| Wednesday, 26th February 2025, 10:41 am

മലയാളത്തിൽ തന്നെ കറങ്ങിയപ്പോൾ അവരാണ് മറ്റ് ഭാഷകളിലും സിനിമ ചെയ്യാൻ എന്നോട് പറഞ്ഞത്: ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പത്മരാജൻ മലയാളികള്‍ക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് ജയറാം. ആദ്യ ചിത്രമായ അപരനിലൂടെ തന്നെ മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ ജയറാം 100ലധികം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. എന്നാൽ പിന്നീട് മലയാളത്തിൽ തുടർ പരാജയങ്ങൾ സംഭവിക്കാൻ തുടങ്ങിയപ്പോൾ ജയറാം തമിഴ്, തെലുങ്ക് തുടങ്ങിയ അന്യഭാഷകളിൽ കൂടുതൽ സജീവമാവുകയായിരുന്നു.

അന്യഭാഷ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലും ജയറാം അഭിനയിക്കാറുണ്ട്. മിഥുൻ മാനുവൽ സംവിധാനം ചെയ്ത അബ്രഹാം ഓസ്‌ലറിലൂടെ കഴിഞ്ഞ വർഷം മലയാളത്തിൽ ഒരു തിരിച്ചുവരവ് നടത്തിയിരുന്നു അദ്ദേഹം. എന്നാൽ ഈ വർഷം പുറത്തിറങ്ങിയ ശങ്കർ ചിത്രം ഗെയിം ചേഞ്ചറിലെ വേഷമെല്ലാം ജയറാമിന് വലിയ ട്രോൾ വാങ്ങി കൊടുത്തിരുന്നു.

മറ്റു ഭാഷകളിൽ ചെന്ന് സൈഡ് റോൾ ചെയ്യുന്നുവെന്ന് പലരും തന്നെ കളിയാക്കി പറയാറുണ്ടെന്നും എന്നാൽ തനിക്കതിൽ വിഷമമില്ലെന്നും ജയറാം പറയുന്നു. മലയാളത്തിൽ തന്നെ സിനിമകൾ ചെയ്തുകൊണ്ടിരുന്ന സമയത്ത് തന്റെ ഭാര്യയും മക്കളുമാണ് മറ്റുഭാഷകളും ഉപയോഗിക്കണമെന്ന് പറഞ്ഞതെന്നും ജയറാം പറഞ്ഞു.

‘മലയാളത്തിൽ ഒരു ഇടവേള മനപൂർവം എടുത്തതാണ്. കാരണം ഒരേ വട്ടത്തിൽ തന്നെ ഇരുന്ന് കറങ്ങിയപ്പോൾ എന്റെ മക്കളും ഭാര്യയുമൊക്കെ പറഞ്ഞു, മറ്റ് ഭാഷകളും ഉണ്ടല്ലോ, അവിടെയും സിനിമകൾ ചെയ്യണമെന്ന്. എല്ലാവരും എന്നെ കളിയാക്കി, മറ്റ് ഭാഷയിൽ ചെന്ന് സൈഡ് റോളുകൾ ചെയ്യുന്നുവെന്ന് പറയും. എനിക്ക് അതിൽ ഒരു വിഷമവുമില്ല. കാരണം മറ്റ് ഭാഷയിൽ ഒരു സ്വീകാര്യത കിട്ടുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. തമിഴിലും, തെലുങ്കിലുമൊക്കെ ഒരേപോലെ ചെയ്യാറുണ്ട്.

ചുമ്മാ റോഡിൽ കൂടെ പോകുമ്പോൾ, എന്നാൽ വാ എന്ന് പറഞ്ഞ് അവർ വിളിക്കുകയൊന്നുമില്ല. അവിടെ വലിയ സംവിധായകരോടോപ്പം സിനിമ ചെയ്യുക, ഹീറോസിന്റെ കൂടെ വർക്ക്‌ ചെയ്യുക, 200, 300 കോടി ബഡ്ജറ്റിലുള്ള വലിയ സിനിമകൾ ചെയ്യുക എന്നതൊക്കെ ഒരു വലിയ കാര്യം തന്നെയാണ്. ഞാൻ അതിൽ അഭിമാനിക്കുന്നു,’ ജയറാം പറയുന്നു.

Content Highlight: Jayaram About His Other Language Movies

We use cookies to give you the best possible experience. Learn more