ഈ മുഖം വെച്ച് പൂക്കി പിടിക്കാന്‍ പറ്റാത്തതുകൊണ്ടാണ്; ബാലനിലെ കഥാപാത്രത്തെ കുറിച്ച് ജീന്‍ പോള്‍ ലാല്‍
Malayalam Cinema
ഈ മുഖം വെച്ച് പൂക്കി പിടിക്കാന്‍ പറ്റാത്തതുകൊണ്ടാണ്; ബാലനിലെ കഥാപാത്രത്തെ കുറിച്ച് ജീന്‍ പോള്‍ ലാല്‍
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 21st June 2026, 6:58 am

കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ചിദംബരം.എസ്. പൊതുവാള്‍ സംവിധാനം ചെയ്ത ബാലന്‍ ദി ബോയ്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അടക്കം പ്രദര്‍ശിപ്പിച്ച് കൈയടി നേടിയ ബാലന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ താന്‍ കണ്ട മികച്ച ചിത്രമാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുകയും ചെയ്തതോടെ ചിത്രത്തിനായുള്ള പ്രതീക്ഷകള്‍ വര്‍ധിക്കുകയായിരുന്നു. പ്രതീക്ഷകളെ ശരിവെക്കുന്ന തരത്തിലായിരുന്നു തിയേറ്ററുകളില്‍ ചിത്രത്തിന് കിട്ടുന്ന പ്രതികരണവും.

ബാലന്‍ ദി ബോയ്. Photo: District

പുതുമുഖ താരങ്ങളെ പ്രധാനവേഷങ്ങളില്‍ അവതരിപ്പിച്ച ചിത്രത്തില്‍ ടൊവിനോ തോമസ്, ബീന ആന്റണി എന്നിവര്‍ക്കൊപ്പം സംവിധായകരായ ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ.ഡി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. ഇരുവരുടെയും പ്രകടനത്തിനും വലിയ പ്രശംസയാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയായിരുന്നു ജീന്‍ പോള്‍ ലാല്‍ അവതരിപ്പിച്ചത്. ചിത്രവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രെസ് മീറ്റില്‍ കഥാപാത്രത്തെ കുറിച്ച് ജീന്‍ പോള്‍ ലാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

തന്റെ ഈ പരുക്കന്‍ രൂപമുള്ള മുഖം വെച്ച് പൂക്കി വേഷങ്ങള്‍ ചെയ്യാന്‍ പറ്റാത്തത് കൊണ്ടാണ് ഇത്തരം വേഷങ്ങള്‍ ചെയ്യുന്നതെന്ന് തമാശയോടെ പറയുകയാണ് ജീന്‍ പോള്‍ ലാല്‍. ഒരു പ്രത്യേക കഥാപാത്രം ചെയ്യണമെന്ന് തോന്നിയിട്ടില്ലെന്നും എന്ത് ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും താന്‍ ആലോചിച്ചിട്ടില്ലെന്നും ജീന്‍ പറഞ്ഞു. താനൊരു സോഷ്യല്‍ ആന്‍ക്‌സൈറ്റിയുള്ള ആളാണെന്നും പക്ഷേ ഇതുപോലെ നല്ല കഥാപാത്രങ്ങള്‍ വരുമ്പോള്‍ അത് ചെയ്യാന്‍ ഇഷ്ടമാണെന്നും ജീന്‍ കൂട്ടിച്ചേര്‍ത്തു.

ബാലന്‍ ദി ബോയ്. Photo: X.com

ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖങ്ങളായ ഫര്‍സാന പാലത്തിങ്കലും ആദിശേഷനുമാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആവേശം ചിത്രത്തിന്റെ സംവിധായകനായ ജിത്തു മാധവനാണ്.

Content Highlight: Jean Paul Lal talks about his role in Balan The Boy movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.