മമ്മൂക്ക 'ഡ്രൈവിംഗ് ലൈസൻസ്' വേണ്ടെന്നുവെച്ചപ്പോൾ, എന്ത് പരിപാടി ആണ് കാണിച്ചത് എന്നോർത്തു : ജീൻ പോൾ ലാൽ
Malayalam Cinema
മമ്മൂക്ക 'ഡ്രൈവിംഗ് ലൈസൻസ്' വേണ്ടെന്നുവെച്ചപ്പോൾ, എന്ത് പരിപാടി ആണ് കാണിച്ചത് എന്നോർത്തു : ജീൻ പോൾ ലാൽ
കെ.എസ് ഷാബിന
Sunday, 5th July 2026, 7:50 am

പുതുതലമുറയുടെ ആവേശവും വേഗതയും മലയാള സിനിമയിൽ കൊണ്ടുവന്ന സംവിധായകനാണ് ജീൻ പോൾ ലാൽ. പ്രശസ്ത നടനും സംവിധായകനും ആയ ലാലിന്റെ മകൻ എന്ന ലേബലിൽ എത്തി, പിന്നീട് സ്വന്തം സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ‘ലാൽ ജൂനിയർ’ ആയി അദ്ദേഹം മാറി.

‘ഹണി ബീ’, ‘ഡ്രൈവിംഗ് ലൈസൻസ്’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ സംവിധാന മികവ് തെളിയിച്ച ജീൻ, ‘മഞ്ഞുമ്മൽ ബോയ്സ്’ ഉൾപ്പെടെയുള്ള സിനിമകളിലൂടെ മികച്ചൊരു നടൻ കൂടിയാണെന്ന് പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ചിരുന്നു. ഇപ്പോളിതാ ‘ബാലൻ’ എന്ന ചിത്രത്തിലെ പവിത്രൻ എന്ന പൊലീസ് വേഷത്തിലൂടെ വീണ്ടും മികച്ച അഭിപ്രായങ്ങൾ നേടുകയാണ് അദ്ദേഹം.

ജീൻ പോൾ ലാൽ.Photo:Wikipedia

ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമ മമ്മൂട്ടിയെ വെച്ച് ചെയ്യാനിരുന്നതിനെ കുറിച്ചും മമ്മൂട്ടി അത് വേണ്ടെന്നു വെക്കാനുള്ള കാരണത്തെ കുറിച്ചും ജീൻ പോൾ മനസ് തുറക്കുകയാണ്. ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജീൻ.

‘സച്ചി ഏട്ടൻ അന്ന് എന്നോട് പി. സുകുമാരന് വേണ്ടി ചെയ്യാനിരുന്ന ഒരു കഥയെക്കുറിച്ച് പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നീട് ആ സിനിമ അവർ വേണ്ടെന്നുവെച്ചു എന്ന് അറിഞ്ഞപ്പോൾ, ആ കഥ എനിക്ക് തരുമോ എന്ന് ഞാൻ ചോദിച്ചു. അങ്ങനെ ആ ചിത്രം ഞാൻ ചെയ്യാൻ തീരുമാനിച്ചു. ഞാൻ ആ സ്ക്രിപ്റ്റ് കൈയിലെടുത്തതോടെയാണ് ആ സിനിമയ്ക്ക് ഒരു തുടക്കമുണ്ടാകുന്നത്.

മമ്മൂക്കയെ വെച്ച് അത് ചെയ്യാനായിരുന്നു എന്റെ ആഗ്രഹം; കാരണം ഞാൻ അദ്ദേഹത്തിന്റെ ഒരു വലിയ ഫാൻ ബോയ് ആണ്. മമ്മൂക്കയും പപ്പയും ഒന്നിക്കുന്ന കോമ്പോ കാണുന്നത് എനിക്ക് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. അങ്ങനെ മമ്മൂക്കയോട് കഥ പറഞ്ഞു, എന്നാൽ ആ സമയത്ത് അദ്ദേഹത്തിന് അത് അത്ര വർക്കായില്ല.

മമ്മൂട്ടി.ഡ്രൈവിംഗ് ലൈസൻസ്.Photo:Primevideo

അന്ന് മമ്മൂക്ക പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ഞാൻ ഒരേസമയം രണ്ട് വലിയ ഹീറോ സിനിമകൾ ചെയ്യുമ്പോൾ, ഇതിലൊരു സാധാരണ നടനായി അഭിനയിച്ചാലും ആളുകൾ എന്നെ മമ്മൂട്ടിയായിത്തന്നെയാകും കാണുക. അപ്പോൾ ആളുകൾക്ക് എന്നോട് ദേഷ്യം തോന്നും. അതുകൊണ്ട് ഒന്നുകിൽ ഞാൻ ആ രണ്ട് വേഷങ്ങളും ചെയ്യണം (മമ്മൂട്ടിയായും അദ്ദേഹത്തിന്റെ ഫാൻ ബോയായും). പക്ഷേ, അത് സിനിമയുടെ കഥയിൽ നിന്നും ഒരു ഡിസ്ട്രാക്ഷൻ ആയി മാറും. അതുകൊണ്ട് ഈ സിനിമ ചെയ്യാൻ എനിക്ക് താല്പര്യമില്ല.’

അന്ന് മമ്മൂക്ക എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് പൂർണമായി മനസ്സിലായിരുന്നില്ല, എനിക്ക് വിഷമവും തോന്നിയിരുന്നു. അന്ന് പപ്പയും സച്ചി ഏട്ടനും എന്നോട് പറഞ്ഞിരുന്നു മമ്മൂക്ക കൃത്യമായ ഒരു കാഴ്ചപ്പാടില്ലാതെ അങ്ങനെ പറയില്ലെന്ന്. എന്നാൽ ഇന്ന്, അദ്ദേഹം അന്ന് എടുത്ത ആ തീരുമാനത്തിന്റെ ആഴം ഞാൻ കൃത്യമായി മനസ്സിലാക്കുന്നു’, ജീൻ പോൾ ലാൽ പറയുന്നു.

Content Highlight:Jean Paul Lal was disappointed when Mammootty rejected Driving Licence

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.