സംവിധാനം ചെയ്ത ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രിയിലെ സംസാരവിഷയമാക്കിയ സംവിധായകനാണ് ജീന്‍ പോള്‍ ലാല്‍. നടനും സംവിധായകനുമായ ലാലിന്റെ മകന്‍ എന്ന ലേബലില്‍ കടന്നുവന്ന ജീന്‍ പോള്‍ പിന്നീട് മോളിവുഡില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുത്തു. സംവിധാനത്തിലൊപ്പം അഭിനയത്തിലും ജീന്‍ പോള്‍ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.
അണ്ടര്‍വേള്‍ഡ് എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ സാന്നിധ്യമറിയിച്ച ജീന്‍ പോള്‍ ഇപ്പോള്‍ ബാലനിലും ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. പവിത്രന്‍ എന്ന പൊലീസ് ഓഫീസറായുള്ള പ്രകടനം ഒരുപാട് അഭിനന്ദനങ്ങള്‍ താരത്തിന് സമ്മാനിക്കുന്നുണ്ട്. ഒരു സിനിമാപ്രേമി എന്ന നിലയില്‍ മറക്കാനാകാത്ത തിയേറ്റര്‍ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ജീന്‍ പോള്‍.
ജീന്‍ പോള്‍ ലാല്‍ Photo: Screen grab/ Cue Studio
ചെറിയ പ്രായത്തില്‍ പടയപ്പ എന്ന സിനിമ കാണാന്‍ പോയത് ജീവിതത്തിലെ ഏറ്റവും മികച്ച ഓര്‍മയായിരുന്നെന്ന് ജീന്‍ പോള്‍ പറഞ്ഞു. ആളുകള്‍ തിങ്ങിനിറഞ്ഞ തിയേറ്ററില്‍ പോയിട്ടാണ് സിനിമ കണ്ടതെന്നും അത്രയധികം ആളുകളുള്ള വേറൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സ് തന്റെ ഓര്‍മയിലില്ലെന്നും ജീന്‍ പോള്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോസിനോട് സംസാരിക്കുകയായിരുന്നു താരം.
‘തമിഴ്‌നാട്ടില്‍ പപ്പയുടെ പടത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്താണ് ഈ പടം കണ്ടത്. ആളുകള്‍ തിങ്ങിനിറഞ്ഞ് ഒരിഞ്ച് സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു. സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് എന്ന് ടൈറ്റില്‍ എഴുതിക്കാണിച്ചപ്പോള്‍ തന്നെ ജനം ഇളകിമറിയുകയായിരുന്നു. അന്നത്തെ കാലത്ത് ഫിലിം പ്രൊജക്ടറായിരുന്നല്ലോ. അപ്പോള്‍ പ്രൊജക്ടറിന്റ ചൂടടിച്ച് ഫിലിം കത്തിപ്പോയി.
പടയപ്പ Photo: Screen grab/ V Creations
സിനിമ നിന്നപ്പോള്‍ ആളുകള്‍ ബഹളം വെക്കാന്‍ തുടങ്ങി. ആ തിരക്കില്‍ പെട്ട് മരിച്ചുപോകുമോ എന്ന് വരെ പേടിച്ചിരുന്നു. തിയേറ്ററുകാര്‍ ഒരുവിധത്തില്‍ ഫിലിം സ്‌ക്രാംബിള്‍ ചെയ്ത് എങ്ങനെയൊക്കെയോ ഒട്ടിച്ച് പടം വീണ്ടും ഇട്ടപ്പോള്‍ അത്രയും നേരം ബഹളം വെച്ചവര്‍ മിണ്ടാതിരുന്ന് സിനിമ കണ്ടു. ആ ഒരു അവസ്ഥയും അത്രയും ആളുകള്‍ പുള്‍ ചെയ്യാന്‍ കഴിയുന്ന സ്റ്റാറുമൊക്കെ വലിയ സംഭവമാണ്. ഒരു സിനിമക്ക് ആളുകളില്‍ ഉണ്ടാക്കാന്‍ കഴിയുന്ന വൗ ഫാക്ടറുണ്ടല്ലോ, അത് വലിയ സംഭവമാണ്,’ ജീന്‍ പോള്‍ ലാല്‍ പറഞ്ഞു.
ചെറിയ പ്രായത്തില്‍ അച്ഛന്റെ സിനിമകളുടെ വര്‍ക്ക് നേരിട്ട് കാണാന്‍ സാധിച്ചിട്ടുണ്ടെന്ന് ജീന്‍ പോള്‍ പറയുന്നു. രണ്ടാഴ്ച കൂടുമ്പോള്‍ ചെന്നൈയില്‍ പോകുമായിരുന്നെന്നും പല സിനിമകളുടെയും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കണ്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. അതെല്ലാം പിന്നീട് ഉപകാരപ്പെട്ടെന്നും ജീന്‍ പറയുന്നു.
Content Highlight: Jean Paul Lal shares the theatre experience of Padayappa movie