ജയറാമേട്ടന്‍ തമിഴന്‍ തന്നെയെന്ന് സോഷ്യല്‍ മീഡിയ; പരിമള ആന്‍ഡ് കോയ്ക്ക് കേരളത്തില്‍ നിന്നും നേടാനായത് ഇത്ര മാത്രം
Malayalam Cinema
ജയറാമേട്ടന്‍ തമിഴന്‍ തന്നെയെന്ന് സോഷ്യല്‍ മീഡിയ; പരിമള ആന്‍ഡ് കോയ്ക്ക് കേരളത്തില്‍ നിന്നും നേടാനായത് ഇത്ര മാത്രം
അശ്വിന്‍ രാജേന്ദ്രന്‍
Monday, 22nd June 2026, 9:49 pm

മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട അഭിനേതാവാണ് ജയറാം. പത്മരാജന്‍ ചിത്രം അപരനിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം തൊണ്ണൂറുകളില്‍ ചെയ്ത ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. എന്നാല്‍ അടുത്തിടെ താരത്തിന്റെ ചില പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ജയറാം കേന്ദ്രകഥാപാത്രമായെത്തുന്ന പരിമള ആന്‍ഡ് കോ എന്ന ചിത്രത്തിന്റെ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളായിരുന്നു ട്രോളുകള്‍ക്ക് കാരണമായത്.

തന്റെ മാതൃഭാഷ തമിഴാണെന്നും വീട്ടില്‍ എല്ലാവരും സംസാരിക്കുന്നത് തമിഴിലാണെന്നും അമ്മയും അച്ഛനും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നും പറഞ്ഞതായിരുന്നു മലയാളികളെ ചൊടിപ്പിച്ചത്. തമിഴില്‍ ചിത്രമിറങ്ങുന്ന സാഹചര്യത്തില്‍ തമിഴ് പ്രേക്ഷകരെ കൈയിലെടുക്കാന്‍ എന്ത് വേണമെങ്കിലും പറയാന്‍ മടിക്കാത്ത ജയറാമിന്റെ സ്വഭാവത്തിനെതിരെയായിരുന്നു പലരും രംഗത്തെത്തിയത്.

ജയറാം. Photo: IMDB

 

ഇപ്പോഴിതാ ജൂണ്‍ അഞ്ചിന് തിയേറ്ററുകളിലെത്തിയ പരിമള ആന്‍ഡ് കോയുടെ ബോക്‌സ് ഓഫീസ് കണക്കുകളാണ് താരത്തിനെ മലയാളി പ്രേക്ഷകര്‍ കൈ വിട്ടെന്ന സൂചന നല്‍കുന്നത്. തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിന്നും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചെങ്കിലും ജയറാമും ഉര്‍വശിയും കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിന് യാതൊരു വിധത്തിലും മലയാളി പ്രേക്ഷകരെ തിയേറ്ററുകളിലേക്കെത്തിക്കാന്‍ സാധിച്ചിട്ടില്ല.

റിലീസ് ചെയ്ത് രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിന്നും ചിത്രം 13.21 കോടി സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തിന് കേരള ബോക്‌സ് ഓഫീസില്‍ നിന്നും ഇതിനോടകം നേടാനായത് 37 ലക്ഷം മാത്രമാണെന്ന കണക്കുകള്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു. അതേസമയം കര്‍ണാടകയിലെ തിയേറ്ററുകളില്‍ നിന്നും പരിമളത്തിന് 1.26 കോടി നേടാന്‍ സാധിച്ചതും ഇതിനോടൊപ്പം കൂട്ടി വായിക്കണം.

പരിമള ആന്‍ഡ് കോ . Photo: District

തമിഴില്‍ നിന്നും യാതൊരു ഹൈപ്പുമില്ലാതെ എത്തിയ ബ്ലാസ്റ്റ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും മാത്രമായി 15 കോടിയോളം രൂപ സ്വന്തമാക്കിയതും ശ്രദ്ധേയമാണ്. താന്‍ നായകനായ ചിത്രത്തിന് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും ഒരുകോടി മാര്‍ക്ക് പോലും പിന്നിടാന്‍ സാധിക്കാത്തത് ഏറെ പരിതാപകരമാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Jayaram’s Tamil movie Parimala and co fails to perform in Kerala box office

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.