വിനയം കൂടിപ്പോയതിന്റെ പേരിലുള്ള വിമർശനങ്ങൾ കേൾക്കുന്നു, ഇത് എന്റെ സ്ഥായിയായ ഭാവമാണ്: ജയറാം
Malayalam Cinema
വിനയം കൂടിപ്പോയതിന്റെ പേരിലുള്ള വിമർശനങ്ങൾ കേൾക്കുന്നു, ഇത് എന്റെ സ്ഥായിയായ ഭാവമാണ്: ജയറാം
നന്ദന. ടി
Tuesday, 7th July 2026, 7:46 am

മലയാള സിനിമയിൽ പതിറ്റാണ്ടുകളായി തന്റേതായ ഹാസ്യശൈലി കൊണ്ടും കുടുംബനായകൻ ഇമേജ് കൊണ്ടും പ്രേക്ഷകമനം കവർന്ന നടനാണ് ജയറാം. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നിരവധി ജനപ്രിയ കഥാപാത്രങ്ങളും സ്വന്തമാക്കി മലയാള സിനിമയിൽ തന്റേതായ ഇടം ഉറപ്പിച്ച താരം അടുത്തകാലത്തായി സോഷ്യൽ മീഡിയയിലെ ട്രോൾ പേജുകളിൽ സജീവ ചർച്ചാവിഷയമാണ്. സിനിമയിലെ പ്രകടനങ്ങൾക്കപ്പുറം, അഭിമുഖങ്ങളിലും മറ്റും അദ്ദേഹം പ്രകടിപ്പിക്കുന്ന അമിത വിനയമാണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. തനിക്കെതിരെ
വരുന്ന ഇത്തരം ട്രോളുകളെ കുറിച്ച് പ്രതികരിക്കുകയാണ് ജയറാം. വനിതക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

ജയറാം.photo.screen grab/youtube

 

‘സാധാരണയായി ആളുകൾ നേരിടുന്ന വിമർശനം അഹംഭാവം കൂടുതലാണെന്നോ, സിനിമയിൽ വന്നതിനുശേഷം ജാഡ കൂടിയെന്നോ ഒക്കെയാണ്. എന്നാൽ വിനയം കൂടിപ്പോയതിന്റെ പേരിലുള്ള വിമർശനങ്ങൾ ഞാൻ ആദ്യമായാണ് കേൾക്കുന്നത്. പക്ഷേ, ഇത് എന്റെ ഒരു സ്ഥായിയായ ഭാവമാണ്, എനിക്കിത് മാറ്റാൻ പറ്റില്ല.

ഞാൻ എപ്പോഴും ഒരാളോട് സംസാരിക്കുമ്പോൾ എത്രയൊക്കെ ബലം പിടിച്ചിരിക്കാൻ ശ്രമിച്ചാലും എന്നെക്കൊണ്ട് അതിന് സാധിക്കില്ല. എനിക്ക് അങ്ങനെ സംസാരിക്കാൻ അറിയില്ല. എന്റെ മുഖഭാവം അങ്ങനെയായിപ്പോയി, ശീലങ്ങൾ അങ്ങനെയായിപ്പോയി. അതല്ലാതെ ഒരു ആർട്ടിഫിഷ്യൽ ഫേസ് എടുത്തണിഞ്ഞു നടക്കാൻ എന്നെക്കൊണ്ട് പറ്റില്ല. ഇതൊന്നും ഞാൻ എപ്പോഴും പ്രാക്ടീസ് ചെയ്ത് ഉണ്ടാക്കിയതുമല്ല, ജന്മനാ എന്റെ മുഖം ഇങ്ങനെ തന്നെയാണ്. ചിലപ്പോൾ ചിലർക്ക് അത് ചീത്തയായി തോന്നിയാൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല.

ആളുകൾക്ക് ട്രോളാനുള്ള സാഹചര്യങ്ങൾ മാക്സിമം ഉണ്ടാക്കിക്കൊടുക്കാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. എങ്കിലും, ഇതിപ്പോൾ എന്റെ തൊഴിലിന്റെ ഒരു ഭാഗമായിക്കഴിഞ്ഞു. അല്ലാതെ ‘അയ്യോ എന്നെ ആളുകൾ കളിയാക്കുന്നു, ഞാൻ നാളെ അഭിനയമൊക്കെ നിർത്തി പോവുകയാണ്’ എന്നൊന്നും ചിന്തിക്കാൻ പറ്റില്ല. കാരണം കഴിഞ്ഞ 38 വർഷമായിട്ട് ഞാൻ ഈ ജോലിയാണ് ചെയ്യുന്നത്. അപ്പോൾ ട്രോളുകളെയും വിമർശനങ്ങളെയും കൂടെക്കൂട്ടുക, അത് എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകും എന്ന് വിചാരിക്കുക, അത്രമാത്രം’, ജയറാം പറഞ്ഞു.

 

ജയറാം.photo.screen grab/youtube

Content Highlight: Jayaram talks about the trolls he faced on social media

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം