12 വര്‍ഷമായി, ഇപ്പോഴും മേജര്‍ ശ്രീകുമാറിനെ ജയറാമേട്ടന്‍ വിട്ടിട്ടില്ല, ആശകള്‍ ആയിരം പ്രൊമോഷന്‍ വീഡിയോ വൈറല്‍
Malayalam Cinema
12 വര്‍ഷമായി, ഇപ്പോഴും മേജര്‍ ശ്രീകുമാറിനെ ജയറാമേട്ടന്‍ വിട്ടിട്ടില്ല, ആശകള്‍ ആയിരം പ്രൊമോഷന്‍ വീഡിയോ വൈറല്‍
അമര്‍നാഥ് എം.
Saturday, 31st January 2026, 4:13 pm

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ജയറാം. മമ്മൂട്ടിയും മോഹന്‍ലാലും തിളങ്ങിനിന്ന സമയത്ത് പദ്മരാജന്‍ കൈപിടിച്ചുകൊണ്ടുവന്ന ജയറാം പിന്നീട് കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. തുടര്‍പരാജയങ്ങള്‍ കാരണം മലയാളത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഓസ്‌ലറിലൂടെ താരം വീണ്ടും പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കി.

കരിയറില്‍ 150ലധികം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ ജയറാമിന്റെ ‘ഐക്കോണിക് കഥാപാത്രം’ മേജര്‍ ശ്രീകുമാറാണ്. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ട്രോളന്മാരുടെ സ്ഥിരം വേട്ടമൃഗമായി സലാം കാശ്മീര്‍ എന്ന ചിത്രം മാറി. റിലീസ് ചെയ്ത് 12 വര്‍ഷം കഴിഞ്ഞിട്ടും ശ്രീകുമാറിന്റെ ബാധ ജയറാമിനെ വിട്ടുപോയിട്ടില്ലെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറല്‍.

സലാം കാശ്മീര്‍ Photo: Film Faktory/ Instagram

പുതിയ ചിത്രമായ ആശകള്‍ ആയിരത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടയില്‍ ജയറാം വേദിയില്‍ നില്‍ക്കുന്നതിനിടെ മേജര്‍ ശ്രീകുമാറിന്റെ മാനറിസങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. വളരെ കുറച്ച് നേരമേ ഉണ്ടായിരുന്നുവെങ്കിലും ഈ ചെറിയൊരു ക്ലിപ്പ് ട്രോള്‍ പേജുകളുടെ ചര്‍ച്ചാവിഷയമാണ്. ‘ആരെങ്കിലും പുകഴ്ത്തിപ്പറഞ്ഞാല്‍ മേജര്‍ ശ്രീകുമാറിന്റെ ബാധ ജയറാമിന്റെ ദേഹത്ത് കയറും’ എന്നാണ് പല വീഡിയോകളുടെയും ക്യാപ്ഷന്‍.

സലാം കാശ്മീരിലെ ഹിറ്റ് ബി.ജി.എമ്മായ ‘പാപമാ’ മിക്‌സ് ചെയ്തുകൊണ്ടാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. ഒരു കഥാപാത്രത്തില്‍ നിന്ന് പുറത്തുകടക്കാനാകുന്നില്ലേ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഓസ്‌ലറിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂ സമയത്തും ശ്രീകുമാറിന്റെ മാനറിസം ജയറാമില്‍ വന്നുപോയത് വലിയ ചര്‍ച്ചയായിരുന്നു.

സെന്തില്‍ രാജാമണി ജയറാമിനെക്കുറിച്ച് പൊക്കിപ്പറയുമ്പോള്‍ താരം ശ്രീകുമാറിന്റെ മാനറിസം വരുത്തുന്നുണ്ട്. ഇതും ട്രോള്‍ പേജുകളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ആശകള്‍ ആയിരത്തിന്റെ സമയത്തും മേജര്‍ ശ്രീകുമാര്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ട്രോളന്മാര്‍ക്കിടയില്‍ കള്‍ട്ട് സ്റ്റാറ്റസുള്ള മേജര്‍ ശ്രീകുമാര്‍ ഇനിയും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

സേതുവിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു സലാം കാശ്മീര്‍. ജയറാമിന് പുറമെ സുരേഷ് ഗോപിയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. ജോഷിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി സലാം കാശ്മീര്‍ മാറി. സോഷ്യല്‍ മീഡിയ സജീവമല്ലാത്ത കാലത്ത് പോലും ചിത്രത്തെ പലരും ട്രോളിയിരുന്നു.

Content Highlight: Jayaram’s attitude in Ashakal Ayiram movie viral in social media

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം