| Sunday, 23rd February 2025, 4:14 pm

അതുപോലൊരു സിനിമ ചെയ്യാന്‍ പറ്റാത്തതില്‍ എനിക്ക് ജോണി ആന്റണിയോട് അസൂയ തോന്നിയിട്ടുണ്ട്: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2007ല്‍ റിലീസായ ഡിറ്റക്ടീവ് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് ചുവടുവെച്ചയാളാണ് ജീത്തു ജോസഫ്. ആദ്യ ചിത്രം പ്രതീക്ഷിച്ച വിജയം നേടാതെ പോയപ്പോള്‍ ജീത്തു തന്റെ ട്രാക്ക് മാറ്റിപ്പിടിക്കുകയായിരുന്നു. മമ്മി ആന്‍ഡ് മി, മൈ ബോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മെമ്മറീസിലൂടെ ജീത്തു വീണ്ടും ത്രില്ലര്‍ ട്രാക്കിലേക്കെത്തി. പിന്നീട് ജീത്തു ഒരുക്കിയ ദൃശ്യം മലയാളസിനിമയുടെ നാഴികക്കല്ലായി മാറി.

ദൃശ്യം എന്ന സിനിമ തനിക്ക് ഒരു ഭാരമായി മാറിയിരിക്കുകയാണെന്ന് പറയുകയാണ് ജീത്തു ജോസഫ്. ദൃശ്യത്തിന് ശേഷം ഏത് സിനിമ ചെയ്താലും എല്ലാവരും ആ സിനിമയെ ദൃശ്യവുമായി കമ്പയര്‍ ചെയ്യാറുണ്ടെന്ന് ജീത്തു ജോസഫ് പറഞ്ഞു. ദൃശ്യത്തിന്റെ ലെവലില്‍ എത്തിയില്ലെന്നാണ് തന്റെ എല്ലാ സിനിമക്കും ആളുകള്‍ അഭിപ്രായപ്പെടുന്നതെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ദൃശ്യം ഓള്‍റെഡി എടുത്ത സിനിമയാണെന്ന് അവരാരും മനസിലാക്കുന്നില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു. ദൃശ്യത്തിന് ശേഷം താന്‍ കോമഡി സിനിമകള്‍ ചെയ്യുമ്പോള്‍ ആളുകള്‍ വല്ലാത്തൊരു നോട്ടം നോക്കുമെന്നും താന്‍ കോമഡി ചെയ്യുമെന്ന് ആളുകള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ജീത്തു ജോസഫ് പറയുന്നു.

ഒരു സംവിധായകന്‍ എന്ന നിലയില്‍ എല്ലാ ഴോണറിലുമുള്ള സിനിമകള്‍ എക്‌സ്‌പ്ലോര്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. സി.ഐ.ഡി. മൂസ പോലൊരു സിനിമ തനിക്ക് ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന് ആലോചിക്കാറുണ്ടെന്നും അക്കാര്യത്തില്‍ തനിക്ക് ജോണി ആന്റണിയോട് അസൂയ തോന്നിയിട്ടുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു. ഒറിജിനല്‍സ് എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.

‘ദൃശ്യം എന്ന സിനിമ എനിക്ക് ഇപ്പോള്‍ ഒരു ഭാരമാണ്. ദൃശ്യത്തിന് ശേഷം എല്ലാവരും എന്റെയടുത്ത് നിന്ന് പ്രതീക്ഷിക്കുന്നത് അതുപോലുള്ള സിനിമയാണ്. ഞാന്‍ ഏത് പടം ചെയ്താലും ദൃശ്യത്തിനെപ്പോലെ വന്നില്ല എന്നാണ് പലരും പറയുന്നത്. ദൃശ്യം ഓള്‍റെഡി ചെയ്തുകഴിഞ്ഞു. ഇനി അതുപോലൊന്ന് സാധ്യമല്ല.

ഞാനിപ്പോള്‍ ഒരു കോമഡി സിനിമ ചെയ്യാന്‍ പോവുകയാണ് എന്നറിഞ്ഞാല്‍ പലരും വല്ലാത്തൊരു നോട്ടം നോക്കും. ‘ഇയാള്‍ കോമഡി പടമൊക്കെ ചെയ്യുമോ’ എന്നാണ് അതിന്റെ അര്‍ത്ഥം. ഒരു ഫിലിംമേക്കറെന്ന നിലയില്‍ എല്ലാ ഴോണറും എക്‌സ്‌പ്ലോര്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സി.ഐ.ഡി മൂസ പോലൊരു സിനിമ എനിക്ക് ചെയ്യാന്‍ പറ്റാത്തതില്‍ ജോണി ആന്റണിയോട് അസൂയയുണ്ടെന്ന് അയാളോട് ഞാന്‍ പറഞ്ഞിട്ടുണ്ട്,’ ജീത്തു ജോസഫ് പറയുന്നു.

Content Highlight: Jeethu Joseph saying his wish to do all kind of cinemas

We use cookies to give you the best possible experience. Learn more