| Wednesday, 3rd June 2026, 2:27 pm

ഇതൊരു സിനിമയാണ്; സിനിമ കണ്ട് റിയൽ ലൈഫിൽ ചെയ്താൽ പണി കിട്ടും: ജീത്തു ജോസഫ്

നന്ദന എം.സി

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 3. ജോർജ്‌കുട്ടിയായി വീണ്ടും എത്തുന്ന മോഹൻലാലിനെയും പുതിയ കഥാഗതികളെയും കാണാൻ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്.

സംവിധായകൻ ജീത്തു ജോസഫിന്റെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങിയ ചിത്രം റിലീസിന് പിന്നാലെ വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും ജോർജ്‌കുട്ടി എന്ന കഥാപാത്രത്തിന്റെ രൂപീകരണത്തെക്കുറിച്ചും ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ദൃശ്യം , Photo: IMDb

റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. ദൃശ്യം ആദ്യഭാഗം പുറത്തിറങ്ങിയപ്പോൾ കഥ അവിടെ അവസാനിച്ചതായി തന്നെയാണ് താൻ കരുതിയിരുന്നതെന്ന് ജീത്തു പറയുന്നു. പിന്നീട് നിരവധി ആളുകൾ രണ്ടാം ഭാഗത്തിനുള്ള കഥകൾ അയച്ചുതുടങ്ങിയിരുന്നു. അപ്പോഴാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ പുതിയ സാധ്യതകളെക്കുറിച്ച് ആലോചിക്കാൻ നിർദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ദൃശ്യം വൺ കഴിഞ്ഞപ്പോൾ കഥ അവിടെ അവസാനിച്ചു എന്നാണ് ഞാൻ കരുതിയത്. എന്നാൽ പലരും പുതിയ കഥകൾ അയയ്ക്കാൻ തുടങ്ങി. അപ്പോൾ ആന്റണി എന്നോട്, മറ്റുള്ളവർ പറയുന്ന കഥകളെക്കുറിച്ച് ഒന്ന് ആലോചിക്കാതെ സ്വന്തമായി നമുക്ക് നോക്കാം എന്ന് പറഞ്ഞു. അങ്ങനെ ഏകദേശം ആറേഴ് വർഷമെടുത്തു ദൃശ്യം 2 യിലേക്ക് എത്താൻ,’ എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.

ദൃശ്യം 2 ഒ.ടി.ടി റിലീസായിരുന്ന സമയത്ത് മോഹൻലാൽ തന്റെ വീട്ടിലെത്തി ചിത്രം കണ്ട അനുഭവവും സംവിധായകൻ പങ്കുവെച്ചു. പ്രീമിയർ ഷോയ്ക്ക് ശേഷം കഥ മുന്നോട്ടുകൊണ്ടുപോകാനുള്ള സാധ്യതയെക്കുറിച്ച് മോഹൻലാൽ ചോദിച്ചുവെന്നും, മൂന്നാം ഭാഗം ഉണ്ടായാൽ അത് എങ്ങനെയായിരിക്കുമെന്ന തന്റെ മനസിലെ ആശയം അന്ന് തന്നെ ലാൽസാറിനോട് പങ്കുവെച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ ആശയം കേട്ടപ്പോൾ തന്നെ അത് മികച്ചതാണെന്ന് മോഹൻലാൽ പ്രതികരിച്ചുവെന്നും ജീത്തു കൂട്ടിച്ചേർത്തു.

ദൃശ്യം 3, Photo: IMDb

ജോർജ്‌കുട്ടി എന്ന കഥാപാത്രം താനാണോ എന്ന ആരാധകരുടെ ചോദ്യത്തിനും സംവിധായകൻ മറുപടി നൽകി. തന്റെ പിതാവിന്റെ ചില ശീലങ്ങളും ജീവിതാനുഭവങ്ങളുമാണ് കഥാപാത്രത്തിന്റെ സ്വഭാവരൂപീകരണത്തിന് പ്രചോദനമായതെന്ന് അദ്ദേഹം വ്യക്തമാക്കി. തിരക്കിനിടയിൽ ഭക്ഷണം കഴിക്കുന്ന രീതി, ചില ചെറിയ ജീവിതശീലങ്ങൾ തുടങ്ങിയവയെല്ലാം യഥാർഥ ജീവിതത്തിൽ കണ്ട കാര്യങ്ങളാണെന്നും അവ ജോർജ്‌കുട്ടിയുടെ ജീവിതത്തിലേക്ക് ഉൾപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

ദൃശ്യം3 , Photo: YouTube/ Screengrab

ദൃശ്യം 3യിൽ ജോർജ്‌കുട്ടിയുടെ മാനസികാവസ്ഥയിലും വലിയ മാറ്റങ്ങളുണ്ടെന്ന് ജീത്തു വിശദീകരിച്ചു. ഒരു കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് പിന്നീട് പൊലീസ് അന്വേഷണം, കുടുംബത്തിന്റെ ഭാവി, സാമ്പത്തിക സുരക്ഷ, വ്യക്തിപരമായ സ്വപ്നങ്ങൾ തുടങ്ങി നിരവധി സമ്മർദങ്ങൾ കടന്നുവരുന്നു. അത്തരം സാഹചര്യങ്ങളിൽ സ്വാഭാവികമായി ചില അശ്രദ്ധകളും പിഴവുകളും സംഭവിക്കാമെന്നാണ് സംവിധായകന്റെ വിലയിരുത്തൽ.

അതേസമയം, ജോർജ്‌കുട്ടിയുടെ ബുദ്ധിയും തന്ത്രങ്ങളും കണ്ട് യഥാർഥ ജീവിതത്തിൽ അത് അനുകരിക്കാൻ ശ്രമിക്കുന്നവർക്കും ജീത്തു ജോസഫ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ‘നമ്മുടെ നാട്ടിൽ പലരും പലതരം കുറ്റകൃത്യങ്ങൾ ചെയ്യാറുണ്ട്. എന്നാൽ ദൃശ്യം ഒരു സിനിമയാണ്. സിനിമയിൽ കാണുന്നത് യഥാർഥ ജീവിതത്തിൽ പരീക്ഷിക്കാൻ ശ്രമിച്ചാൽ പണി കിട്ടും,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

Content Highlight: Jeethu Joseph says don’t try to do the same in real life after watching the movie.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more