മിമിക്രിയില്‍ നിന്ന് സിനിമാലോകത്തേക്കെത്തിയ നടന്മാരില് പ്രധാനിയാണ് ജയസൂര്യ. കരിയറിന്റെ തുടക്കത്തില്‍ ഒറ്റ സീനില്‍ മാത്രം മിന്നിമറഞ്ഞുപോകുന്ന കഥാപാത്രങ്ങള്‍ ചെയ്തിരുന്ന ജയസൂര്യ നായകനായി അരങ്ങേറിയത് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലൂടെയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളായ പുലിവാല് കല്യാണം, ചതിക്കാത്ത ചന്തു എന്നിവയിലെ നായകവേഷവും കരിയറിന്റെ തുടക്കത്തില്‍ ഗുണം ചെയ്തു.
നായകവേഷത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ക്യാരക്ടര്‍ റോളുകളിലും വില്ലന്‍ റോളുകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വ്യത്യസ്തമായ ഗെറ്റപ്പുകളും കഥാപാത്രങ്ങളും ചെയ്ത് ഫലിപ്പിക്കുന്നതില്‍ ജയസൂര്യ ഒരുപടി മുന്നിലാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ടൈറ്റന്‍സ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിനായകനും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന് ഇന്റര്‍വ്യൂവില്‍ ജയസൂര്യ വിനായകനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ തങ്ങള്‍ സുഹൃത്തുക്കളായിരുന്നെന്നും പരസ്പരം അറിയാമെന്നും താരം പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു ജയസൂര്യ.
‘വിനായകനെ എനിക്ക് പണ്ടേ അറിയാം. സിനിമയിലെത്തുന്നതിന് മുന്നേ വിനായകന് ഗംഭീര പൊട്ടന്‍ഷ്യലുള്ള ആളാണെന്ന് എനിക്ക് മനസിലായിട്ടുണ്ട്. ഞാന്‍ മിമിക്രിയുമായി നടക്കുന്ന സമയത്ത് വിനായകന് ഡാന്‍സില്‍ കഴിവ് തെളിയിക്കുന്നത് ഞാന്‍ കണ്ടതാണ്. അന്നത്തെ സമയത്ത് ഫയര്‍ ഡാന്‍സ് പോപ്പുലറാക്കിയത് വിനായകനാണ്.

ഞാന്‍ പൊക്കി പറയുന്നതല്ല, മറ്റാര് ചെയ്യുന്നതിനെക്കാളും ഗംഭീരമായിട്ടായിരുന്നു വിനായകന് ചെയ്തിരുന്നത്. ഡാന്‍സിലുള്ള വിനായകന്റെ കഴിവ് ആരും എക്സ്പ്ലോര്‍ ചെയ്തിട്ടില്ല. എനിക്ക് തോന്നുന്നത് ഞാന്‍ മാത്രമേ അത് കണ്ടിട്ടുള്ളൂ. ഭാവിയില്‍ വിനായകന് ഡാന്‍സില്‍ തിളങ്ങുന്ന ഏതെങ്കിലും പടം ആരേലും ചെയ്യുമായിരിക്കും,’ ജയസൂര്യ പറയുന്നു.
കരിയറിന്റെ തുടക്കത്തില്‍ തന്നെ വിനായകനൊപ്പം മികച്ച സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ചതിക്കാത്ത ചന്തുവിലെ റോമിയോ എന്ന കഥാപാത്രവും ഗ്രീറ്റിങ്സിലെ ഹരി എന്ന കഥാപാത്രവും മികച്ചതായിരുന്നെന്നും പിന്നീടും നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു. ടൈറ്റന്‍സിലെ കോമ്പോ സീനുകളും തങ്ങള്‍ ആസ്വദിച്ചിരുന്നെന്നും താരം പറഞ്ഞു.
Content Highlight: Jayasurya saying Vinayakan’s dance area didn’t explored by anyone
