| Wednesday, 7th May 2025, 11:22 pm

പ്രഭുദേവയാണ് മമ്മൂക്കയുടെ ആ പാട്ടിന് കൊറിയോഗ്രഫി ചെയ്തത്, ഇപ്പോഴും ആ പാട്ടിന് ഓളമുണ്ടെന്ന് എനിക്ക് മനസിലായി: ജയരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് ജയരാജ്. വിദ്യാരംഭം എന്ന ചിത്രത്തിലൂടെയാണ് ജയരാജ് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് പൈതൃകം, കളിയാട്ടം, ഫോര്‍ ദി പീപ്പിള്‍, തിളക്കം, ഹൈവേ, ഒറ്റാല്‍ തുടങ്ങി മികച്ച ചിത്രങ്ങള്‍ ജയരാജ് മലയാളസിനിമക്ക് സമ്മാനിച്ചു. മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജോണി വാക്കര്‍.

മമ്മൂട്ടിയെ വളരെ സ്‌റ്റൈലിഷായി അവതരിപ്പിച്ച ചിത്രം ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ചിത്രത്തിലെ ‘ശാന്തമീ രാത്രിയില്‍’ എന്ന ഗാനം ഇന്നും പലരുടെയും ഫേവറെറ്റാണ്. തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന തുടരും എന്ന ചിത്രത്തില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയത് ആരാധകര്‍ക്ക് സര്‍പ്രൈസായിരുന്നു. ഈ ഗാനത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജയരാജ്. ഗിരീഷ് പുത്തഞ്ചേരിയായിരുന്നു ഈ പാട്ട് എഴുതിയതെന്ന് ജയരാജ് പറഞ്ഞു.

ഒരുപാട് ആലോചിച്ചിട്ടും ആദ്യത്തെ വരി ഗിരീഷിന് കിട്ടിയില്ലെന്നും ചെന്നൈയിലെ ധരണി സ്റ്റുഡിയോയില്‍ ഇരുന്നാണ് ആ പാട്ട് എഴുതിയതെന്നും ജയരാജ് കൂട്ടിച്ചേര്‍ത്തു. ഏറ്റവുമൊടുവില്‍ ആദ്യത്തെ വരി ഗിരീഷിന് കിട്ടിയെന്നും അത് തനിക്ക് ഇഷ്ടമായെന്നും ജയരാജ് പറഞ്ഞു. പിന്നീട് ഒരുമണിക്കൂര്‍ കൊണ്ട് ഗിരീഷ് പുത്തഞ്ചേരി ആ പാട്ട് പൂര്‍ത്തിയാക്കിയെന്നും ജയരാജ് പറയുന്നു.

പ്രഭുദേവയാണ് ആ പാട്ടിന് കൊറിയോഗ്രഫി ചെയ്തതെന്നും മമ്മൂട്ടിയെ അതുവരെ കാണാത്ത രീതിയില്‍ പ്രസന്റ് ചെയ്യാന്‍ ആ പാട്ടിന് സാധിച്ചെന്നും ജയരാജ് കൂട്ടിച്ചേര്‍ത്തു. തുടരും സിനിമയില്‍ ആ പാട്ടിനും മോഹന്‍ലാലിന്റെ ഡാന്‍സിനും ഗംഭീര കൈയടിയായിരുന്നെന്നും തനിക്ക് അത് സന്തോഷം നല്‍കിയെന്നും ജയരാജ് പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ജയരാജ്.

‘ചെന്നൈയിലെ ധരണി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ജോണി വാക്കറിലെ പാട്ടുകളെഴുതാന്‍ ഞങ്ങളിരുന്നത്. ആദ്യം ചര്‍ച്ച ചെയ്തത് ഈ പാട്ടായിരുന്നു. ആദ്യത്തെ ലൈന്‍ വെറൈറ്റിയാകണമെന്ന് ഞാന്‍ ഗിരീഷിനോട് പറഞ്ഞു. പക്ഷേ, എത്ര ചിന്തിച്ചിട്ടും ആദ്യത്തെ വാക്ക് കിട്ടിയില്ല. ഒടുക്കം ഗിരീഷ് എന്റെയടുത്ത് വന്നിട്ട് ‘ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ, ഈ ലൈന്‍ എങ്ങനെയുണ്ട്’ എന്ന് ചോദിച്ചു. അതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ഒറ്റ മണിക്കൂര്‍ കൊണ്ട് പാട്ട് പൂര്‍ത്തിയായി.

പ്രഭുദേവയായിരുന്നു ആ പാട്ടിന് കൊറിയോഗ്രഫി ചെയ്തത്. മമ്മൂക്കയെ അതിമനോഹരമായി പ്രസന്റ് ചെയ്ത പാട്ടാണെന്ന് പലരും പറഞ്ഞു. എന്നാല്‍ ആ പാട്ടിന് ഇപ്പോഴും ഓളമുണ്ടെന്ന് തുടരും കണ്ടപ്പോള്‍ മനസിലായി. ആ പാട്ട് വന്നപ്പോഴും അതിന് ലാലേട്ടന്‍ ഡാന്‍സ് ചെയ്തപ്പോഴും തിയേറ്ററില്‍ ഗംഭീര കൈയടിയായിരുന്നു,’ ജയരാജ് പറഞ്ഞു.

Content Highlight: Jayaraj saying Prabhu Deva choreographed the song in Johnnie Walker movie

We use cookies to give you the best possible experience. Learn more