| Saturday, 10th May 2025, 8:46 am

എന്റെ ആ ഹിറ്റ് ഗാനം ആളുകള്‍ ആദ്യമായി കേള്‍ക്കുന്നത് മമ്മൂക്കയുടെ മകളുടെ കല്യാണത്തിന്: ജാസി ഗിഫ്റ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്തമായ ശബ്ദവും സംഗീതവും കൊണ്ട് മലയാള സിനിമാലോകത്ത് പുതിയ തരംഗം കൊണ്ടുവന്ന സംഗീത സംവിധായകനാണ് ജാസി ഗിഫ്റ്റ്. 2003ല്‍ ഫോര്‍ ദ പീപ്പിള്‍ എന്ന സിനിമയും അതിലെ സംഗീതവും അന്നുവരെ മലയാളസിനിമ കണ്ട് പരിചയിച്ചിട്ടില്ലാത്ത ഒന്നായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 50ഓളം സിനിമകള്‍ക്ക് ജാസി സംഗീതം നല്‍കുകയും 100 ലധികം പാട്ടുകള്‍ പാടുകയും ചെയ്തു.

ഇന്നും സംഗീതപ്രേമികളുടെ ഇഷ്ടഗാനങ്ങളിലൊന്നാണ് ഫോര്‍ ദി പീപ്പിളിലെ ലജ്ജാവതിയേ എന്ന ഗാനം. പലരുടെയും നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ് ഈ പാട്ട്. മലയാളം വരികളില്‍ വെസ്റ്റേണ്‍ സംഗീതത്തിന്റെ മിക്സിങ് പുതിയൊരു അനുഭവമായിരുന്നു. സിനിമയിറങ്ങി 20 വര്‍ഷം കഴിഞ്ഞിട്ടും അതിലെ ഗാനങ്ങള്‍ ഇന്നും സോഷ്യല്‍ മീഡിയ ഭരിക്കുന്നു.

ഇപ്പോള്‍ ലജ്ജാവതിയേ എന്ന ഗാനം ആദ്യമായി പ്ലേ ചെയ്തത് മമ്മൂട്ടിയുടെ മകളുടെ കല്യാണത്തിന് ആണെന്ന് ജാസി ഗിഫ്റ്റ് പറയുന്നു. ഈ ഗാനം അന്ന് ജുക്ക്‌ബോക്‌സുകളിലൊക്കെ വന്ന് തുടങ്ങിയെന്നും ഓഡിയോ റിലീസായിരുന്നില്ലെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. ലജ്ജാവതിയുടെ ഒര്‍ജിനല്‍ മാസ്റ്റര്‍ കോപ്പി ആദ്യമായി പ്ലേ ചെയ്യുന്നത് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിനാണെന്നും പുറമെ ഉള്ള ഓഡിയന്‍സ് ആദ്യമായി ഈ ഗാനം കേള്‍ക്കുന്നത് അപ്പോഴാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ജാസി ഗിഫ്റ്റ്.

‘ഈ പാട്ട് ആ സമയത്ത് അന്നത്തെ ജുക്ക്‌ബോക്ക്‌സുകളിലൊക്കെ വന്ന് തുടങ്ങി. ഓഡിയോ റിലീസായിട്ടില്ല. ഇതിന്റെ ഒര്‍ജിനല്‍ മാസ്റ്റര്‍ കോപ്പി ആദ്യമായിട്ട് പ്ലേ ചെയ്യുന്നത് മമ്മൂക്കയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിനാണ്. അങ്ങനെ പുറത്തുള്ള ഓഡിയന്‍സ് ആദ്യമായിട്ട് ആ പാട്ട് കേള്‍ക്കുന്നത് അവിടെ നിന്നാണ്. പെര്‍ഫോം ഒന്നും ചെയ്തില്ലായിരുന്നു. ആ സമയത്ത് അവിടുന്നാണ് ആദ്യമായിട്ട് ആ സി.ഡി മാസ്റ്റര്‍ കോപ്പി ഞങ്ങള്‍ പ്ലേ ചെയ്യുന്നത്. അവിടുന്നാണ് ഓഡിയോ പോകുന്നത്,’ ജാസി ഗിഫ്റ്റ് പറയുന്നു.

Content Highlight: Jassie Gift says the song ‘Lajjavathiye’ was first played at Mammootty’s daughter’s wedding

We use cookies to give you the best possible experience. Learn more