മലയാളി കുടുംബപ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ജയറാം. മികച്ച അഭിനയശൈലി കൊണ്ടും അതിലുപരി മിമിക്രിയിലൂടെയുള്ള അനുകരണപാടവം കൊണ്ടുമാണ് താരം പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയത്. സ്വന്തം ജീവിതത്തിലെ സന്തോഷവും സങ്കടവും നിറഞ്ഞ നിമിഷങ്ങൾ വേദികളിൽ രസകരമായി അവതരിപ്പിച്ച് കാണികളെ കയ്യിലെടുക്കുക എന്നത് അദ്ദേഹത്തിന്റെ രീതിയാണ്.
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ജയറാം ഇപ്പോൾ സജീവമായി അഭിനയം തുടരുന്നുണ്ട്. മിമിക്രിയിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒട്ടനവധി നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളികളുടെ പ്രിയങ്കരനായ നടനായി അദ്ദേഹം മാറി. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ മറക്കാനാവാത്ത ഒരു അനുഭവം പങ്കുവെക്കുകയാണ് ജയറാം.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് ജയറാം. ആദ്യമായി കണ്ടപ്പോൾ തന്റെ പേര് അദ്ദേഹം ഓർത്തുവെക്കുകയും പിന്നീട് ബഹുമാനത്തോടെ സംസാരിക്കുകയും ചെയ്തപ്പോൾ വല്ലാത്തൊരു അഭിമാനം തോന്നിയെന്ന് ജയറാം പറയുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘പരിമള ആൻഡ് കോ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ‘സിനിമ വികടൻ’ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ ഓർമ്മകൾ പങ്കുവെച്ചത്.
‘കേരളത്തിൽ ഒരു പരിപാടിക്ക് പോയപ്പോൾ സച്ചിനും ഭാര്യയും അവിടെയുണ്ടായിരുന്നു. എന്റെ കൂടെ എന്റെ ഭാര്യയുമുണ്ടായിരുന്നു. കല്യാൺ ജ്വല്ലേഴ്സിന്റെ ഒരു പരിപാടിയായിരുന്നു അത്. അവിടെവെച്ച് പ്രഭു സാറാണ് എന്നെ സച്ചിന് പരിചയപ്പെടുത്തിയത്; ‘ഇതാണ് ജയറാം’ എന്നൊക്കെ പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ അടുത്തുപോയി സംസാരിച്ചു. ഞാൻ സാറിന്റെ വലിയൊരു ആരാധകനാണെന്നൊക്കെയാണ് സംസാരിച്ചത്.
പിന്നീട് ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹം എന്റെ അടുത്ത് വന്നിരുന്നു. എന്നിട്ട് എന്റെ പേര് വിളിച്ച് സംസാരിക്കാൻ തുടങ്ങി. സിനിമയിൽ എന്താണ് ചെയ്യുന്നത്, സിനിമ മാത്രമാണോ അതോ സ്പോർട്സിലൊക്കെ താല്പര്യമുണ്ടോ എന്നൊക്കെ ചോദിച്ചു. സച്ചിനെപ്പോലെയുള്ള ഒരാൾ അരമണിക്കൂറിന് ശേഷവും എന്റെ പേര് ഓർത്തുവെച്ച് സംസാരിച്ചത് എനിക്ക് വലിയ സന്തോഷം നൽകി.’ ജയറാം പറഞ്ഞു.
പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ‘പരിമള ആൻഡ് കോ’ ആണ് ജയറാമിന്റെ വരാനിരിക്കുന്ന പുതിയ ചിത്രം. ഏതാണ്ട് 20 വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കോമ്പോകളായ ഉർവശിയും ജയറാമും വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.
Content Highlight: Jayaram shares his memory of first meeting Sachin Tendulkar