പദ്മരാജന്‍ മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് ജയറാം. മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ ജയറാം ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയ ജയറാം പിന്നീട് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. തുടര്‍പരാജയങ്ങള്‍ കാരണം മലയാളത്തില്‍ നിന്ന് വിട്ടുനിന്ന താരം ഇപ്പോള്‍ വീണ്ടും ഇന്‍ഡസ്ട്രിയില്‍ സജീവമായിരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും ഉര്‍വശിയും ഒന്നിക്കുന്ന ചിത്രമാണ് പരിമള ആന്‍ഡ് കോ. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച വരവേല്പാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂകളില്‍ വളരെ എനര്‍ജറ്റിക്കായി പെരുമാറിയ ജയറാമിന്റെ വീഡിയോകളാണ് ഹൈലൈറ്റ്. മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ സമയത്തെ അനുഭവങ്ങള്‍ താരം പങ്കുവെച്ചു.
ജയറാം Photo: Screen grab/ SS Music
തന്റെ മിമിക്രി കണ്ടിട്ടാണ് പദ്മരാജന്‍ സിനിമയില്‍ അവസരം നല്‍കിയതെന്ന് ജയറാം പറഞ്ഞു. ഒന്നിന് പിന്നാലെ ഒന്നായി രണ്ട് സിനിമകളില്‍ അദ്ദേഹം തനിക്ക് അവസരം നല്‍കിയെന്നും താരം കൂട്ടിച്ചേര്‍ത്തു. കരിയറിന്റെ തുടക്കത്തില്‍ തന്നെ ലെജന്‍ഡറിയായിട്ടുള്ള ഒരുപാട് ആര്‍ട്ടിസ്റ്റുകളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചെന്നും അദ്ദേഹം പറയുന്നു. എസ്.എസ്. മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു ജയറാം.
‘സിനിമയിലേക്ക് വന്ന സമയത്ത് തന്നെ എല്ലാവരും എന്നോട് നല്ല പെരുമാറ്റമായിരുന്നു. അതുവരെ സിനിമയില്‍ മാത്രം കണ്ടിട്ടുള്ളവരെ അടുത്ത് കാണുമ്പോള്‍ എന്താണ് പറയേണ്ടത് പോലും അറിയാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. അങ്ങനെ ഒരു സമയത്ത് സുകുമാരിയമ്മ എന്നെ ഒരു നടിയുടെ അടുത്ത് കൊണ്ടുപോയി. ആ സമയത്തെ ടോപ് ഹീറോയിനായിരുന്നു അവര്‍.
ആദ്യമായിട്ടാണ് ആ നടിയെ നേരിട്ട് കാണുന്നത്. എന്നോട് ഇരിക്കാന്‍ പറഞ്ഞപ്പോഴും ഞാന്‍ നില്ക്കുകയായിരുന്നു. ‘മിമിക്രിയൊക്കെ കണ്ടിട്ടുണ്ട്, നല്ലതാണ്’ എന്നൊക്കെ അവര്‍ പറയുമ്പോഴും എനിക്ക് ഒന്നും പറയാന്‍ വന്നില്ല. ചെറിയൊരു പേടിയുണ്ടായിരുന്നു. ആ നടി ഇന്ന് എന്റെ ഭാര്യയായി എന്റെ വീട്ടിലുണ്ട്. ഇപ്പോഴും ഈ കാര്യം പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്,’ ജയറാം പറഞ്ഞു.
തലൈവന്‍ തലൈവി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പരിമള ആന്‍ഡ് കോ. ജയറാമും ഉര്‍വശിയും തമ്മിലുള്ള കോമ്പോ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സഞ്ജന നടരാജന്‍, യോഗി ബാബു, മിഷ്‌കിന്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രം മെയ് 28ന് തിയേറ്ററുകളിലെത്തും.
Content Highlight: Jayaram shares the memories of first meeting with Parvathy