വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ എളുപ്പമാണെന്ന് എനിക്കറിയാം; പരിക്കിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കെതിരെ ബുംറ
Sports News
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ എളുപ്പമാണെന്ന് എനിക്കറിയാം; പരിക്കിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കെതിരെ ബുംറ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th January 2025, 9:36 am

ക്രിക്കറ്റ് ലോകത്തെ പ്രധാന ടൂര്‍ണമെന്റായ ചാമ്പ്യന്‍സ് ട്രോഫി 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍.

ടൂര്‍ണമെന്റില്‍ കറാച്ചിയില്‍ വെച്ച് നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ നേരിടും. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള മത്സരം ദുബായില്‍ നടക്കും. ഇന്ത്യയുടെ രണ്ടാം മത്സരം പാകിസ്ഥാനുമായിട്ടാണ്. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന മത്സരമാണിത്. ഫെബ്രുവരി 23നാണ് മത്സരം.

എന്നാല്‍ ടൂര്‍ണമെന്റിന് മുന്നോടിയായി ഇന്ത്യന്‍ പോസ് മാസ്റ്റര്‍ ജസ്പ്രീത് ബുംറ ഗ്രൂപ് ഘട്ടങ്ങളില്‍ നിന്ന് പുറത്തായേക്കുമെന്ന് പല റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരത്തില്‍ പരിക്ക് മൂലം ബുംറ പുറത്തായിരുന്നു.

പരിക്ക് കാരണം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള വൈറ്റ് ബോള്‍ പരമ്പരയില്‍ നിന്നും ബുംറ വിട്ടുനില്‍ക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പറയുകയാണ് ബുംറ. ഒരു എക്‌സ് പേജില്‍ തന്റെ പരിക്കിനെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു താരം.

ബുംറ പറഞ്ഞത്

‘വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ എളുപ്പമാണെന്ന് എനിക്കറിയാം. പക്ഷേ ഇത് എന്നെ ചിരിപ്പിച്ചു. പുറത്ത് വന്ന വാര്‍ത്തകള്‍ വിശ്വസനീയമല്ല,’ ബുംറ പറഞ്ഞു.

കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനത്തില്‍ 32 വിക്കറ്റ് വീഴ്ത്തി ബുംറ പ്ലെയര്‍ ഓഫ് ദി സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാത്രമല്ല ഡിസംബറിലെ ഐ.സി.സി പ്ലെയര്‍ ഓഫ് ദ മന്ത് അവാര്‍ഡും ബുംറ സ്വന്തമാക്കിയിരുന്നു.

Content Highlight: Jasprit Bumrah Talking About Fake News