| Sunday, 22nd June 2025, 10:10 am

ദൃശ്യം 3 ഒക്ടോബറില്‍, റാം ഉള്‍പ്പെടെ മുമ്പ് അനൗണ്‍സ് ചെയ്ത സിനിമകള്‍ വേറെ, ജീത്തു ജോസഫ് ഇതെന്ത് ഭാവിച്ചാണെന്ന് സിനിമാലോകം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തെറിയാന്‍ കെല്പുള്ള അനൗണ്‍സ്‌മെന്റാണ് സംവിധായകന്‍ ജീത്തു ജോസഫ് കഴിഞ്ഞ ദിവസം നടത്തിയത്. വെറുമൊരു നാലാം ക്ലാസുകാരന്റെ ബുദ്ധി മാത്രം വെച്ച ക്ലാസിക് ക്രിമിനലിന്റെ മൂന്നാം വരവ് സിനിമാചരിത്രത്തിലെ നാഴികക്കല്ലാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ചിത്രത്തിന്റെ ഷൂട്ട് ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് ജീത്തു ജോസഫ് അറിയിച്ചത്. ചിത്രത്തിന്റെ ഹിന്ദി റീമേക്കിനൊപ്പം തന്നെയാണ് മലയാളവും ഷൂട്ട് ആരംഭിക്കുക. ഇന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കുന്ന പ്രൊജക്ട് കൂടിയാണ് ദൃശ്യം 3. കൊവിഡ് സമയത്ത് പുറത്തിറങ്ങിയ രണ്ടാം ഭാഗം പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

എന്നാല്‍ ദൃശ്യം 3ക്ക് മുമ്പ് അനൗണ്‍സ് ചെയ്ത ജീത്തു ജോസഫിന്റെ മറ്റ് ചിത്രങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ആസിഫ് അലിയെ നായകനാക്കിയുള്ള മിറാഷ് ആണ് ലിസ്റ്റിലെ ആദ്യചിത്രം. 2024ല്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ട് അവസാനിച്ചിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലുള്ള ചിത്രത്തിന്റെ ആദ്യ അപ്‌ഡേറ്റ് ഇന്ന് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ജോജു ജോര്‍ജ്, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന വലതുവശത്തെ കള്ളനാണ് മറ്റൊരു പ്രൊജക്ട്. ചിത്രത്തിന്റെ ഷൂട്ട് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പൊലീസ് കഥയാണ് ഈ ചിത്രത്തിന്റേത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബറിന് മുമ്പ് ഈ ചിത്രവും ജീത്തു തിയേറ്ററുകളിലെത്തിക്കുമെന്ന് കരുതുന്നു.

വന്‍ ബജറ്റിലൊരുങ്ങുന്ന റാം ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്. നിര്‍മാതാവിന്റെ സാമ്പത്തിക ബാധ്യതകള്‍ കാരണം ചിത്രത്തിന്റെ ഷൂട്ട് മുടങ്ങിയിരുന്നു. ആറ് രാജ്യങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം രണ്ട് ഭാഗങ്ങളിലായാണ് ഒരുങ്ങുന്നത്. മോഹന്‍ലാല്‍, തൃഷ, ഇന്ദ്രജിത് തുടങ്ങി വന്‍ താരനിരയാണ് റാമില്‍ അണിനിരക്കുന്നത്.

അജയ് ദേവ്ഗണ്‍ നായകനാകുന്ന ഹിന്ദി പതിപ്പിനൊപ്പമാണ് മലയാളത്തിലെ ദൃശ്യം 3യും ഒരുങ്ങുന്നത്. 2026 ദീപാവലിക്ക് ഹിന്ദി ദൃശ്യം 3 തിയേറ്ററുകളിലെത്തും. എന്നാല്‍ അതിന് മുമ്പ് മലയാളം പതിപ്പ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 202 മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു. മുരുകനും ഷണ്മുഖനും സ്വന്തമാക്കിയ റെക്കോഡുകള്‍ ഓരോന്നായി ജോര്‍ജ്കുട്ടി തകര്‍ത്തെറിയുമെന്ന് ഉറപ്പാണ്.

Content Highlight: Jeethu Joseph’s four movies including Drishyam 3 are filming on same time

We use cookies to give you the best possible experience. Learn more