1988ല്‍ പുറത്തിറങ്ങിയ പത്മരാജന്‍ ചിത്രം അപരനിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് ജയറാം. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്ത താരം തമിഴ് തെലുങ്ക് തുടങ്ങി അന്യഭാഷ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ്. പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട അങ് വൈകുണ്ഠപുരത്ത്, കാന്താര ചാപ്റ്റര്‍ 2, ഗെയിം ചെയിഞ്ചര്‍, പൊന്നിയന്‍ സെല്‍വന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
അടുത്തിടെ തമിഴില്‍ പുറത്തിറങ്ങിയ പരിമള ആന്‍ഡ് കോ എന്ന ചിത്രത്തില്‍ ജയറാമും ഉര്‍വശിയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളായെത്തിയത്. ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ തന്റെ കരിയറില്‍ ചെയ്യാന്‍ പറ്റാതെ പോയ ചിത്രത്തെ കുറിച്ച് പറയുന്ന ജയറാമിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. സംവിധായകന്‍ ഭരതനോടൊപ്പം ചെയ്യാനിരുന്ന ചിത്രത്തെ കുറിച്ചുള്ള ഓര്‍മകളാണ് അദ്ദേഹം പങ്കുവെച്ചത്.
‘ഭരതന്‍ സാറിന് ഒരു ഡ്രീം പ്രൊജക്ടുണ്ടായിരുന്നു. കുഞ്ചന്‍ നമ്പ്യാരെ കുറിച്ചുള്ള ചിത്രമായിരുന്നു അത്. കുഞ്ചന്‍ നമ്പ്യാര്‍ കേരളത്തിലെ ഓട്ടന്‍തുള്ളല്‍ എന്ന കലാരൂപത്തിന്റെ സ്രഷ്ടാവാണ്. ചാക്യാര്‍കൂത്ത് എന്ന സദസില്‍ മാത്രം നടന്നിരുന്ന കലാരൂപത്തെ ഓട്ടന്‍ തുള്ളലാക്കി ജനങ്ങള്‍ക്കിടയിലേക്ക് കൊണ്ടുവന്നത് അദ്ദേഹമായിരുന്നു.
അദ്ദേഹത്തിന്റെ ജീവിതം ഒരു സിനിമയാക്കാന്‍ വേണ്ടി ഭരതന്‍ സാര്‍ എല്ലാം പ്ലാന്‍ ചെയ്തിരുന്നു. എന്നെ വെച്ച് അവരുടെ രൂപമെല്ലാം വരച്ച് എല്ലാം തയ്യാറാക്കി വെച്ചിരുന്നു. പ്രൊജക്ട് തുടങ്ങാനായി ഓരോ ദിവസവും ഞാന്‍ അത്രയധികം കാത്തിരുന്നു. അത് എന്റെ ജീവിത്തിലെ വലിയ ആഗ്രഹമായിരുന്നു. അതിന് ശേഷം ജീവിതത്തില്‍ ഒരു സിനിമയും ചെയ്തിട്ടില്ലെങ്കില്‍ കുഴപ്പമില്ല എന്ന് വരെ ആഗ്രഹിച്ച ചിത്രമായിരുന്നു അത്.
എന്നാല്‍ ചിത്രം ചെയ്യുന്നതിന് മുമ്പ് തന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നു. അന്ന് തയ്യാറാക്കി വെച്ചിരുന്ന സ്‌കെച്ചുകളെല്ലാം ഞാന്‍ ഇപ്പോഴും നോക്കാറുണ്ട്. മുടിയെല്ലാം നീട്ടി വളര്‍ത്തി മിഴാവ് കൊട്ടുന്ന രീതിയിലായിരുന്നു അദ്ദേഹം അത് തയ്യാറാക്കിയിരുന്നത്. അത് നടക്കാതെ പോയത് എന്റെ വലിയ സങ്കടങ്ങളിലൊന്നാണ്,’ജയറാം പറഞ്ഞു.
Content Highlight: Jayaram talks about Director Bharathan’s Dream project
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.