സച്ചി ഏട്ടൻ ഉണ്ടായിരുന്നെകിൽ ഞാൻ ഇന്ന് എവിടെയെങ്കിലും എത്തിയേനെ, അദ്ദേഹം മരിച്ച ദിവസമാണ് ബാലൻ റിലീസ് ആയത്: ജീൻ പോൾ ലാൽ
Malayalam Cinema
സച്ചി ഏട്ടൻ ഉണ്ടായിരുന്നെകിൽ ഞാൻ ഇന്ന് എവിടെയെങ്കിലും എത്തിയേനെ, അദ്ദേഹം മരിച്ച ദിവസമാണ് ബാലൻ റിലീസ് ആയത്: ജീൻ പോൾ ലാൽ
കെ.എസ് ഷാബിന
Sunday, 5th July 2026, 9:20 am

‘ഹണി ബീ’, ‘ഡ്രൈവിംഗ് ലൈസൻസ്’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാളസിനിമയിൽ സംവിധാന മികവ് തെളിയിച്ച സംവിധായകനും നടനുമാണ് ജീൻ പോൾ ലാൽ. മഞ്ഞുമ്മൽ ബോയ്സിലൂടെ അഭിനയമികവ് തെളിയിച്ച ജീൻ ഇപ്പോളിതാ ‘ബാലൻ’ എന്ന ചിത്രത്തിലെ പവിത്രൻ എന്ന പൊലീസ് വേഷത്തിലൂടെ വീണ്ടും മികച്ച അഭിപ്രായങ്ങൾ നേടുകയാണ്.

നിരവധി സിനിമകൾ മലയാള ചലചിത്രലോകത്തിന് സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു സച്ചി. ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസിന്റെ തിരക്കഥാകൃത്ത് കൂടിയയായ സച്ചിയേ കുറിച്ചുള്ള ആത്മബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് ജീൻ. ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സച്ചി.ഡ്രൈവിംഗ് ലൈസൻസ്.Photo;ManoramaOnline/IMDB

‘ഡ്രൈവിംഗ് ലൈസൻസ് എന്റെ മനസിനോട് അടുത്ത സിനിമയാണ്. കാരണം പപ്പയുടെ ചേട്ടായീസ് എന്ന പടം ചെയ്യുന്ന സമയത്താണ് ഞാൻ സച്ചിയേട്ടനുമായി പരിചയപ്പെടുന്നത്. ഞങ്ങൾ പെട്ടെന്ന് കണക്ട് ആയി. സച്ചിയേട്ടൻ എനിക്ക് സ്വന്തം ജ്യേഷ്ഠനെപ്പോലെ ആയിരുന്നു. ഭയങ്കരമായി എനിക്ക് ഉപദേശങ്ങൾ ഒക്കെ പറഞ്ഞുതരുന്ന ആളായിരുന്നു.

സച്ചിയേട്ടൻ അന്ന് എന്നോട് പി. സുകുമാരന് വേണ്ടി ചെയ്യാനിരുന്ന ഒരു കഥയെക്കുറിച്ച് പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ‘അടിപൊളി ഏട്ടാ, കൊള്ളാം’ എന്ന് ഞാൻ പറഞ്ഞു. പിന്നീട് ആ സിനിമ അവർ വേണ്ടെന്നുവെച്ചു എന്ന് അറിഞ്ഞപ്പോൾ, ‘ആ കഥ എനിക്ക് തരുമോ ഞാൻ ചെയ്തോട്ടെ’ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ ‘പിന്നെന്താടാ ചെയ്തോ’ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ആ ചിത്രം ഞാൻ ചെയ്യാൻ തീരുമാനിച്ചു. സച്ചിയേട്ടൻ ഒരു അടിപൊളി എഴുത്തുകാരനും നല്ല ഒരു മനുഷ്യനുമാണ്.

അയ്യപ്പനും കോശിയും.Photo:Facebook

അയ്യപ്പനും കോശിയുടെ കഥയാണ് ഞാൻ ആദ്യം കേട്ടത്. അപ്പോൾ ഞാൻ പറഞ്ഞു: ‘ചേട്ടാ എന്തൊക്കെ സംഭവിച്ചാലും അയ്യപ്പനും കോശിയും ഡ്രൈവിംഗ് ലൈസൻസിന് മുമ്പ് ഇറങ്ങരുത്’. കാരണം ആ പടത്തിന് ഭയങ്കര ലെയറുകളും കൾച്ചറുകളും ഉള്ളതുകൊണ്ട് ആ പടം വന്നുകഴിഞ്ഞാൽ ഡ്രൈവിംഗ് ലൈസൻസ് നിൽക്കില്ല, ഈ പടം നിന്നില്ലെങ്കിലും ആ പടം നിൽക്കും. കാരണം ആ പടത്തിന് മൊത്തത്തിൽ വേറെ ഫ്ലേവർ ആണ്. ശരിക്കും ആ സ്ക്രിപ്റ്റ് ഞാൻ എങ്ങനെ മനസിൽ കാണുന്നു എന്നുള്ളതാണ് ആ സിനിമ. ഞാൻ ആ സ്ക്രിപ്റ്റ് കൈയിലെടുത്തതോടെയാണ് ആ സിനിമയ്ക്ക് ഒരു തുടക്കമുണ്ടാകുന്നത്.

അതല്ലാതെ ഞാൻ അതിൽ ഒരു വരി മാറ്റിയിട്ടുമില്ല, മാറ്റാനുള്ള ധൈര്യവും എനിക്കില്ല. ആ സ്ക്രിപ്റ്റ് ഓരോ പ്രാവശ്യം വായിക്കുമ്പോഴും ഞാനും പപ്പയും ‘കൊള്ളാം’ എന്ന് പറയുമായിരുന്നു. അതിൽ ഇനി ഒന്നും ചെയ്യാനില്ലായിരുന്നു. ഇന്ന് സച്ചിയേട്ടൻ ഇല്ല. സച്ചിയേട്ടൻ ഇന്നുണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ന് എവിടെയോ എത്തിയേനെ. എന്റെ ഭാഗ്യം എന്ന് പറയുന്നത് സച്ചിയേട്ടൻ മരിച്ച ദിവസമാണ് ബാലൻ റിലീസായത് എന്നതാണ് , ജീൻ പോൾ ലാൽ ഓർത്തെടുത്തു.

Content Highlight: Jean Paul Lal shares a memory of director Sachy

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.