| Tuesday, 7th July 2026, 1:57 pm

ട്വന്റി20 ക്ലൈമാക്‌സില്‍ ഞാന്‍ എവിടെയായിരുന്നു എന്ന് ഓര്‍ത്തെടുക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല: ജയറാം

അശ്വിന്‍ രാജേന്ദ്രന്‍

മിമിക്രിയിലൂടെ കരിയര്‍ ആരംഭിക്കുകയും പിന്നീട് പത്മരാജന്‍ ചിത്രം അപരനിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്ത അഭിനേതാവാണ് ജയറാം. രാജസേനന്‍-ജയറാം കൂട്ടുകെട്ടില്‍ തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാകാനും വലിയ ജനപ്രീതി നേടാനും താരത്തിന് സാധിച്ചിരുന്നു. ജയറാം കേന്ദ്രകഥാപാത്രമായി അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായിരുന്നു പരിമള ആന്‍ഡ് കോ.

ജയറാം. Photo: News 18

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തമിഴ് ചാനലുകള്‍ക്ക് നല്‍കിയ അഭമുഖങ്ങളില്‍ താരം നടത്തിയ പ്രസ്താവനകള്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമായിരുന്നു. ഇതില്‍ പ്രധാനമായും താരത്തിന് ട്രോള്‍ കിട്ടിയത് മലയാള ചലച്ചിത്രം ട്വന്റി20യുമായി ബന്ധപ്പെട്ടായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം താന്‍ ഇല്ലാതിരുന്നതിനെ കുറിച്ച് ജയറാം പറഞ്ഞ കാരണമായിരുന്നു ഇതിന് വഴിവെച്ചത്. ദീപാവലി കൂടാനായി താന്‍ വീട്ടില്‍ പോയെന്ന് താരം പറഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ ശബരിമല ദര്‍ശനത്തിന് പോയതാണെന്നായിരുന്നു ജയറാം പറഞ്ഞത്.

സാഹചര്യത്തിനനുസരിച്ച് കാര്യങ്ങള്‍ മാറ്റിപ്പറയുന്ന ജയറാമിന്റെ സ്വഭാവത്തിനെതിരെ വലിയ വിമര്‍ശനമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം നല്‍കിയ വിശദീകരണമാണ് ശ്രദ്ധേയമാകുന്നത്.

‘ട്വന്റി20യുടെ പോസ്റ്ററില്‍ താരങ്ങളെല്ലാം നിരന്ന് നില്‍ക്കുന്ന കൂട്ടത്തില്‍ ഞാനില്ലായിരുന്നു. അതിന്റെ കാരണം രണ്ട് ഇന്റര്‍വ്യൂവില്‍രണ്ട് രീതിയില്‍ പറഞ്ഞതാണ് ട്രോളുകള്‍ക്ക് കാരണമായത്. പുതിയ ഇന്റര്‍വ്യൂവില്‍ ചെന്നൈയില്‍ ദീപാവലി ആഘോഷിക്കാന്‍ പോയി എന്നാണ് പറയുന്നത്. പഴയതില്‍ ശബരിമലക്ക് പോയെന്നും.

ട്വന്റി20. Photo: IMDB

ശരിയാണ്, ഞാന്‍ പറഞ്ഞതില്‍ വൈരുധ്യമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച കാര്യമല്ലേ ഓര്‍മപിശക് ഉണ്ടാകുമല്ലോ. അന്ന് സിനിമയില്‍ ഉണ്ടായിരുന്നവരെയെല്ലാം വിളിച്ച് ചോദിച്ചിരുന്നു. ആര്‍ക്കും ഞാന്‍ എവിടെയാണെന്ന് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല,’ ജയറാം പറഞ്ഞു.

Content Highlight: Jayaram talks about trolls against him regarding twenty20 Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more