മോഹന്‍ലാലും മമ്മൂട്ടിയും ഭരിക്കുന്ന മോളിവുഡില്‍ തന്റെ കഠിനാധ്വാനം കൊണ്ട് സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് ജയസൂര്യ. മിമിക്രി ആര്‍ട്ടിസ്റ്റായും ടെലിവിഷന്‍ ഷോ അവതാരകനായും കരിയര്‍ ആരംഭിച്ച താരം 1995 ല്‍ പുറത്തിറങ്ങിയ ത്രീ മെന്‍ ആര്‍മി എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് സിനിമയിലേക്കെത്തുന്നത്. പിന്നീട് 2002 ല്‍ പുറത്തിറങ്ങിയ ‘ഊമപെണ്ണിന് ഉരിയാടപയ്യനെ’ന്ന ചിത്രത്തിലൂടെ ലീഡ് റോളിലെത്തിയ ജയസൂര്യ ഒരു അഭിനേതാവെന്ന നിലയില്‍ തന്റെ റേഞ്ച് തെളിയിച്ചിരുന്നു.

ജയസൂര്യ. Photo: Screen Grab/ cue studio/ Youtube.com

പിന്നീട് ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളിക്ക് മുമ്പിലെത്തിയ താരത്തിന്റെ ഏറ്റവും അധികം ആഘോഷിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ആട് ഒരു ഭീകര ജീവിയാണ്’. തിയേറ്ററില്‍ ചിത്രം പരാജയമായെങ്കിലും പിന്നീട് വലിയ സ്വീകാര്യതയാണ് ഷാജി പാപ്പനെന്ന ജയസൂര്യ കഥാപാത്രത്തിനും കൂട്ടര്‍ക്കും ലഭിച്ചിരുന്നത്. പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയപ്പോള്‍ ആദ്യ ഭാഗം പരാജയമായതിന്റെ എല്ലാ ക്ഷീണങ്ങളും തീര്‍ത്താണ് ആട് 2 വിനെ മലയാളി പ്രേക്ഷകര്‍ വിജയിപ്പിച്ചത്. ചിത്രത്തിന്റെ മൂന്നാം ഭാഗം നൂറു കോടിയിലധികം നേടി വലിയ വിജയമാകുകയും ചെയ്തിരുന്നു.

താരത്തിന്റേതായി ഈ ആഴ്ച പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റന്‍സ്. ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഒരു കോമഡി ചിത്രം ചെയ്യാന്‍ തനിക്കുണ്ടായിരുന്ന ആഗ്രഹത്തെ കുറിച്ച് ജയസൂര്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ഞാന്‍ കുറേ നാളായി ഹ്യൂമര്‍ ബേസ് ചെയ്ത് ഒരു സിനിമ ചെയ്തിട്ട്. ആട് 3 ചെയ്‌തെങ്കിലും അതില്‍ സെക്കന്‍ഡിന്റെ അത്ര പൂണ്ടുവിളയാടാന്‍ ഉള്ള സ്‌പേസ് ഇല്ല. കാരണം അതില്‍ പാസ്റ്റും പരിപാടിയും എല്ലാം വരുന്നുണ്ട്. ജോത്സ്യന്റെ എപ്പിസോഡ് പോലെ കുറച്ച് സാധനങ്ങളാണ് അതിലുള്ളത്. അതിന് ശേഷം ഞാന്‍ കാത്തിരിക്കുകയായിരുന്നു. കാരണം ഒരു ഹ്യൂമര്‍ പരിപാടി ചെയ്യാന്‍ നമുക്ക് കൊതിയായിട്ട് വയ്യ. പക്ഷേ വരുന്നതെല്ലാം ഭയങ്കര ഇന്റെന്‍സായ സബ്‌ജെക്ടുകളാണ്.

ചില ക്ലോസായിട്ടുള്ള ഫ്രണ്ട്‌സ് എല്ലാം കഥ പറയാന്‍ വരുമ്പോള്‍ എന്തെങ്കിലും ഹ്യൂമറായിട്ടുള്ള സബ്‌ജെക്ടുമായി വാടാ എന്ന് പറയാറുണ്ട്. ടൈറ്റന്‍സ് എന്ന പടം പോലും ഞങ്ങള്‍ ആദ്യം പ്ലാന്‍ ചെയ്തത് ഒരു സീരിയസ് സബ്‌ജെക്ടായിട്ടാണ്. പിന്നെ അവസാനമാണ് അത് ഒരു കോമഡി രീതിയില്‍ പിടിക്കാം എന്ന ചിന്തയിലേക്കെത്തിയത്,’ ജയസൂര്യ പറഞ്ഞു.

ജയസൂര്യ. Photo: X.com

ജയസൂര്യ- വിനായകന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ടൈറ്റന്‍സ് ഒക്ടോബര്‍ 22ന് തിയറ്ററുകളില്‍ എത്തും. നേരമ്പോക്ക്, മാനുവല്‍ മൂവി മേക്കേഴ്സ്, അവനിര്‍ ടെക് എന്നീ ബാനറുകളില്‍ മിഥുന്‍ മാനുവല്‍ തോമസും ഇര്‍ഷാദ് എം. ഹസനും, ബാബു ഏട്ടന്‍ ഫിലിംസിന്റെ ബാനറില്‍ പ്രദീപ് സി.എസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയസൂര്യ, വിനായകന്‍ എന്നിവര്‍ക്കൊപ്പം നിഹാല്‍, ബേബി ജീന്‍, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Jayasurya talks about his desire to act on Titans movie Malayalam