| Saturday, 18th January 2025, 10:35 pm

ആ നായകന് സ്ലോ മോഷൻ വേണ്ടെന്ന് ഉറപ്പിച്ചപ്പോൾ മകളും അസിസ്റ്റൻസും ഒരു കാര്യം പറഞ്ഞു: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ത്രില്ലര്‍ സിനിമകളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് ജീത്തു ജോസഫ്. ആദ്യ സിനിമയായ ‘ഡിറ്റക്റ്റീവ്’ ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങിയെങ്കിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പിന്നീട് വന്ന ‘മെമ്മറീസ്’ എന്ന സിനിമയിലൂടെയാണ് ത്രില്ലര്‍ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന പേര് ജീത്തുവിന് ലഭിക്കുന്നത്.

2013ല്‍ മോഹന്‍ലാലിനെ നായകനാക്കി എത്തിയ ദൃശ്യം എന്നൊരൊറ്റ ത്രില്ലര്‍ ചിത്രത്തിലൂടെ ജീത്തു വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ആ സിനിമയോടെ ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുക്കെട്ടിനും വലിയ ആരാധകരും ഉണ്ടായി. മൈ ബോസ്, നുണക്കുഴി തുടങ്ങിയ സിനിമകളിലൂടെ ഹ്യൂമറും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. ത്രില്ലർ സിനിമകളിലെ ക്ലീഷേകളെ കുറിച്ച് സംസാരിക്കുകയാണ് ജീത്തു.

‘നമ്മള്‍ ത്രില്ലര്‍ സിനിമകളെടുത്ത് പെട്ടെന്ന് മറ്റൊരു കോമഡി സിനിമ ചെയ്യുമ്പോള്‍ അതിന്റെ വര്‍ക്കിങ് അറ്റ്മോസ്ഫിയര്‍ തന്നെ മാറിയത് പോലെ തോന്നാം. ഈ ത്രില്ലര്‍ സിനിമകളുടെ കാര്യം പറഞ്ഞാല്‍, അവയ്ക്ക് ചില ക്ലീഷേ പാറ്റേണുകളുണ്ട്. എല്ലാ സിനിമയിലും മിക്കവാറും ബില്‍ഡപ്പ് ഷോട്ടുകളുണ്ടാകും.

ആദ്യം ശ്രദ്ധിക്കില്ലെങ്കിലും നമ്മള്‍ തുടര്‍ച്ചയായി ഒന്നുരണ്ട് ത്രില്ലര്‍ സിനിമകള്‍ ചെയ്ത് കഴിഞ്ഞാലാണ് ഈ കാര്യം മനസിലായി തുടങ്ങുക. ചിലപ്പോള്‍ ചില ഷോട്ട് ഷൂട്ട് ചെയ്യുമ്പോള്‍ ഇത് തന്നെയല്ലേ ഞാന്‍ മറ്റേ സിനിമയിലും ചെയ്തതെന്ന ചിന്ത വന്നേക്കും. പിന്നെ എങ്ങനെ അതില്‍ മാറ്റം കൊണ്ടുവരാം എന്നാകും ചിന്ത.

ഈയിടെ എപ്പോഴോ ഞാന്‍ ഒരു സിനിമയില്‍ നായകന്റെ സീന്‍ ഷൂട്ട് ചെയ്യുകയായിരുന്നു. സ്ലോമോഷനിലാണ് അതില്‍ നായകന്‍ നടന്നു വരുന്നത്. ആ സിനിമ തമ്പിയാണോ എന്ന് എനിക്ക് സംശയമുണ്ട്, കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല. എല്ലാ സിനിമയിലും നായകന് അത്തരത്തില്‍ സ്ലോമോഷന്‍ തന്നെയാണ് കൊടുക്കാറുള്ളത്.

അവസാനം അതില്‍ നായകന് സ്ലോമോഷന്‍ വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. ആ കാര്യം ഞാന്‍ മറ്റുള്ളവരോട് പറയുകയും ചെയ്തു. അന്ന് എന്റെ അസിസ്റ്റന്‍സും മകളും എന്നോട് സംസാരിക്കാന്‍ വന്നു. ഡാഡി അങ്ങനെ ചിന്തിക്കല്ലേ എന്നാണ് അവള്‍ പറഞ്ഞത്. അവിടെ ആ സീനില്‍ സ്ലോമോഷന് അതിന്റേതായ രസമുണ്ടെന്ന് അവരൊക്കെ പറഞ്ഞു.

കുറേ സിനിമകളില്‍ ഇങ്ങനെ സ്ലോമോഷനില്‍ വരുന്നത് ഞാന്‍ തന്നെ ചെയ്തിട്ടുണ്ട് എന്നായിരുന്നു അവര്‍ക്ക് എന്നില്‍ നിന്ന് ലഭിച്ച മറുപടി. പക്ഷെ ചില ക്ലീഷേകള്‍ നമ്മുടെ സിനിമകള്‍ക്ക് ആവശ്യമാണ്. അത് ചിലപ്പോള്‍ ഒഴിവാക്കാന്‍ പറ്റിയെന്ന് വരില്ല. പക്ഷെ ഇതുതന്നെ ചെയ്യുമ്പോള്‍ നമുക്ക് ഒരു ചടപ്പ് തോന്നിയേക്കാം,’ ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Jeethu Joseph About Cleeshes In Thrillar Movies

Latest Stories

We use cookies to give you the best possible experience. Learn more