| Tuesday, 24th June 2025, 9:52 am

ദേവരാജന്‍ മാഷിന്റെ അവസാനകാലത്ത് അദ്ദേഹം അച്ഛനോട് ശാസ്ത്രീയസംഗീതം പഠിക്കാത്തത് നന്നായിയെന്ന് പറഞ്ഞു: പി. ജയചന്ദ്രന്റെ മകള്‍ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട ഗായകരിലൊരാളാണ് പി. ജയചന്ദ്രന്‍. സംഗീതപ്രേമികള്‍ക്ക് എല്ലാകാലവും ഓര്‍ത്തിരിക്കാവുന്ന ഒരുപിടി മികച്ച ഗാനങ്ങള്‍ ജയചന്ദ്രന്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഭാവഗായകന്‍ എന്നറിയപ്പെടുന്ന ജയചന്ദ്രന്‍ അഞ്ച് ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ജയചന്ദ്രനെ തേടിയെത്തിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരി ഒമ്പതിനായിരുന്നു ജയചന്ദ്രന്‍ അന്തരിച്ചത്.

ശാസ്ത്രീയസംഗീതം പഠിച്ചിട്ടില്ലാത്ത ഗായകനാണ് പി. ജയചന്ദ്രന്‍. ദേവരാജന്‍ മാഷ് ഒരിക്കല്‍ നിര്‍ബന്ധപൂര്‍വം ജയചന്ദ്രനെ സംഗീതം പഠിക്കാന്‍ കൊണ്ടുചെന്നാക്കിയെന്ന് ജയചന്ദ്രന്റെ മകള്‍ ലക്ഷ്മി പറയുന്നു. എന്നാല്‍ ക്ലാസിന് ചേര്‍ന്ന് മൂന്നാം നാള്‍ മുതല്‍ അദ്ദേഹം സംഗീതാധ്യാപകനെയും കൂട്ടി കറങ്ങാന്‍ പോയെന്ന് ലക്ഷ്മി പറഞ്ഞു.

ഇക്കാര്യത്തെ കുറിച്ച് ദേവരാജന്‍ മാഷ് മരണകിടക്കയില്‍ കിടന്നപ്പോള്‍ സംസാരിച്ചിരുന്നെന്നും ‘ശാസ്ത്രീയസംഗീതം പഠിക്കാത്തത് നന്നായി. അതുകൊണ്ടാണ് നിന്റെ ശബ്ദം ചെറുപ്പമായിരിക്കുന്നത്. അല്ലായിരുന്നെങ്കില്‍ പാടി പാടി ശബ്ദത്തിനും വയസായേനേ’ എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘അച്ഛന്‍ ശാസ്ത്രീയസംഗീതം പഠിച്ചിട്ടില്ല. അതിന് വേണ്ടി സമയം മാറ്റിവച്ചിട്ടുമില്ല. ഒരിക്കല്‍ ദേവരാജന്‍ മാഷ് നിര്‍ബന്ധിച്ച് ഡോ. ബാലമുരളികൃഷ്ണ സാറിന്റെ അടുത്തേക്ക് അച്ഛനെ സംഗീതം പഠിപ്പിക്കാന്‍ കൊണ്ടുപോയി. അച്ഛന്‍ രണ്ട് ദിവസം ശാസ്ത്രീയസംഗീതം പഠിച്ചു. മൂന്നാം ദിവസം സാറിനെയും കൊണ്ട് പുറത്തു കറങ്ങാന്‍ പോയി. അവസാനം സാറിന്റെ വീട്ടുകാര് തന്നെ പറഞ്ഞു. ബാലമുരളികൃഷ്ണ സാര്‍ ഇപ്പോള്‍ വീട്ടിലിരുന്ന് സംഗീതം പ്രാക്റ്റീസ് ചെയ്യുന്നില്ല. അങ്ങനെ ആ പഠനം അവസാനിച്ചു.

പിന്നീട് അതുനന്നായെന്ന് ദേവരാജന്‍ മാഷ് പറഞ്ഞു. മാഷിന്റെ അവസാനകാലത്ത് അച്ഛനോട് പറഞ്ഞു, ‘ജയാ നീ ശാസ്ത്രീയസംഗീതം പഠിക്കാത്തത് നന്നായി. അതുകൊണ്ടാണ് നിന്റെ ശബ്ദം ചെറുപ്പമായിരിക്കുന്നത്. അല്ലായിരുന്നെങ്കില്‍ പാടി പാടി ശബ്ദത്തിനും വയസായേനേ’ എന്ന്,’ ലക്ഷ്മി പറയുന്നു.

Content Highlight: P Jayachandran’s daughter Lakshmi says that Devarajan Master once forced Jayachandran to study music

We use cookies to give you the best possible experience. Learn more