ഹണി ബീ, ഡ്രൈവിംഗ് ലൈസൻസ്, നടികർ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ സംവിധാന മികവ് തെളിയിച്ച സംവിധായകനും നടനുമാണ് ലാൽ ജൂനിയർ എന്ന ജീൻ പോൾ ലാൽ. പ്രശസ്ത നടനും സംവിധായകനുമായ ലാലിന്റെ മകനായ ജീൻ പോൾ, സംവിധാനത്തിന് പുറമെ അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
മഞ്ഞുമ്മൽ ബോയ്സിലെ സിജു, ബാലൻ ദി ബോയ് എന്ന ചിത്രത്തിലെ പവിത്രൻ എന്ന പൊലീസ് വേഷം എന്നിവയിലൂടെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, ലാൽ ജൂനിയർ എന്ന ലേബലായി മാറിയ തന്റെ പേരിനു പിന്നിലെ കഥയെക്കുറിച്ച് സംസാരിക്കുകയാണ് ജീൻ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ പ്രായത്തിന്റെ ഒരു കൗതുകം കൊണ്ട് മാത്രമായിരുന്നില്ല ഞാൻ ലാൽ ജൂനിയർ എന്ന പേര് സ്വീകരിച്ചത്. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് അവിടുത്തെ അധ്യാപകരുമായിട്ടൊക്കെ നല്ല ബന്ധമായിരുന്നു. പ്രത്യേകിച്ച് ഫിലിം സ്കൂളിലൊക്കെ പഠിക്കുമ്പോൾ, അവസാന വർഷം ഒക്കെയാകുമ്പോഴേക്കും അധ്യാപകർ നമ്മുടെ കൂട്ടുകാരെപ്പോലെയാകും. വളരെ കമ്പനിയായി നമ്മുടെ കൂടെ വർക്ക് ചെയ്യുന്ന ആളുകളെപ്പോലെ പെരുമാറും. അങ്ങനെ എന്റെ ഒരു പ്രൊഫസറുമായിട്ടുള്ള ചർച്ചയ്ക്കിടയിലാണ് ഈ വിഷയം വരുന്നത്. പപ്പയെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. അപ്പോൾ അദ്ദേഹമാണ്, ‘എന്തുകൊണ്ട് പപ്പയുടെ പേര് തനിക്കും ഉപയോഗിച്ചുകൂടാ, ലാൽ ജൂനിയർ എന്ന് ഇട്ടൂടെ’ എന്ന് ചോദിക്കുന്നത്.
ഞാൻ ജനിച്ച സമയത്ത് എനിക്ക് ജൂനിയർ ലാൽ എന്ന് പേരിടാൻ പപ്പ ആഗ്രഹിച്ചിരുന്നു എന്ന് മമ്മ പറഞ്ഞ് ഞാൻ അറിഞ്ഞിട്ടുണ്ടായിരുന്നു. അപ്പോൾ ഞാൻ വിചാരിച്ചു, ‘ആ കൊള്ളാമല്ലോ, നല്ല പരിപാടിയാണല്ലോ’ എന്ന്. അന്നത്തെ സമയത്ത് ഒരു നെപ്പോ കിഡ് ആവുക എന്നത് അത്ര മോശം കാര്യവുമായിരുന്നില്ല. അങ്ങനെയാണ് ഞാൻ ആ പേര് ഉപയോഗിച്ച് തുടങ്ങുന്നത്. സത്യം പറഞ്ഞാൽ ഞാൻ ആ പേരിൽ വളരെ ഹാപ്പി ആയിരുന്നു, എനിക്ക് അതിനോട് യാതൊരു അസംതൃപ്തിയും ഇല്ലായിരുന്നു. എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പേരായിരുന്നു അത്.
നമ്മുടെ ജീവിതത്തിൽ ഒരു നല്ല കാര്യം വരുമ്പോൾ പപ്പയുടെ പേര് ഒപ്പം പിടിക്കുന്നത് ഒരു രസമാണ്. പക്ഷേ, നമുക്ക് ഒരു മോശം സമയം വരുമ്പോൾ പപ്പയുടെ പേരും കൂടി ഒപ്പം വരുന്നത്, പപ്പയെക്കൂടി ചെളിയിൽ കൊണ്ടിടുന്ന ഒരു ഫീലാണ് ഉണ്ടാക്കുക. അതുകൊണ്ടാണ് പിന്നീട് ഈ പേര് വേണ്ട എന്ന് വിചാരിക്കാൻ കാരണം.
ബാലൻ ദി ബോയ് എന്ന സിനിമയിലും ആ പേര് ഉപയോഗിച്ചിട്ടില്ലായിരുന്നു , ആ സിനിമയ്ക്ക് അങ്ങനെ ഒരു ലാൽ ജൂനിയറിന്റെ ആവശ്യം ഇല്ലായിരുന്നു. അതിൽ ടൊവിനോയുടെ പേര് വരെ അവർ മറച്ചുവെച്ചിരുന്നു. സിനിമയ്ക്ക് അനാവശ്യമായ മറ്റ് അറ്റൻഷൻ പോകാതിരിക്കാൻ വേണ്ടിയായിരുന്നു. അല്ലെങ്കിൽ അവരിലൂടെ ആണ് ആ സിനിമ ഓടുന്നത് എന്ന് തോന്നാതിരിക്കാൻ ആയിരുന്നു.
ശരിക്കും പപ്പയുടെ ഒരു സപ്പോർട്ടിന് വേണ്ടിയിട്ടല്ല ഞാൻ ലാൽ ജൂനിയർ എന്ന ആ പേര് സ്വീകരിച്ചത്. പക്ഷേ, ആളുകൾ അങ്ങനെയാണ് ധരിക്കുന്നതെങ്കിൽ ഇനി ആ പേര് വേണ്ട എന്നൊരു തീരുമാനത്തിലേക്ക് എത്തുകയായിരുന്നു ഞാൻ,’ ജീൻ പോൾ ലാൽ പറഞ്ഞു.