അന്ന് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് കാളിദാസിനെ സായിപ്പിനെ ഏല്പിച്ചു പോയി തിരിച്ചു വന്നപ്പോള്‍ അവിടെ ആള്‍ക്കൂട്ടമാണ് കണ്ടത്: ജയറാം
Malayalam Cinema
അന്ന് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് കാളിദാസിനെ സായിപ്പിനെ ഏല്പിച്ചു പോയി തിരിച്ചു വന്നപ്പോള്‍ അവിടെ ആള്‍ക്കൂട്ടമാണ് കണ്ടത്: ജയറാം
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 1st February 2026, 9:18 am

മലയാളി പ്രേക്ഷകര്‍ക്ക് എന്നും ഒരയല്‍വാസിയെ പോലെ പരിചിതമായ മുഖമാണ് ജയറാമിന്റെത്. 1988 ല്‍ പുറത്തിറങ്ങിയ പത്മരാജന്‍ ചിത്രം അപരനിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച ജയറാം കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിലും മറ്റ് സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളിലും സ്ഥിരസാന്നിധ്യമാണ്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പുവിന്റയും എന്ന രണ്ട് ചിത്രങ്ങളിലൂടെ ജയറാമിന്റെ മകന്‍ കാളിദാസ് ജയറാമും മലയാളി സിനിമാ പ്രേക്ഷകരുടെ വാത്സല്യത്തിന് പാത്രമായിരുന്നു.

ജയറാമും കാളിദാസും. Photo: screen grab/ cue studio/ Youtube.com

2003 ല്‍ പുറത്തിറങ്ങിയ എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിന് ശേഷം അച്ഛന്‍-മകന്‍ കോമ്പിനേഷന്‍ വീണ്ടും മലയാളത്തില്‍ ഒന്നിക്കുന്ന ചിത്രമാണ് ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ആശകള്‍ ആയിരം. ചിത്രവുമായി ബന്ധപ്പെട്ട് ഇരുവരും ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ജയറാം മകന്‍ കാളിദാസിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിജയ് ടി.വിയുടെ പരിപാടിയില്‍ കാളിദാസ് സൂര്യ, അജിത് കുമാര്‍, വിജയ് തുടങ്ങിയ താരങ്ങളുടെ ശബ്ദം അനുകരിച്ചത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു സ്‌കോട്‌ലന്‍ഡില്‍ നടന്ന അനുഭവത്തെക്കുറിച്ച് ജയറാം സംസാരിച്ചത്.

‘വിജയ് ടി.വിയുടെ പരിപാടിയില്‍ കാളി മിമിക്രി അവതരിപ്പിച്ചത് എനിക്കും പാര്‍വതിക്കും സര്‍പ്രൈസായിരുന്നു. പക്ഷേ അതിന് മുമ്പ് തന്നെ അവന് ഒരു ക്രൗഡിനെ പുള്ള് ചെയ്യാന്‍ പറ്റുമെന്ന് തോന്നിയിരുന്നു. കാളിദാസിന് പതിമൂന്ന് വയസ്സുള്ളപ്പോള്‍ ഞങ്ങളെല്ലാവരും കൂടി സ്‌കോട്‌ലാന്‍ഡില്‍ വെക്കേഷന് പോയിരുന്നു. അവിടെ ഉള്‍പ്രദേശങ്ങളിലേക്ക് പോയാലാണ് ജോണി വാക്കര്‍ പോലെ വിസ്‌ക്കി ഉണ്ടാക്കുന്ന ഫാക്ടറികളെല്ലാം ഉള്ളത്.

അന്ന് ഇവന്‍ ചെറുതാണല്ലോ, കുട്ടികളെ ഒന്നും അകത്തേക്ക് കയറ്റിവിടില്ല. അങ്ങനെ ഞങ്ങള്‍ ഒരു സായിപ്പിനെ കണ്ടുപിടിച്ച് ഇത് ഞങ്ങളുടെ മോനാണ് ഒരു മൂന്നു മണിക്കൂര്‍ നേരത്തേക്ക് നോക്കാമോ എന്ന് ചോദിച്ചു, അവര്‍ നോക്കികൊള്ളാമെന്ന് ഏറ്റു. അങ്ങനെ ഇവനെ സായിപ്പിനെ വിശ്വസിച്ച് ഏല്പിച്ച് ഞങ്ങള്‍ അകത്തേക്ക് പോയി. മൂന്നു മണിക്കൂര്‍ കമ്പനിയെല്ലാം കണ്ട് തിരിച്ചു വന്നപ്പോള്‍ കാണുന്നത് പത്തിരുപത് സായിപ്പന്മാരുടെ ക്രൗഡാണ്,’ജയറാം പറയുന്നു.

എന്താണ് സംഭവമെന്ന് നോക്കുമ്പോള്‍ കാളിദാസ് താന്‍ ചെണ്ടകൊട്ടുന്നത് ജില്ലം പട പട എന്ന ശബ്ദത്തോടെ അവര്‍ക്ക് മിമിക്രി കാണിച്ചുകൊടുത്തതാണ് കണ്ടതെന്ന് ജയറാം പറയുന്നു. അന്ന് അവന് അവിടെയുള്ളവര്‍ ഒരു തൊപ്പിയെല്ലാം വാങ്ങിച്ച് കൊടുത്തിട്ടുണ്ടെന്നും ഇപ്പോഴും അത് സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. കാളിദാസ് ഒരു പെര്‍ഫോമര്‍ ആവുമെന്ന് അന്ന് തനിക്ക് മനസിലായെന്നും ജയറാം പറഞ്ഞു.

ആശകള്‍ ആയിരം. Photo: IMDB

23 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ആശകള്‍ ആയിരം എന്ന ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്ത് വന്ന ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ആശാ ശരത്, ഷറഫുദ്ദീന്‍, ഇഷാനി കൃഷ്ണ, അഖില്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ജൂഡ് ആന്തണി ജോസ് ആണ്.

Content Highlight: Jayaram talks about his memory about his son kalidas jayaram

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.