ബോക്‌സ് ഓഫീസിന്റെ ആണിവേരിളക്കിക്കൊണ്ട് മുന്നേറുകയാണ് ദൃശ്യം 3. ഈ വര്‍ഷം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് ദൃശ്യം 3. മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡും ദൃശ്യം ഫ്രാഞ്ചൈസിക്ക് കേരളത്തിലുള്ള സ്വീകാര്യതയുമാണ് ഈ വിജയത്തിന് പിന്നില്‍. മോഹന്‍ലാലിന്റെ കരിയറിലെ മൂന്നാമത്തെ 200 കോടി ചിത്രമാണിത്.

പൊലീസിനെയും നിയമവ്യവസ്ഥയെയും സമര്‍ത്ഥമായി കബളിപ്പിച്ചെങ്കിലും ഭൂതകാലത്തെ ഓര്‍മകള്‍ ജോര്‍ജുകുട്ടിയെ വേട്ടയാടുന്നതാണ് ദൃശ്യം 3യുടെ കഥ. ട്വിസ്റ്റിനും സസ്‌പെന്‍സിനുമപ്പുറം കഥാപാത്രങ്ങളുടെ ഇമോഷണല്‍ ജേര്‍ണിയിലൂടെ കഥപറയാനാണ് ജീത്തു ജോസഫ് ശ്രമിച്ചിട്ടുള്ളത്. സ്‌ക്രിപ്റ്റില്‍ പലയിടത്തും ലൂപ്‌ഹോളുകളുണ്ടായിരുന്നെങ്കിലും മോഹന്‍ലാലിന്റെ പ്രകടനം ചിത്രത്തെ ആദ്യാവസാനം താങ്ങിനിര്‍ത്തിയിട്ടുണ്ട്.

വളരെ സീരിയസായിട്ടുള്ള സിറ്റുവേഷനില്‍ വരുന്ന ഡയലോഗുകള്‍ പോലും ചിരിയുണര്‍ത്തുന്നവയാണ്. കഥയുടെ സീരിയസ്‌നെസ് പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കാന്‍ സംവിധായകന് കഴിയാത്തതിനാലാണ് ഇത്തരം സീനുകളില്‍ ചിരി പടരുന്നത്. രണ്ടാം പകുതിയിലെ ഹൈകോടതി രംഗമാണ് ഇതില്‍ ആദ്യത്തേത്.

ജോര്‍ജുകുട്ടിയുടെ മകളെ ചോദ്യം ചെയ്യാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിക്കുന്ന രംഗത്തില്‍ അതിനെ എതിര്‍ത്തുകൊണ്ട് ശാന്തി മായാദേവി അവതരിപ്പിക്കുന്ന രേണുക ജഡ്ജിനെ കാണുന്നുണ്ട്. വിവാഹദിനത്തില്‍ അവരെ പൊലീസ് സ്റ്റേഷനില്‍ കയറ്റരുതെന്നാണ് രേണുക ആവശ്യപ്പെടുന്നത്. ‘ഇനിയും ആ സാധുവിനും കുടുംബത്തിനും നേര ഇങ്ങനെ ക്രൂരത കാണിക്കരുത് സാര്‍’ എന്നുകൂടി രേണുക പറയുന്നുണ്ട്. ആദം അയൂബ് അവതരിപ്പിച്ച ജഡ്ജിയുടെ കഥാപാത്രം ഈ സമയത്ത് രേണുകയെ ഒരു പ്രത്യേക രീതിയില്‍ നോക്കുന്ന ഭാഗം തിയേറ്ററില്‍ ചിരി പടര്‍ത്തിയിരുന്നു.

ക്ലൈമാക്‌സിനോടടുക്കുമ്പോഴാണ് അടുത്ത കോമഡി. ജോര്‍ജുകുട്ടി കീഴടങ്ങാമെന്ന് പറഞ്ഞ് പോയതിന് ശേഷം അവിര (അഞ്ജുവിനെ കല്യാണം കഴിക്കാന്‍ പ്രഭാകര്‍ ഏര്‍പ്പാടാക്കിയ പയ്യന്‍) പ്രഭാകറിനെ വിളിക്കുന്നുണ്ട്. തങ്ങളുടെ പ്ലാനെല്ലാം തകര്‍ന്നു എന്ന് അവിരയോട് പറയാനാകാത്ത അവസ്ഥയിലാണ് അയാള്‍. സഹദേവനോട് തന്നെ കൊല്ലാന്‍ പ്രഭാകര്‍ പറഞ്ഞു എന്ന ധാരണയിലാണ് അവിര ഫോണ്‍ ചെയ്യുന്നത്.

യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിച്ചതെല്ലാം അറിഞ്ഞ് ഞെട്ടിയ പ്രഭാകര്‍ ഒന്നും മിണ്ടാനാകാതെ ഇരിക്കുന്നുണ്ട്. എവിടെ നിന്നാണ് വിളിക്കുന്നത് എന്ന് അവിരയോട് ചോദിക്കുമ്പോള്‍ ‘ഞാന്‍ രാമേശ്വരത്തെത്തി’ എന്ന് കൂളായി മറുപടി പറയുന്ന രംഗം അങ്ങേയറ്റം കോമഡിയായിരുന്നു. അത്രയും പ്രശ്‌നത്തിനിടക്ക് അവിര എങ്ങനെ രാമേശ്വരം വരെയെത്തി എന്നത് ജീത്തുവിന് മാത്രം അറിയാവുന്ന കാര്യമാണ്. വളരെ സീരിയസായി പോകേണ്ട സീന്‍ ജീത്തുവിന്റെ എഴുത്തിലെ ‘ബ്രില്യന്‍സ്’ കാരണം ചിരിക്കാനുള്ള വകയൊരുക്കി.

സഹദേവന്റെ ഗെറ്റപ്പും വീണയുടെ കഥാപാത്രവും തുടങ്ങി ഒരു ലോഡ് അബദ്ധങ്ങള്‍ ജീത്തുവിന് ഈ സിനിമയില്‍ സംഭവിച്ചിട്ടുണ്ട്. ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന് വരുന്ന മാറ്റങ്ങള്‍ അങ്ങേയറ്റം കണ്‍വിന്‍സിങ്ങായി മോഹന്‍ലാല്‍ അവതരിപ്പിച്ചതുകൊണ്ട് മാത്രമാണ് ദൃശ്യം 3 ഇത്ര വലിയ വിജയമായത്. ഒ.ടി.ടി റിലീസിന് ശേഷം ചിത്രം എയറിലാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Content Highlight: Jeethu Joseph’s blunder writing in Drishyam 3 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ