മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന അച്ഛന്‍ മകന്‍ കോംബോയാണ് ജയറാം – കാളിദാസ് ജയറാം എന്നിവരുടേത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രം ആശകള്‍ ആയിരം റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി ആറിന് ചിത്രം തിയേറ്ററുകളിലെത്തും.
കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എവന്റെ വീട് അപ്പൂന്റേം തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ച ഇരുവരും വീണ്ടുമൊരുമിച്ച് വെള്ളിത്തിരയിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബാലതാരമെന്ന ലേബലിന് പിന്നാലെ ഒരു നടന്‍ എന്ന രീതിയില്‍ സ്വയം എസ്റ്റാബ്ലിഷ് ചെയ്ത ശേഷം കാളിദാസ് അച്ഛന്‍ ജയറാമിനൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്.
ആശകള്‍ ആയിരം. Photo: IMDb
ഒന്നിച്ചഭിനയിക്കാന്‍ 22 വര്‍ഷം എന്തുകൊണ്ട് കാത്തിരുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ജയറാമും കാളിദാസും. ഈ ചിത്രത്തില്‍ ഒരു സ്പാര്‍ക് തോന്നിയെന്നും അതാണ് ചിത്രത്തിന് യെസ് പറയാന്‍ കാരണമെന്നും ജയറാം പറയുന്നു.
എഫ്.ടി.ക്യു വിത്ത് രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
‘ജൂഡ് ആന്തണിക്കൊപ്പം ഒരു സിനിമ ചെയ്യണമെന്ന് കുറേ നാളായി പ്ലാന്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ മീറ്റ് ചെയ്തപ്പോള്‍ ജൂഡേട്ടന്‍ ഇങ്ങനെ ഒരു കഥയുടെ ഐഡിയ പറഞ്ഞു. കുറേ സംസാരിച്ച്, ചിത്രത്തിന്റെ വണ്‍ലൈന്‍ കേട്ടപ്പോള്‍ എനിക്ക് വളരെ ഇന്ററസ്റ്റിങ് ആയി തോന്നി.
അച്ഛന്‍ – മകന്‍ എന്നുള്ള ഐഡിയകള്‍ ഇതിന് മുമ്പും ഒരുപാട് തവണ വന്നിരുന്നു. അതെല്ലാം യൂഷ്വല്‍ പാറ്റേണിലുള്ളതായിരുന്നു. വെറുതെ ഒരു സിനിമ ചെയ്തിട്ട് കാര്യമില്ലല്ലോ. ഞങ്ങള്‍ രണ്ട് പേരും ഒന്നിക്കുമ്പോള്‍ അത് അത്ര മികച്ച സിനിമയായിരിക്കണം. ഓഡിയന്‍സ് ഞങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന സിനിമയായിരിക്കണം. അങ്ങനെയൊന്ന് വന്നപ്പോള്‍ ചെയ്യാമെന്ന് വിചാരിച്ചു,’ കാളിദാസ് പറഞ്ഞു.
‘ഇത് ഭയങ്കര സിനിമയാണ്, മഹോത്തര സിനിമയാണ്, ഇന്നുവരെ ഞങ്ങള്‍ രണ്ട് പേരും ചെയ്യാത്ത കഥാപാത്രങ്ങളാണ് അങ്ങനെയൊന്നും പറയുന്നില്ല. ഈ സിനിമയില്‍ ഒരു സ്പാര്‍ക് തോന്നി. ഞങ്ങള്‍ രണ്ട് പേരും ചെയ്താല്‍ കുറച്ചുകൂടി നന്നാകുമെന്ന് തോന്നി. അങ്ങനെയാണ് ഇത് ചെയ്യുന്നത്,’ എന്നായിരുന്നു ജയറാമിന്റെ മറുപടി.
ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി. പ്രജിത് സംവിധാനം ചെയ്യുന്ന ആശകള്‍ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍ ജൂഡ് ആന്റണി ജോസഫാണ്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍, കൃഷ്ണമൂര്‍ത്തി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.
ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സനല്‍ ദേവിന്റെ സംഗീത സംവിധാനത്തില്‍ ‘കൊടുമുടി കയറടാ’ എന്ന ഗാനമാണ് പുറത്തുവന്നത്. ഫെജോ, വിപിന്‍ കെ ശശിധരന്‍, ശ്രുതി ശിവദാസ് എന്നിവര്‍ ചേര്‍ന്നാണ് ഗാനമാലപിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ജയറാമിനും കാളിദാസിനും പുറമെ ആശാ ശരത്, ഷറഫുദ്ധീന്‍, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥന്‍, അഖില്‍ എന്‍.ആര്‍.ഡി, രമേശ് പിഷാരടി, ദിലീപ് മേനോന്‍, സിന്‍സ് ഷാന്‍, രാജേഷ് അഴിക്കോട്, വൈശാഖ് വിജയന്‍, അഭിനന്ദ് അക്കോട്, മുകുന്ദന്‍, ആനന്ദ് പദ്മനാഭന്‍, രഞ്ജിത് ബാലചന്ദ്രന്‍, സുധീര്‍ പരവൂര്‍, നിഹാരിക, ഭാഗ്യ, കുഞ്ചന്‍, ഷാജു ശ്രീധര്‍, റാഫി, സുരേഷ് കുമാര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബൈജു ഗോപാലന്‍, വി.സി. പ്രവീണ്‍ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ്. ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നറായ ഡ്രീം ബിഗ് ഫിലിംസും ഓവര്‍സീസ് വിതരണം ഫാര്‍സ് ഫിലിംസുമാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
Content Highlight: Jayaram and Kalidas Jayaram about their new movie Ashakal Aayiram