മുറുകെ പിടിച്ചോളൂ കളയണ്ട, എന്റെ പേര് പിണറായി വിജയനെന്നാണ്; ഓര്‍മ പങ്കുവെച്ച് ജയറാം
Malayalam Cinema
മുറുകെ പിടിച്ചോളൂ കളയണ്ട, എന്റെ പേര് പിണറായി വിജയനെന്നാണ്; ഓര്‍മ പങ്കുവെച്ച് ജയറാം
അശ്വിന്‍ രാജേന്ദ്രന്‍
Friday, 2nd January 2026, 12:24 pm

മലയാള സിനിമക്ക് ഒരുപാട് അഭിനേതാക്കളെയും അഭിനേത്രികളെയും സമ്മാനിച്ച സംഘടനയാണ് കൊച്ചിന്‍ കലാഭവന്‍. കലാഭവനില്‍ നിന്നും മിമിക്രിയിലൂടെ മലയാള സിനിമയിലെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ജയറാം. 1988 ല്‍ പുറത്തിറങ്ങിയ അപരനിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടന്‍ ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമാണ്.

കൈരളി ചാനല്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് പങ്കു വെച്ച അനുഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലാവുന്നത്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അനുഭവത്തെക്കുറിച്ച് കഴിഞ്ഞ നവംബറില്‍ ജയറാം സംസാരിക്കുന്ന വീഡിയോ ഇപ്പോഴാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ദേയമാകുന്നത്.

മമ്മൂട്ടിയും ജയറാമും. Photo: Mammootty/ facebook.com

അഭിനയത്തിനൊപ്പം ചെണ്ടയും തന്റെ പ്രൊഫഷന്റെ ഭാഗമായി കൊണ്ടുനടക്കുന്നയാളാണ് ജയറാം. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ചാനലിന്റെ ഉദ്ഘാടന വേദിയില്‍ മമ്മൂട്ടിയുടെ നിര്‍ദേശ പ്രകാരമാണ് താന്‍ ചെണ്ട കൊട്ടിയതെന്നും താരം പറഞ്ഞിരുന്നു. അന്നത്തെ പരിപാടിക്ക് ശേഷമാണ് ചെണ്ട എന്ന കലയെ പ്രൊഫഷനായും കൊണ്ടു പോകാമെന്ന് താന്‍ മനസിലാക്കിയതെന്നും താരം പറഞ്ഞു.

‘അന്ന് ആ വേദിയില്‍ ചടങ്ങിന്റെ തലേ ദിവസം റിഹേഴ്‌സല്‍ ചെയ്യുകയായിരുന്നു. പെട്ടെന്ന് എന്റെ കൈയ്യില്‍ നിന്നും ചെണ്ട കോല്‍ തെറിച്ചു ദൂരേക്ക് വീണു. ഒരാള്‍ അതെടുത്ത് എനിക്ക് തന്നിട്ട് മുറുകെ പിടിച്ചോളൂ കളയണ്ട, എന്റെ പേര് പിണറായി വിജയന്‍ എന്നാണ് എന്ന് എന്നോട് പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും മികച്ച ഒരു തുടക്കമായിരുന്നു അത്,’ ജയറാം പറഞ്ഞു.

പിണറായി വിജയന്‍. Photo: The federal

1996 ല്‍ പുറത്തിറങ്ങിയ തൂവല്‍ കൊട്ടാരത്തിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ ജയറാം തമിഴ് ചിത്രമായ തെന്നാലിയിലൂടെ രണ്ട് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്. അതുല്ല്യ സംവിധായകനായ പത്മരാജന്‍ ചിത്രങ്ങളായ അപരന്‍, മൂന്നാംപക്കം, ഇന്നലെ തുടങ്ങിയവയിലൂടെയാണ് ജയറാമിലെ നടനെ മലയാളി പ്രേക്ഷകര്‍ തിരിച്ചറിയുന്നത്.

അടുത്തകാലത്തിറങ്ങിയ സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളിലും ജയറാം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ശങ്കറിന്റെ ഗെയിം ചേഞ്ചറിലെ അഭിനയത്തിന് താരം ട്രോളുകള്‍ ഏറ്റുവാങ്ങിയെങ്കിലും റിഷഭ് ഷെട്ടിയുടെ കാന്താരയുടെ രണ്ടാം ഭാഗത്തിലൂടെ മികച്ച വേഷം കൈകാര്യം ചെയ്ത് കൈയ്യടി നേടാനും താരത്തിനായിരുന്നു.

Content Highlight: Jayaram shares his memory of Pinarayi Vijayan

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.