| Wednesday, 10th June 2026, 11:01 am

ദൃശ്യം 3 യിൽ ലാലേട്ടൻ ചെയ്തതൊക്കെ എന്റെ അച്ഛൻ ചെയ്ത കാര്യങ്ങളാണ്: ജീത്തു ജോസഫ്

കെ.എസ് ഷാബിന

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചൈസിയാണ് ‘ദൃശ്യം’. 2013-ൽ ആരംഭിച്ച ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും യാത്ര 13 വർഷങ്ങൾക്കിപ്പുറം ‘ദൃശ്യം 3’ൽ എത്തിനിൽക്കുമ്പോൾ ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്.

മലയാളികൾക്ക് മറക്കാനാകാത്ത ക്ലാസിക് സിനിമാ അനുഭവം സമ്മാനിച്ച പ്രിയ സംവിധായകനാണ് ജീത്തു ജോസഫ്. ഇപ്പോൾ ‘ദൃശ്യം 3’ തിയേറ്ററുകളിൽ വിജയകരമായി മുന്നേറുമ്പോൾ, ചിത്രത്തിലെ ജോർജുകുട്ടിയുടെ കഥാപാത്രരൂപീകരണത്തെ കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം.

ജീത്തു ജോസഫ്.Photo:KOIMOI

‘ദൃശ്യം’ ഒന്നും രണ്ടും ഭാഗങ്ങൾക്ക് ശേഷം, 13 വർഷങ്ങൾ നീണ്ട ഉദ്വേഗഭരിതമായ യാത്രയ്ക്കൊടുവിൽ മൂന്നാം ഭാഗത്തിൽ എത്തിനിൽക്കുമ്പോൾ ജോർജുകുട്ടി എന്ന കഥാപാത്രത്തിന് വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളതായി കാണാം. പഴയ സംഭവങ്ങൾ അയാളെ നിരന്തരം വേട്ടയാടുന്നുണ്ട്. തന്നെ ആരോ എപ്പോഴും പിന്തുടരുന്നു എന്ന ഭയവും ഒപ്പം സിനിമയുടെ തിരക്കുകളും ചേരുമ്പോൾ പരിസരബോധം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് ജോർജുകുട്ടി.

എന്നാൽ, കഥാപാത്രത്തിന്റെ ഈ സവിശേഷമായ പെരുമാറ്റരീതികൾ തന്റെ സ്വന്തം അച്ഛന്റെ ജീവിതത്തിൽ നിന്നും കടമെടുത്തതാണെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ജിത്തു ജോസഫ്. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാരുന്നു അദ്ദേഹം.

ദൃശ്യം 3.Photo:Screengrab/Youtube

ജോർജുകുട്ടി അശ്രദ്ധയോടെ ചെയ്ത പല കാര്യങ്ങളും തന്റെ അച്ഛൻ ചെയ്തിരുന്നവ ആയിരുന്നുവെന്ന് ജിത്തു ജോസഫ് പറയുന്നു. അച്ഛൻ എം.എൽ.എ ആയിരുന്ന സമയത്ത് അദ്ദേഹം ഒരുപാട് ‘ആബ്സെന്റ് മൈൻഡഡ്’ ആയിരുന്നു എന്നും അന്ന് അച്ഛൻ ചെയ്ത പല സംഭവങ്ങളുമാണ് ‘ദൃശ്യം 3’ൽ ലാലേട്ടൻ ചെയ്യുന്നതെന്നും ജിത്തു ജോസഫ് പറയുന്നു.

‘ ജോർജുകുട്ടി അശ്രദ്ധയോടെ ചെയ്ത പല കാര്യങ്ങളും എന്റെ അച്ഛൻ ചെയ്തിരുന്നവയാണ്. എന്റെ അച്ഛൻ എം.എൽ.എ ആയിരുന്ന സമയത്ത് അദ്ദേഹം ഒരുപാട് ‘ആബ്സെന്റ് മൈൻഡഡ്’ആയിരുന്നു. തിരക്കുപിടിച്ച ആ ഓട്ടത്തിനിടയിൽ അച്ഛൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ, ചാടിയിറങ്ങി വസ്ത്രം മാറി പോകുമ്പോഴായിരിക്കും അമ്മച്ചി ‘ഇതെങ്കിലും കഴിക്കൂ’ എന്ന് പറഞ്ഞ് ഒരു ബുൾസൈ എടുത്തു കൊടുക്കുന്നത്. അപ്പോൾ അച്ഛൻ അത് അതേപടി വായിലേക്ക് ഇട്ടിട്ട് ഒരോട്ടം ഓടും. ‘ദൃശ്യം 3’ലും ലാലേട്ടൻ അങ്ങനെ ചെയ്യുന്ന ഒരു രംഗമുണ്ട്.

ദൃശ്യം 3Photo:Screengrab/Youtube

ലാലേട്ടൻ ഭക്ഷണം കഴിച്ച ശേഷം വാഷ് ബേസിനിൽ കൈ കഴുകി, വായിൽ വെള്ളമെടുത്ത് സൈഡിലേക്ക് തറയിലേക്ക് തുപ്പുന്ന ഒരു രംഗവുമുണ്ട്. ഞാൻ ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അച്ഛൻ ചെയ്യുന്നത് കണ്ടിട്ടുള്ള കാര്യമാണത്. മറ്റൊരു സംഭവം, അച്ഛൻ ഒരു തവണ തലവേദനയ്ക്ക് ഗുളിക വാങ്ങാൻ മെഡിക്കൽ ഷോപ്പിൽ പോയപ്പോൾ, ബാക്കി കിട്ടിയ 25 പൈസ വായിലിട്ടിട്ട് മരുന്ന് എടുത്ത് പോക്കറ്റിലിട്ടു. ഇതൊക്കെ എപ്പോഴും എന്റെ മനസിലുണ്ടായിരുന്നു. അതൊക്കെയാണ് സിനിമയിൽ ഉൾപെടുത്തിയിരിക്കുന്നത്.’ ജിത്തു ജോസഫ് പറഞ്ഞു.

ദൃശ്യത്തിലേക്ക് വരുമ്പോൾ ജോർജുകുട്ടിക്ക് സിനിമ, ബിസിനസ്, നിരന്തരമായി വരുന്ന ഫോൺ കോളുകൾ എന്നിവയുണ്ട്. ഒപ്പം കേസിന്റെ ഭയവും ആകുലതകളും. ഇതെല്ലാം ചേർന്ന് ജോർജുകുട്ടി പരിസരബോധം നഷ്ടപ്പെട്ട ഒരു അവസ്ഥയിലാണെന്നും ആ അവസ്ഥ പ്രേക്ഷകരെ കാണിക്കാൻ വേണ്ടി അച്ഛൻ ചെയ്ത ഇത്തരം കാര്യങ്ങൾ താൻ മനപൂർവം സിനിമയിൽ ഉൾപ്പെടുത്തിയതാണെന്നും ജിത്തു ജോസഫ് കൂട്ടിച്ചേർത്തു.

Content Highlight: Jeethu Joseph said Mohanlal’s character traits in Drishyam 3 were inspired by his own father

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more