ഇലയില്‍ കറി വിളമ്പുമ്പോള്‍ ചോറിന്റെ സ്ഥാനമാണ് എനിക്ക്; അവരുടെ നഷ്ടം നികത്താനാകത്തത്: ജയറാം
Malayalam Cinema
ഇലയില്‍ കറി വിളമ്പുമ്പോള്‍ ചോറിന്റെ സ്ഥാനമാണ് എനിക്ക്; അവരുടെ നഷ്ടം നികത്താനാകത്തത്: ജയറാം
ഐറിന്‍ മരിയ ആന്റണി
Wednesday, 28th January 2026, 11:55 am

സിബി മലയിലിന്റെ സംവിധാനത്തില്‍ 2003 ല്‍ പുറത്തിറങ്ങിയ എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയ്ക്ക് ശേഷം ജയറാമും മകന്‍ കാളിദാസനും ഒന്നിക്കുന്ന ചിത്രമാണ് ആശകള്‍ ആയിരം. ജൂഡ് ആന്തണി ജോസഫും അരവിന്ദ് രാജേന്ദ്രനും ചേര്‍ന്ന് തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി. പ്രജിത്താണ്.

ഇപ്പോള്‍ മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ആശകളായിരം സിനിമയുടെ വിശേഷങ്ങളും ഷൂട്ടിങ് സെറ്റിലെ ഓര്‍മകളും പങ്കുവയ്ക്കുകയാണ് ജയറാം.

ജൂഡ് ആന്തണി ജോസഫാണ് ഈ സിനിമയെപ്പറ്റി തന്നോട് പറയുന്നതെന്നും അതിന് ശേഷം കണ്ണനും (കാളിദാസ്) ജൂഡും തമ്മില്‍ സിനിമയെപ്പറ്റി സംസാരിച്ചിരുന്നുവെന്നും ജയറാം പറഞ്ഞു.

‘കോവിഡ് സമയം കഴിഞ്ഞ് ഞാന്‍ തന്നെ എടുത്ത തീരുമാനമാണ്, ഒരേ രീതിയിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നില്ലെന്ന്. പിന്നീട് മറ്റു ഭാഷകളില്‍ ഒരുപാട് നല്ല അവസരങ്ങള്‍ വന്നു. നല്ലൊരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. അങ്ങനെ കാത്തിരുന്നു കിട്ടിയതാണ് ഈ സിനിമ.

ഒരുപാട് അവകാശവാദങ്ങള്‍ ഒന്നുമില്ല. സിമ്പിള്‍ സിനിമയാണ്. ഈ സിനിമയില്‍ കാണിക്കുന്ന പലതും കേരളത്തിലെ കുടുംബങ്ങളില്‍ നടക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്ക് റിലേറ്റ് ചെയ്യാനാകും എന്ന് കരുതുന്നു,’ ജയറാം പറഞ്ഞു.

പഴയതുപോലെ ഒരു ടീം വര്‍ക്ക് ഇപ്പോഴത്തെ ഷൂട്ടിങ് സെറ്റുകളില്‍ ഉണ്ടോ എന്ന ചോദ്യത്തിന് കൂടെയുണ്ടായിരുന്ന പലരുടെയും സാന്നിധ്യം തന്നെയായിരുന്നു അന്നത്തെ സിനിമകളുടെ വിജയ രഹസ്യമെന്നായിരുന്നു ജയറാമിന്റെ മറുപടി.

ഒരു വലിയ സദ്യയില്‍ ഇലയില്‍ ഒരുപാട് കറികള്‍ വിളമ്പുമ്പോള്‍ ചോറിന്റെ സ്ഥാനം മാത്രമേ തനിക്ക് പലപ്പോഴും ഉണ്ടായിരുന്നുള്ളുവെന്നും അവരുടെയൊക്കെ നഷ്ടം നികത്താന്‍ ആകാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെടുമുടി വേണു, ഇന്നസെന്റ്, കെപി.എസി ലളിത തുടങ്ങി അതുല്യ കലാകാരന്മാര്‍ ജയറാം സിനിമകളിലെ നിറസാന്നിധ്യമായിരുന്നു. പല ആര്‍ട്ടിസ്റ്റുകളുടെയും അഭാവം മലയാള സിനിമക്ക് തീരാ നഷ്ടമാണെന്ന് സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങിയ സംവിധായകരും മുമ്പ് പറഞ്ഞിട്ടുണ്ട്.

അതേസമയം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ആശകള്‍ ആയിരം എന്ന സിനിമയില്‍ ഇഷാനി കൃഷ്ണ, ആശാ ശരത്ത്, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാനവേഷങ്ങളില്‍ എത്തുന്നു. സനല്‍ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പാണ്.

Content Highlight:  Jayaram shares details of the movie Ashakaithiram and memories from the shooting set

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.