ത ചിത്രമായ ദൃശ്യം 3ക്ക് വേണ്ടി സിനിമാലോകം മുഴുവന്‍ കാത്തിരിക്കുകയാണ്.
ജീത്തു ജോസഫ് Photo: screen grab/ TNIE Kerala
സിനിമകളിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനെക്കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്. പൊളിറ്റിക്കല്‍ കറക്ട്‌നെസ് കാരണം എഴുത്തുകാരുടെ ക്രിയേറ്റീവ് ഫ്രീഡം ബാധിക്കപ്പെടുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്ന് പറഞ്ഞാല്‍ എന്താണെന്ന് പോലും തനിക്കറിയില്ലെന്ന് ജീത്തു പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു ജീത്തു.
‘സത്യം പറഞ്ഞാല്‍ ഈ പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്താണെന്ന് അറിഞ്ഞുവരുന്നതേയുള്ളൂ. മുഴവനായി അത് അറിയാന്‍ എനിക്ക് സാധിച്ചിട്ടില്ല. ആ ഒരു കാര്യത്തില്‍ ഞാന്‍ കുറച്ച് പിറകോട്ടാണ്. ഞാനിപ്പോള്‍ മനസിലാക്കിയതില്‍ കുറച്ചുകാര്യങ്ങള്‍ വെച്ച് പൊളിറ്റിക്കല്‍ കറക്ട്‌നെസ് നല്ലതാണ്. പക്ഷേ, ചില കാര്യങ്ങളില്‍ ഇത് ഇത്തരി ഓവറാകുന്നുണ്ടോ എന്നൊരു സംശയം.
ജീത്തു ജോസഫ് Photo: screen grab/ Galatta Plus
ചെറിയ കാര്യങ്ങള്‍ക്ക് പോലും ഓവറായി പ്രൊജക്ട് ചെയ്യപ്പെടുന്നുണ്ടോ എന്ന് തോന്നാറുണ്ട്. ഒരുപക്ഷേ, ഞാന്‍ വളര്‍ന്നുവന്ന സാഹചര്യം കൊണ്ടായിരിക്കാം അത്. പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനോട് എതിര്‍പ്പില്ല. പക്ഷേ, അതിനോട് ചെറിയ അഭിപ്രായവ്യത്യാസമുണ്ട്. ചില ആരോപണങ്ങള്‍ ജെനുവിനാകാം. പക്ഷേ, അറ്റന്‍ഷന്‍ ലഭിക്കാന്‍ വേണ്ടി ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്,’ ജീത്തു ജോസഫ് പറയുന്നു.
ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയും മീന അവതരിപ്പിച്ച റാണിയും തമ്മിലുള്ള സീനില്‍ ബലാത്സംഗത്തെ നോര്‍മലൈസ് ചെയ്തുകൊണ്ട് ഡയലോഗുണ്ട്. ഈ ഡയലോഗിനെ വിമര്‍ശിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പ്രതികരണത്തില്‍ തന്റെ നിലപാട് ജീത്തു ജോസഫ് വ്യക്തമാക്കുന്നുണ്ട്.
‘അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഈ നാട്ടില്‍ എല്ലാവര്‍ക്കുമുണ്ട്. ദൃശ്യത്തിനെതിരെ ആദ്യമായിട്ടല്ല വിമര്‍ശനങ്ങള്‍ വരുന്നത്. ആദ്യമൊക്കെ ക്രൈമിനെ ഗ്ലോറിഫൈ ചെയ്യുന്നെന്നായിരുന്നു വിമര്‍ശനം. അതേ സിനിമയില്‍ തനിക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നത്തെക്കുറിച്ച് ഒരു പെണ്‍കുട്ടി തന്റെ അമ്മയോട് തുറന്നുപറയുന്നുണ്ട്. അങ്ങനെ പറയാന്‍ ഇന്നത്തെ പെണ്‍കുട്ടികളെ പഠിപ്പിക്കണമെന്ന് ആ സിനിമ പറയുകയാണ്,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Jeethu Joseph shares his view on Political correctness