മലയാള സിനിമാപ്രേക്ഷകരെ ആവേശത്തിലാഴ്ത്തി പുതിയ ചിത്രം ടൈറ്റൻസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ എന്നിവർ ഒന്നിക്കുന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. വെൽ ഡ്രസ്ഡ് ലുക്കിൽ ആരെയോ സൂക്ഷ്മമായി നിരീക്ഷിക്കുന്ന രീതിയിലാണ് പ്രധാന താരങ്ങളെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.
സംവിധായകൻ പ്രിൻസ് ജോയ് ഒരുക്കുന്ന ചിത്രം 2026 ഒക്ടോബറിൽ തിയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫാന്റസി-കോമഡി ജോണറിലൊരുങ്ങുന്ന ചിത്രം വ്യത്യസ്തമായ കഥാപശ്ചാത്തലത്തിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
എബ്രഹാം ഓസ്ലർ എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസും ഇർഷാദ് എം. ഹസനും ചേർന്നുള്ള നേരമ്പോക്ക് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണ് ടൈറ്റൻസ്. ജയസൂര്യയെ നായകനാക്കി ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത മിഥുൻ മാനുവൽ തോമസ്, ജയസൂര്യയെ നായകനാക്കി നിർമിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
അനുഗ്രഹീതൻ ആന്റണിക്ക് ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ടൈറ്റൻസിനുണ്ട്. ചിത്രത്തിൽ വിനായകൻ അവതരിപ്പിക്കുന്ന കഥാപാത്രം പ്രേക്ഷകരെ വീണ്ടും അതിശയിപ്പിക്കുന്ന തരത്തിലായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നത്.
ജെയിംസ് സെബാസ്റ്റ്യൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ജയസൂര്യക്കും വിനായകനുമൊപ്പം ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, മണികണ്ഠൻ ആചാരി, നിഹാൽ, ബേബി ജീൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. താരനിരയും പ്രമേയവും കൊണ്ടുതന്നെ സിനിമയ്ക്ക് വലിയ പ്രതീക്ഷയാണ് ലഭിക്കുന്നത്.
ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായി സുനിൽ സിങ്ങും സജിത്ത് പി.വൈയും പ്രവർത്തിക്കുന്നു. ഛായാഗ്രഹണം വിഷ്ണു ശർമ്മയും എഡിറ്റിങ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു. സംഗീതം ഒരുക്കുന്നത് ഷാൻ റഹ്‌മാനാണ്. പ്രൊഡക്ഷൻ ഡിസൈൻ അരുൺ വെഞ്ഞാറമൂടും ആർട്ട് ഡയറക്ഷൻ മഹേഷ് പിറവവും കൈകാര്യം ചെയ്യുന്നു.
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. ജയസൂര്യയും വിനായകനും ഒന്നിക്കുന്ന ഈ പുതിയ കൂട്ടുകെട്ട് മലയാള സിനിമയിൽ വേറിട്ടൊരു അനുഭവമാകുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 2026-ലെ ശ്രദ്ധേയ റിലീസുകളിലൊന്നായി ടൈറ്റൻസ് മാറുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.
Content Highlight: Jayasurya-Vinayakan-Baby Jean collaboration; ‘Titans’ first look out
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.