നിലവില്‍ തിയേറ്ററുകളില്‍ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ചിദംബരം എസ് പൊതുവാള്‍ സംവിധാനം ചെയ്ത ബാലന്‍ ദി ബോയ്. വലിയ ഒച്ചപ്പാടും ബഹളങ്ങളുമില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടിക്കൊണ്ടാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ മുന്നേറുന്നത്. തമിഴ് സൂപ്പര്‍ താരങ്ങളായ സൂര്യയും ജ്യോതികയും അടക്കം സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

സമീപകാലത്തെ മലയാളത്തിലെ വലിയ രണ്ട് ഹിറ്റ് ചിത്രങ്ങളായ മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകരാണ് ചിത്രത്തിന് പിറകിലെന്നത് ബാലന്റെ വലിയ പ്ലസുകളിലൊന്നായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിന് വലിയ വിജയം ലഭിച്ചിട്ടും തന്റെ അടുത്ത ചിത്രം പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കാനുള്ള ചിദംബരത്തിന്റെ തീരുമാനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴില്‍ നിന്നടക്കം സൂപ്പര്‍താരങ്ങളെ കാസ്റ്റ് ചെയ്യാനുള്ള സാഹചര്യം നിലനില്‍ക്കെയായിരുന്നു ചിദംബരം ബാലനുമായി മുന്നോട്ട് പോയത്.

ബാലന്‍ ദി ബോയ്. Photo: District

ഇതുമായി ബന്ധപ്പെട്ട് ചിത്രത്തില്‍ പ്രധാനവേഷം അവതരിപ്പിച്ച ജീന്‍ പോള്‍ ലാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു സംവിധായകനെന്ന നിലയില്‍ തനിക്ക് ചിദംബരത്തോട് അസൂയ തോന്നിയെന്ന് പറയുകയാണ് ജീന്‍. ദി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘മഞ്ഞുമ്മല്‍ പോലൊരു ചിത്രം ചെയ്തതിന് ശേഷം അടുത്തത് ഏറ്റവും വലിയ ഒരു ചിത്രം ചെയ്യണമെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ട്രൈ അല്ല ഇത്. ഒരു സംവിധായകനെന്ന നിലയില്‍ നമ്മളെ എക്‌സൈറ്റ് ചെയ്യിക്കുന്ന സിനിമകള്‍ ചെയ്യുക അത് പുറത്തേക്ക് കൊണ്ടുവരാനുള്ള ഒരു ആത്മവിശവാസം കാണിക്കുക, മാത്രമല്ല രജിനികാന്തിന്റെ ഓഫറില്‍ വീണുപോകാതിരിക്കുക എന്നെല്ലാം പറയുന്നത് നിസാര കാര്യമല്ല എന്നാണ് എനിക്ക് തോന്നുന്നത്.

ജീന്‍ പോള്‍ ലാല്‍ ചിത്രത്തില്‍. Photo: X.com

ആദ്യം അത് ചെയ്തിട്ട് ഇത് എപ്പോള്‍ വേണമെങ്കിലും ചെയ്യാമല്ലോ എന്നൊരു തോന്നല്‍ ആര്‍ക്കായാലും ഉണ്ടാകും. ഇതൊരു റേസില്‍ ഇല്ലാത്ത സിനിമയാണ്, എന്നാല്‍ ഭയങ്കര സോളുണ്ട് ഈ ചിത്രത്തിന്. ചിത്രത്തിലെ പയ്യന്റെ ആദ്യത്തെ സീന്‍ എന്റെയടുത്ത് എക്‌സ്‌പ്ലെയിന്‍ ചെയ്യുമ്പോള്‍ തന്നെ ഒരു മേക്കര്‍ എന്ന നിലയില്‍ ഞാന്‍ എക്‌സൈറ്റഡായി. ഇതിന്റെ എല്ലാ പ്രൊസസിലും ഞാന്‍ ഭയങ്കര ത്രില്‍ഡ് ആയിരുന്നു. പുറത്ത് നിന്ന് കാണുമ്പോള്‍ നമുക്ക് ഒരു അസൂയ തോന്നുന്ന പരിപാടിയാണിത്,’ ജീന്‍ പറഞ്ഞു.

Content Highlight: Jean Paul lal talks about Chidambaram’s confidence to direct Balan the Boy after Manjummel boys