| Friday, 4th July 2025, 1:28 pm

വാത്സല്യത്തിനെക്കാള്‍ ഡോസ് കൂടിയ ഐറ്റം, ജയറാമിന്റെ 'കുടുംബ'സിനിമയെ ട്രോളി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് സമയത്ത് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും പിന്നീട് കാലങ്ങള്‍ക്ക് ശേഷം അതിന്റെ കണ്ടന്റ് വിമര്‍ശനത്തിന് വിധേയമാവുകയും ചെയ്ത നിരവധി സിനിമകള്‍ മലയാളത്തിലുണ്ട്. കാലം മാറുന്നതിനോടൊപ്പം സിനിമ സംസാരിക്കുന്ന രാഷ്ട്രീയവും മാറുമ്പോള്‍ പഴയ സിനിമകളിലെ റിഗ്രസ്സീവായ കാര്യങ്ങള്‍ ചര്‍ച്ചയാകാറുണ്ട്.

മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് സിനിമകളിലൊന്നായ വാത്സല്യം അത്തരത്തിലൊന്നാണ്. കുടുംബത്തിന് വേണ്ടി വളരെയധികം കഷ്ടപ്പെടുന്ന വല്യേട്ടന്റെ വിഷമങ്ങള്‍ സംസാരിച്ച ചിത്രം കാലങ്ങള്‍ക്കിപ്പുറം കീറിമുറിക്കപ്പെട്ടിരുന്നു. മേലേടത്ത് രാഘവന്‍ നായരുടെ പല ചെയ്തികളും തെറ്റായിരുന്നെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടു. വാത്സല്യത്തിന്റെ അതേ അച്ചില്‍ എഴുതപ്പെട്ട മറ്റൊരു ‘കുടുംബ’ചിത്രത്തെ കീറിമുറിക്കുകയാണ് സോഷ്യല്‍ മീഡിയ.

ജയറാമിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ സ്‌നേഹം എന്ന സിനിമയാണ് ഫേസ്ബുക്കില്‍ കീറിമുറിക്കപ്പെടുന്നത്. മേലേടത്ത് രാഘവനെക്കാള്‍ ഡോസ് കൂടിയ ഐറ്റമാണ് ഈ സിനിമയിലെ നായകനായ വടക്കേടത്ത് പദ്മനാഭനെന്നാണ് പലരും പറയുന്നത്. പേരുകേട്ട കുടുംബത്തിലെ തലമൂത്ത ജ്യേഷ്ഠനാണ് പദ്മനാഭന്‍.

തറവാടിന്റെ അന്തസ്സിന് കോട്ടം തട്ടുന്ന ഒന്നും പപ്പേട്ടന്‍ ചെയ്യുകയുമില്ല, സഹോദരങ്ങളെ ചെയ്യിക്കാന്‍ അനുവദിക്കുകയുമില്ല. അപ്പുറത്തെ വീട്ടില്‍ ടി.വി കാണാന്‍ പോയി വരുന്ന അനിയത്തിയോട് ഏട്ടന്‍ സംസാരിക്കുന്ന രംഗം വളരെ വൈകാരികമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘ഏട്ടന്റേം വടക്കേടത്ത് തറവാടിന്റേം മാനം കളഞ്ഞിട്ടായാലും കാണേണ്ട പരിപാടികള്‍ ടി.വിയില്ണ്ട് ലേ’ എന്ന് ചോദിക്കുമ്പോള്‍ കരഞ്ഞുകൊണ്ട് പോകുന്ന അനിയത്തിയെ കാണിക്കുന്ന രംഗം ട്രോളന്മാര്‍ ഇതിനോടകം എയറിലാക്കി.

എന്നാല്‍ ടി.വിയോട് മാത്രമല്ല, ബൈക്കിനോടും പപ്പേട്ടന് അത്ര പഥ്യമില്ല. ജോലിക്ക് പോകുന്ന അനിയന്‍ ശശി പുതിയ ബൈക്കെടുത്തപ്പോള്‍ അതിനെയും പപ്പേട്ടന്‍ പുച്ഛിക്കുകയാണ്. അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ബൈക്ക് കണ്ട പാടേ പദ്മനാഭന്‍ പറയുന്നത്. തനിക്ക് നന്നായി ഓടിക്കാനറിയാമെന്ന അനിയന്റെ വാക്കിനെയും പുച്ഛിച്ചുകൊണ്ടാണ് ഏട്ടന്റെ അടുത്ത മറുപടി.

‘നല്ലോണം ഓടിക്കാന്‍ അറിയാഞ്ഞിട്ടാ ഇക്കണ്ട വീമാനോം തീവണ്ടീം ഒക്കെ തലകുത്തി മറിയണ്ത്..വടക്കേടത്തെ മിറ്റത്തേക്ക് ഈ യന്ത്രത്തിന്റെ ഒന്നും ആവശ്യല്ല്യാ..ആ പുഴയൊന്ന് ചവിട്ടിക്കേറി ഇങ്ങ്ട് വന്നാ കാലല്ലാ, മനസ് വരെ വൃത്ത്യാവും’ എന്ന ‘ഹൃദയസ്പര്‍ശി’യായ ഡയലോഗില്‍ ഈ രംഗവും അവസാനിക്കും. ബാംഗ്ലൂരില്‍ കുറച്ച് നല്ല ശമ്പളമുള്ള ജോലി ലഭിച്ച അനിയനെ അതിനും പോകാന്‍ സമ്മതിക്കാതെ നാട്ടില്‍ തന്നെ തളച്ചിടുന്നുണ്ട് അഭിമാനിയായ പപ്പേട്ടന്‍.

റിലീസ് സമയത്ത് ധാരാളം പ്രശംസ ചിത്രം ഇത്തരം റിഗ്രസീവായ ചിന്തകള്‍ പങ്കുവെക്കുന്നതുകൊണ്ടാണ് ട്രോളന്മാരുടെ ഇരയാകേണ്ടി വരുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അന്നത്തെ കാലത്തെ സമൂഹത്തിന് അനുസരിച്ച് പുറത്തിറങ്ങിയ സിനിമയെ ഇന്ന് വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് മറ്റ് ചിലരുടെ വാദം.

Content Highlight: Jayaram’s old movie Sneham trolled by social media

We use cookies to give you the best possible experience. Learn more