ഒരുകാലത്ത് മലയാളസിനിമയില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ജയറാം. എന്നാല്‍ തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെ മലയാളത്തില്‍ നിന്ന് താരം ഇടവേളയെടുത്തു. തിരിച്ചുവരവില്‍ വളരെ ശ്രദ്ധയോടെ മാത്രമാണ് ജയറാം മലയാളത്തില്‍ സിനിമകള്‍ ചെയ്യുന്നത്. എന്നാല്‍ അന്യഭാഷയില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിക്കുന്നുണ്ട്.
അഭിനയത്തിന് പുറമെ ഗംഭീര സ്റ്റേജ് പെര്‍ഫോമര്‍ കൂടിയാണ് അദ്ദേഹം. രജിനികാന്ത്, കമല്‍ ഹാസന്‍, ഐശ്വര്യ റായ്, മണിരത്‌നം, എ.ആര്‍. റഹ്‌മാന്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന പൊന്നിയിന്‍ സെല്‍വന്‍ ഓഡിയോ ലോഞ്ചില്‍ സ്‌കോര്‍ ചെയ്തത് ജയറാമായിരുന്നു. ഇപ്പോഴിതാ സ്‌റ്റേജില്‍ വീണ്ടും അദ്ദേഹം ഞെട്ടിച്ചിരിക്കുകയാണ്.
പരിമള ആന്‍ഡ് കോ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ജയറാം വീണ്ടും കാണികളെ അത്ഭുതപ്പെടുത്തിയത്. ജയറാമിന്റെ പഴയകാല തമിഴ് സിനിമയായ പാറൈയിലെ ‘ഏറോപ്ലേന്‍ പറക്കുത്’ എന്ന പാട്ടിന് അദ്ദേഹം ഒരിക്കല്‍ കൂടി ചുവടുവെച്ചു. നടനും കൊറിയോഗ്രാഫറുമായ സാന്‍ഡിയും ജയറാമിനൊപ്പമുണ്ടായിരുന്നു.
സാന്‍ഡിയെ സൈഡാക്കിക്കൊണ്ട് അങ്ങേയറ്റം എനര്‍ജറ്റിക്കായിക്കൊണ്ടാണ് ജയറാം വേദിയില്‍ അഴിഞ്ഞാടിയത്. 60ാം വയസിലും ഇത്രയും എനര്‍ജിയില്‍ ഡാന്‍സ് ചെയ്യുന്ന ജയറാം സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുകയാണ്. മലയാളി പ്രേക്ഷകര്‍ ഈ ഡാന്‍സിനെ മറ്റൊരു കഥാപാത്രവുമായാണ് ബന്ധിപ്പിക്കുന്നത്.
ജയറാമിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായ മയിലാട്ടത്തിലെ സിങ്കനെല്ലൂര്‍ പഴനി എന്ന കഥാപാത്രത്തെ ഈ ഡാന്‍സ് ഓര്‍മിപ്പിച്ചെന്നാണ് പലരുടെയും കമന്റ്. മയിലാട്ടത്തിലെ ‘മാട്ടുപ്പെട്ടി കോവിലിലെ’ എന്ന പാട്ടില്‍ ഇതുപോലെ താരം എനര്‍ജറ്റിക്കായി ഡാന്‍സ് കാഴ്ചവെച്ചിരുന്നു. ഒരു വെടിക്കുള്ള മരുന്ന് ഇപ്പോഴും തന്റെ കൈയിലുണ്ടന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുകയാണ്.