'എല്ലാ സിനിമകളെയും ദൃശ്യവുമായി താരതമ്യം ചെയ്യരുത്, ':ജീത്തു ജോസഫ്
Malayalam Cinema
'എല്ലാ സിനിമകളെയും ദൃശ്യവുമായി താരതമ്യം ചെയ്യരുത്, ':ജീത്തു ജോസഫ്
കെ.എസ് ഷാബിന
Monday, 18th May 2026, 6:26 pm

മലയാള സിനിമയിലെ സസ്‌പെൻസ് ത്രില്ലറുകൾക്ക് പുത്തൻ നിർവചനം നൽകിയ മാസ്റ്റർ ക്രാഫ്റ്റ്‌സ്മാനാണ് സംവിധായകനും തിരക്കഥാകൃത്തുമായ ജീത്തു ജോസഫ്. 2007-ൽ പുറത്തിറങ്ങിയ ‘ഡിറ്റക്റ്റീവ്’ എന്ന ക്രൈം ത്രില്ലറിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവെച്ച അദ്ദേഹം, പിന്നീട് മലയാള സിനിമാലോക തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു.

‘മമ്മി ആൻഡ് മി’, ‘മൈ ബോസ്’, ‘മെമ്മറീസ്’, ‘ദൃശ്യം 1’, ‘ദൃശ്യം 2’, ‘ലൈഫ് ഓഫ് ജോസൂട്ടി’, ‘കൂമൻ’, ‘നേര്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജീത്തു ജോസഫ്, ഇപ്പോൾ ഏറ്റവും പുതിയ ചിത്രമായ ‘ദൃശ്യം 3’ യുടെ ആവേശത്തിലാണ്. എന്നാൽ ഇപ്പോൾ, താൻ ചെയ്യുന്ന ഓരോ സിനിമയെയും ‘ദൃശ്യം’ എന്ന ക്ലാസിക്കുമായി താരതമ്യം ചെയ്യുന്നതിലുള്ള തന്റെ ബുദ്ധിമുട്ട് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

മെമ്മറീസ്,ലൈഫ് ഓഫ് ജോസൂട്ടി.Photo:Imdb

തന്റെ മുൻ ചിത്രമായ ‘വലതു വശത്തെ കള്ളൻ’ ഇറങ്ങിയപ്പോൾ പ്രേക്ഷകർ അത് ദൃശ്യവുമായി താരതമ്യം ചയ്തു. എന്നാൽ ആ സിനിമ ചെയ്തതിൽ തനിക്ക് പൂർണ്ണമായ അഭിമാനമുണ്ടെന്നും, പക്ഷെ പ്രേക്ഷകർക്ക് അതിൽ വ്യത്യസ്തമായ ഒരഭിപ്രായമാണ് ഉണ്ടായിരുന്നതെന്നും അത് സ്വാഭാവികമാണെന്നും ജീത്തു ജോസഫ് പറയുന്നു, ദൃശ്യം 3 യുടെ പ്രൊമോഷന്റെ ഭാഗമായി ന്യൂസ് 18 കേരളത്തിന് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു ജീത്തുവിന്റെ ഈ തുറന്നു പറച്ചിൽ.

‘എല്ലാ സിനിമകളെയും ദൃശ്യം വെച്ച് താരതമ്യം ചെയ്യുമ്പോൾ അതൊരു ബുദ്ധിമുട്ടായി തോന്നാറുണ്ട്. ‘വലതു വശത്തെ കള്ളൻ’ എന്ന ചിത്രം റിലീസ് ചെയ്തപ്പോൾ ആളുകൾ വിളിച്ചു പറഞ്ഞത് അത് ദൃശ്യത്തിന്റെ അത്രയും മികച്ചതായില്ല എന്നാണ്. രണ്ടു ചിത്രത്തിനും ഒരു ഡാർക്ക് ഷെയ്ഡ് ഉള്ളത് കൊണ്ട് മാത്രമാണ് ആളുകൾ ആ രണ്ടു ചിത്രങ്ങളെയും തമ്മിൽ താരതമ്യം ചെയ്തത്,’ ജീത്തു ജോസഫ് പറഞ്ഞു.

ദൃശ്യം.Photo:The News Minute

സമാനമായ അനുഭവം ‘ലൈഫ് ഓഫ് ജോസൂട്ടി’ ചെയ്തപ്പോഴും ഉണ്ടായതായി അദ്ദേഹം ഒർത്തെടുത്തു. ആ സിനിമ ചെയ്തപ്പോൾ ‘ദൃശ്യം’ പോലെ വന്നില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ അവ രണ്ടും രണ്ട് പശ്ചാത്തലത്തിലുള്ള, രണ്ട് വ്യത്യസ്ത സിനിമകളാണെന്ന് പ്രേക്ഷകർ മനസ്സിലാക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

താൻ ചെയ്യുന്ന മറ്റ് സിനിമകളെ ദൃശ്യവുമായി താരതമ്യം ചെയ്യുന്നതിനോട് വിയോജിപ്പുണ്ടെങ്കിലും, ദൃശ്യത്തിന്റെ ഭാഗങ്ങൾ തമ്മിൽ താരതമ്യം ചെയ്യുന്നതിൽ തെറ്റില്ലെന്ന് ജീത്തു ജോസഫ് പറയുന്നു.

‘ദൃശ്യം ഒന്നും രണ്ടും മൂന്നും ഭാഗങ്ങൾ തമ്മിൽ പ്രേക്ഷകർക്ക് ഉറപ്പായും താരതമ്യം ചെയ്യാം. ചിലർക്ക് ഒന്നാം ഭാഗമായിരിക്കും ഇഷ്ടം, ചിലർക്ക് രണ്ടാം ഭാഗവും. അതൊക്കെ അവരുടെ വ്യക്തിപരമായ ചോയ്സ് ആണ്. ഒന്നും രണ്ടും ഭാഗങ്ങൾ പുറത്തിറങ്ങിയപ്പോൾ, ആ ഒരു ക്വാളിറ്റി നിലനിർത്താൻ രണ്ടാം ഭാഗത്തിന് കഴിഞ്ഞു എന്ന മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന മൂന്നാം ഭാഗവും ഉറപ്പായും ആ ക്വാളിറ്റി നിലനിർത്തിക്കൊണ്ടുതന്നെയായിരിക്കും പ്രേക്ഷകരിലേക്ക് എത്തുക.’ അദ്ദേഹം കൂട്ടിച്ചേർത്തു

ദൃശ്യം.Photo:Imdb

താന്‍ ഒരു ത്രില്ലർ സംവിധായകൻ എന്ന ലേബലിൽ മാത്രം ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ലെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി. ‘നുണക്കുഴി’ എന്ന സിനിമ ചെയ്തപ്പോഴുള്ള ഒരു അനുഭവം അദ്ദേഹം അഭിമുഖത്തിൽ പങ്കുവെച്ചു.
‘നുണക്കുഴി ചെയ്തപ്പോൾ ഒരു പ്രേക്ഷകൻ വിളിച്ചു പറഞ്ഞത് , ‘ചേട്ടൻ ഇനി ഇങ്ങനത്തെ പടം ചെയ്യരുത്’ എന്നാണ്. എനിക്ക് തമാശ ചിത്രങ്ങൾ ചെയ്യാനും ഇഷ്ടമാണ്. ഞാൻ അവനോട് പറഞ്ഞത് ഞാൻ ഇനിയും ഇത്തരം സിനിമകൾ ചെയ്യും എന്ന് തന്നെയാണ്.’ ജീത്തു പ്രതികരിച്ചു.

സിനിമ റിലീസിന് മുൻപ് ട്രെയ്‌ലർ പുറത്തുവരുമ്പോൾ തന്നെ ആ ചിത്രത്തിന്റെ സ്വഭാവം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കും. അത് സസ്‌പെൻസ് ത്രില്ലർ അല്ല കോമഡിയാണെന്ന് മനസ്സിലായാൽ, ആ ഴോണർ ഇഷ്ടമല്ലാത്തവർക്ക് സിനിമ കാണാതിരിക്കാം. അല്ലാതെ സിനിമ കണ്ടിട്ട് സംവിധായകനോട് അഭിപ്രായവ്യത്യാസമോ ദേഷ്യമോ കാണിക്കുന്നതിൽ അർത്ഥമില്ലെന്നും, എല്ലാത്തരം ഴോണറുകളും പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന ഒരു സിനിമാക്കാരനാണ് താനെന്നും ജീത്തു ജോസഫ് പ്രതികരിച്ചു.

‘ദൃശ്യം’ സൃഷ്ടിച്ച ബെഞ്ച്മാർക്ക് വലുതാണെങ്കിലും, വരാനിരിക്കുന്ന ‘ദൃശ്യം 3’ വലിയ പ്രതീക്ഷകൾ കാത്തുസൂക്ഷിക്കുമ്പോൾ തന്നെ, ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ മറ്റ് വ്യത്യസ്ത സിനിമകളെയും അതിന്റെതായ തനിമയോടെ ആസ്വദിക്കാൻ പ്രേക്ഷകർക്ക് സാധിക്കേണ്ടതുണ്ട്.

Content Highlight: Jeethu Joseph says dont compare all his movies with Drishyam

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.