ജയറാമിന് മാസും സ്വാഗുമില്ലെന്ന് പറയുന്ന 'സിനിമാ നിരൂപകന്‍' ഈ രണ്ട് കഥാപാത്രങ്ങളെ മറന്നതാണോ, വൈറലായി പോസ്റ്റുകള്‍
Malayalam Cinema
ജയറാമിന് മാസും സ്വാഗുമില്ലെന്ന് പറയുന്ന 'സിനിമാ നിരൂപകന്‍' ഈ രണ്ട് കഥാപാത്രങ്ങളെ മറന്നതാണോ, വൈറലായി പോസ്റ്റുകള്‍
അമര്‍നാഥ് എം.
Wednesday, 25th February 2026, 12:41 pm

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ സൂപ്പര്‍സ്റ്റാറുകളായി നിറഞ്ഞുനിന്ന സമയത്ത് അവര്‍ക്കിടയില്‍ തന്റേതായ സ്ഥാനം നേടിയ നടനാണ് ജയറാം. ആക്ഷന്‍ സിനിമകളൊന്നും ചെയ്യാതെ ഫാമിലി ഡ്രാമകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റാന്‍ ജയറാമിന് സാധിച്ചു. എന്നാല്‍ 2010ന് ശേഷം മോശം സ്‌ക്രിപ്റ്റ് സെലക്ഷനും തുടര്‍ പരാജയങ്ങളും ജയറാമിന് തിരിച്ചടിയായി.

മലയാളത്തില്‍ നിന്ന് ഇടവേളയെടുത്ത ജയറാം 2024ല്‍ ഓസ്‌ലറിലൂടെ തിരിച്ചുവന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ആശകള്‍ ആയിരത്തിനും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാല്‍ കരിയറാരംഭിച്ച് 38 വര്‍ഷം പിന്നിടുമ്പോഴും സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് ജയറാം ഉയര്‍ന്നിട്ടില്ലെന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. മാസ് റോളുകള്‍ ചെയ്ത് ഫലിപ്പിക്കാന്‍ ജയറാമിന് സാധിക്കില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

മയിലാട്ടം Photo: Screen grab/ Superhit Malayalam movie scenes

എന്നാല്‍ അതിന് മറുപടിയായി ചിലര്‍ പങ്കുവെച്ച പോസ്റ്റുകള്‍ വൈറലായിരിക്കുകയാണ്. മാസ് റോളുകള്‍ ജയറാമിന് ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുന്നവര്‍ മയിലാട്ടം എന്ന സിനിമ കണ്ടിട്ടില്ലാത്തവരാകും എന്നാണ് പല പോസ്റ്റുകളിലും പറയുന്നത്. ചിത്രത്തിലെ സിങ്കനെല്ലൂര്‍ പഴനി എന്ന കഥാപാത്രം ആദ്യാവസാനം മാസും സ്വാഗും നിറഞ്ഞതാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

തമിഴനായ, വില്ലന്‍ ടച്ചുള്ള പഴനിയെ ജയറാമിനല്ലാതെ ആര്‍ക്കും ചെയ്ത് ഫലിപ്പിക്കാനാകില്ലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഒരിടത്തുപോലും പഴനി എന്ന കഥാപാത്രത്തിന്റെ മീറ്റര്‍ ജയറാമിന്റെ കയ്യില്‍ നിന്ന് പോയിട്ടില്ലെന്നും ഈ സിനിമ കാണാത്തവരാകും ജയറാമിനെ വിമര്‍ശിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

മനസിനക്കരെ Photo: Screen grab/ AP Internationals

മാസ് ഹീറോയാകാനുള്ള സ്വാഗില്ലാത്തതുകൊണ്ടാണ് ജയറാം സൂപ്പര്‍സ്റ്റാറാകാത്തതെന്ന് യൂട്യൂബ് റിവ്യൂവറായ അശ്വന്ത് കോക്ക് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജയറാമിന്റെ മാസ് വേഷങ്ങള്‍ ചര്‍ച്ചയായത്. മയിലാട്ടം മാത്രമല്ല, മനസിനക്കരെയിലെ ഒരു സീനില്‍ മധുപാലിനെ വിരട്ടുന്ന രംഗത്തില്‍ ജയറാമിന്റെ പ്രകടനവും ചര്‍ച്ചയായിരുന്നു. അതുവരെ ഫീല്‍ ഗുഡ് രീതിയില്‍ പൊയ്‌ക്കൊണ്ടിരുന്ന ചിത്രം മാസിലേക്ക് ട്രാക്ക് മാറിയ രംഗമായിരുന്നു ഇത്.

എന്നാല്‍ നല്ല രീതിയില്‍ മാസ് റോളുകള്‍ ജയറാമിനെക്കൊണ്ട് ചെയ്യിക്കാനറിയാവുന്ന സംവിധായകര്‍ കുറവാണെന്നും പലപ്പോഴും ഇത്തരം പരീക്ഷണം പാളിയിട്ടുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ദീപന്‍ സംവിധാനം ചെയ്ത സത്യയില്‍ ജയറാമിന്റെ മാസ് ഹീറോ പരിവേഷം ഒട്ടും വര്‍ക്കാകാത്തത് ചൂണ്ടിക്കാട്ടിയാണ് കമന്റുകള്‍. മലയാളികള്‍ ജയറാമില്‍ നിന്ന് വലിയ മാസ് കഥാപാത്രങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഫീല്‍ ഗുഡ് കഥാപാത്രങ്ങള്‍ താരം ഗംഭീരമാക്കുമെന്നും കമന്റുകളുണ്ട്.

Content Highlight: Jayaram’s character in Mayilattam movie viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം