| Monday, 8th June 2026, 11:58 am

എന്റെ കഥ മറ്റൊരാളുടെ സിനിമയായി കണ്ടപ്പോൾ വേണ്ടെന്നു വെച്ചു: ജീത്തു ജോസഫ്

കെ.എസ് ഷാബിന

മലയാള സിനിമക്ക് സസ്പെൻസ് ത്രില്ലറുകളുടെ പുതുമയാർന്ന അനുഭവം സമ്മാനിച്ച എഴുത്തുകാരനും സംവിധായകനുമാണ് ജീത്തു ജോസഫ്. 2007-ൽ പുറത്തിറങ്ങിയ ‘ഡിറ്റക്റ്റീവ്’ എന്ന ക്രൈം ത്രില്ലറിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവെച്ച അദ്ദേഹം, പിന്നീട് മലയാള സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു.

‘മമ്മി ആൻഡ് മി’, ‘മൈ ബോസ്’, ‘മെമ്മറീസ്’, ‘ദൃശ്യം 1, 2’, ‘ലൈഫ് ഓഫ് ജോസൂട്ടി’, ‘കൂമൻ’, ‘നേര്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജീത്തു ജോസഫ്, ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദൃശ്യം 3’-യുടെ വിജയാഘോഷത്തിലാണ്. നിരവധി ചിത്രങ്ങൾ മലയാളത്തിന് നൽകിയ എഴുത്തുകാരൻ ജീത്തു ജോസഫ്, താൻ എങ്ങനെയാണ് കഥകൾ എഴുതുന്നതെന്നും ചില കഥകൾ വർഷങ്ങളോളം വർക്ക് ചെയ്ത ശേഷം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്നും തുറന്നുപറയുകയാണ് ഇപ്പോൾ.

ജീത്തു ജോസഫ്.Photo:The New Indian Express

താൻ ആലോചിച്ച ചില കഥകൾ മറ്റുള്ളവർ സിനിമയാക്കിയിട്ടുണ്ടെന്നും,പിനീട് അത് വേണ്ടെന്നു വെക്കേണ്ടി വന്നെന്നനും അദ്ദേഹം വെളിപ്പെടുത്തുന്നു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിൽ.

‘ഒരേസമയം മൂന്നും നാലും കഥകളായിരിക്കും നമ്മൾ മനസ്സിൽ കൊണ്ടുനടക്കുന്നത്. എഴുതിത്തുടങ്ങുന്നതിന് മുൻപ് നമ്മുടെ ചിന്തകളിലൂടെയാണ് അതിന്റെ വർക്ക് നടക്കുന്നത്; അതൊന്നും അപ്പോൾ തന്നെ പേപ്പറിലേക്ക് പകർത്താറില്ല. ഇപ്പോൾ പോലും മൂന്നോ നാലോ കഥകൾ എന്റെ മനസ്സിലുണ്ട്. അവയൊക്കെ പണ്ടുമുതലേ ആലോചിക്കുന്നവയാണ്. ചില കഥകളിൽ ഒരുപാട് നാൾ വർക്ക് ചെയ്ത ശേഷമായിരിക്കും പിന്നീട് ഉപേക്ഷിക്കുന്നത്. എന്നാൽ മറ്റു ചിലതാകട്ടെ, കുറച്ചുനാൾ കഴിഞ്ഞ് വീണ്ടും തിരിച്ചെടുത്ത് ചെയ്യാറുമുണ്ട്.

ദൃശ്യം 3.Photo:District

ഈ അടുത്തകാലത്ത് ഞാൻ ഏറെ കഷ്ടപ്പെട്ട് ആലോചിച്ച് ഒരു കഥ തയ്യാറാക്കിയിരുന്നു. എന്നാൽ, പിന്നീട് തിയേറ്ററിൽ പോയി ഒരു സിനിമ കണ്ടപ്പോഴാണ് ഞെട്ടിയത്; ഞാൻ ആലോചിച്ച അതേ കഥ മറ്റൊരാൾ സിനിമയാക്കി മാറ്റിയിരിക്കുന്നു! അതോടെ ആ കഥ ഉപേക്ഷിക്കേണ്ടി വന്നു. എഴുത്തുകാർക്ക് ഒരേപോലെ ചിന്തിക്കാൻ സാധിക്കുമല്ലോ,’ ജീത്തു ജോസഫ് പറയുന്നു.

ജീത്തുവിന്റെ ഏറ്റവും പുതിയ ചിത്രം ദൃശ്യം 3 ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോർഡുകൾ തകർത്തു മുന്നേറുകയാണ്. വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും ജോർജ് കുട്ടിയേയും കുടുംബത്തെയും മലയാളികൾ ഏറെ സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് ദൃശ്യം 3 യുടെ ഈ വിജയം. ജീത്തു പറഞ്ഞ വാക്കുകളിലെ ആ സിനിമ എന്താണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.

Content Highlight: Jeethu dropped his story after seeing another director make a movie with the same plot

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more