| Friday, 4th July 2025, 6:56 pm

എനിക്ക് കംഫേര്‍ട്ടബിളായ നടന്‍; മോഹന്‍ലാലിനെ പോലെ വേര്‍സറ്റൈല്‍ ആക്ടറാണ് അയാള്‍: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട സംവിധായകനാണ് ജീത്തു ജോസഫ്. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഏറെ സ്വീകാര്യത ലഭിച്ച ഒന്നാണ് ദൃശ്യം. മോഹന്‍ലാല്‍ നായകനായി എത്തിയ ഈ സിനിമ പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

തമിഴില്‍ കമല്‍ ഹാസന്‍ ആയിരുന്നു നായകനായി എത്തിയത്. പാപനാസം എന്ന പേരിലായിരുന്നു ദൃശ്യം തമിഴില്‍ റീമേക്ക് ചെയ്തത്. ഇപ്പോള്‍ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ ഹാസനെ കുറിച്ച് പറയുകയാണ് ജീത്തു ജോസഫ്.

‘എനിക്ക് കമല്‍ ഹാസന്‍ എങ്ങനെയുള്ള നടനാണെന്ന് ചോദിച്ചാല്‍, എനിക്ക് അദ്ദേഹം വളരെ കംഫേര്‍ട്ടബിളായ നടനാണ്. മികച്ചൊരു വേര്‍സറ്റൈല്‍ ആയ നടന്‍ കൂടിയാണ് കമല്‍ സാര്‍, മോഹന്‍ലാലിനെ പോലെ.

പാപനാസം സിനിമയുടെ സമയത്ത് പലരും എന്നോട് പറഞ്ഞിരുന്നത് കമല്‍ സാര്‍ സംവിധാനത്തില്‍ കൈകടത്തും എന്നായിരുന്നു. അദ്ദേഹം ഒരു സംവിധായകന്‍ കൂടിയാണല്ലോ. അങ്ങനെ പറഞ്ഞവരോട് ‘എനിക്ക് അതില്‍ കുഴപ്പമില്ല’ എന്നായിരുന്നു എന്റെ മറുപടി.

ഞാന്‍ എന്റെ ജീവിതത്തിലോ സ്വപ്‌നത്തിലോ പോലും കമല്‍ സാറുമായി ഒരു പ്രൊജക്ട് ചെയ്യുമെന്ന് വിചാരിച്ചതല്ല. ‘അദ്ദേഹം എന്റെ പ്രൊജക്ടില്‍ കൈകടത്തുകയാണെങ്കില്‍ അങ്ങനെ ചെയ്‌തോട്ടെ’ എന്നാണ് ഞാന്‍ എല്ലാവരോടും പറഞ്ഞത്.

അങ്ങനെ നടന്നാല്‍ ഞാന്‍ അദ്ദേഹത്തിന്റെ പിന്നില്‍ നിന്ന് അത് കണ്ട് ആസ്വദിച്ച് ഇരിക്കുമെന്നും പറഞ്ഞു. അതായിരുന്നു അന്നത്തെ എന്റെ മൈന്‍ഡ് സെറ്റ്. പക്ഷെ പാപനാസം സിനിമയുടെ സമയത്ത് മൂന്നോ നാലോ ദിവസമായിട്ടും അദ്ദേഹം മോണിറ്ററിന്റെ പരിസരത്ത് പോലും വന്നില്ല.

ഒരു ദിവസം ഞാന്‍ അദ്ദേഹത്തിനോട് ‘സാര്‍, ഒന്ന് വന്നുനോക്കൂ. ഈ ഷോട്ട് ഓക്കെയാണോ?’യെന്ന് ചോദിച്ചു. അന്ന് കമല്‍ സാര്‍ തന്ന മറുപടി ‘അതൊക്കെ നിങ്ങള്‍ ചെയ്‌തോളൂ. നിങ്ങള്‍ അല്ലേ ഈ സിനിമയുടെ ക്യാപ്റ്റന്‍’ എന്നായിരുന്നു,’ ജീത്തു ജോസഫ് പറയുന്നു.


Content Highlight: Jeethu Joseph says Kamal Haasan is a versatile actor like Mohanlal

We use cookies to give you the best possible experience. Learn more