ജയറാമിന് ക്ലീൻ ചിറ്റ്; സ്വർണകൊള്ളയിൽ ബന്ധമില്ലെന്ന് എസ്.ഐ.ടി
Kerala
ജയറാമിന് ക്ലീൻ ചിറ്റ്; സ്വർണകൊള്ളയിൽ ബന്ധമില്ലെന്ന് എസ്.ഐ.ടി
ശ്രീലക്ഷ്മി എ.വി.
Saturday, 31st January 2026, 8:33 am

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിന് ക്ലീൻ ചിറ്റ് നൽകി പ്രത്യേക അന്വേഷണ സംഘം. സ്വർണക്കൊള്ളയിൽ ജയറാമിന് ബന്ധമില്ലെന്ന് എസ്.ഐ.ടി കണ്ടെത്തി.

കേസിലെ പ്രതികളുമായി സാമ്പത്തിക ബന്ധമില്ലെന്നും ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ചാണ് ചടങ്ങുകളിൽ പങ്കെടുപ്പിച്ചതെന്നും എസ്.ഐ.ടി വ്യക്തമാക്കി.

ജയറാമിനെ ഇനി ചോദ്യം ചെയ്യില്ലെന്നും കുറ്റപത്രം വരുമ്പോൾ പ്രധാന സാക്ഷിയായി രേഖപ്പെടുത്തുമെന്നും എസ്.ഐ.ടി പറഞ്ഞു.

ഒരുപാട് വി.ഐ.പികളെ കണ്ടെത്തി അവരെ തെറ്റിദ്ധരിപ്പിച്ച്, കൂടെ നിന്ന് ചിത്രമെടുത്ത്, അവരുടെ സുഹൃത്തായി മാറി തട്ടിപ്പ് നടത്തിയിരുന്ന പോറ്റിയുടെ മറ്റൊരു ഇര മാത്രമാണ് ജയറാമെന്നും എസ്.ഐ.ടി കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോറ്റിയുമായി ബന്ധമുള്ള ഉന്നതരായ വ്യക്തികളുടെ വിവരങ്ങൾ എസ്.ഐ.ടി ശേഖരിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമായിരുന്നു ജയറാമിനെ എസ്.ഐ.ടി ചോദ്യം ചെയ്ത് ചെന്നൈയിലെ ജയറാമിന്റെ വീട്ടിലെത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ഒന്നിലധികം തവണ ഇരുവരും ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും സൗഹൃദത്തിലായിരുന്നുവെന്നും എസ്.ഐ.ടി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ചോദ്യം ചെയ്യൽ നടന്നത്.

ശബരിമലയിൽ വെച്ചാണ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുമായി ബന്ധം തുടങ്ങിയതെന്ന് ജയറാം എസ്.ഐ.ടിക്ക് മൊഴി നൽകിയിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റി പലതവണ വീട്ടിൽ വന്നിട്ടുണ്ടെന്നും ജയറാം എസ്.ഐ.ടിയോട് സമ്മതിച്ചിരുന്നു.

Content Highlight: Jayaram gets clean chit; SIT says no connection in gold theft

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.