റണ്‍സും വേണ്ട വിക്കറ്റും വേണ്ട; ചരിത്രത്തിന്റെ കൊടുമുടിയിലേക്ക് പറക്കാനൊരുങ്ങി ബുംറ
Cricket
റണ്‍സും വേണ്ട വിക്കറ്റും വേണ്ട; ചരിത്രത്തിന്റെ കൊടുമുടിയിലേക്ക് പറക്കാനൊരുങ്ങി ബുംറ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th April 2026, 3:18 pm

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യന്‍സുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈസേഴ്‌സിനെ വീഴ്ത്തി മികച്ച തുടക്കം ലഭിച്ച മുംബൈക്ക് പിന്നീടുള്ള മത്സരങ്ങളെല്ലാം പിഴക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടതാണ് ഹര്‍ദിക്കും സംഘവും പഞ്ചാബിനെതിരെ സ്വന്തം മണ്ണില്‍ കളത്തിലിറങ്ങുന്നത്. മറുഭാഗത്ത് ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ടീമെന്ന തലയെടുപ്പുമായാണ് ശ്രേയസ് അയ്യരും സംഘവും മുംബൈക്കെതിരെ വാംഖഡെയുടെ മണ്ണില്‍ പോരാട്ടത്തിനിറങ്ങുന്നത്.

ടൂര്‍ണമെന്റിലേക്ക് ശക്തമായി തിരിച്ചുവരാനുള്ള നിര്‍ണായക മത്സരത്തിന് മുംബൈ ഇറങ്ങുമ്പോള്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് ഒരു ചരിത്രനേട്ടം തന്റെ പേരിലാക്കി മാറ്റാന്‍ സാധിക്കും. മുംബൈക്ക് വേണ്ടി 150ാം മത്സരം കളിക്കാനാണ് ബുംറ ഒരുങ്ങുന്നത്.

2013ല്‍ മുംബൈക്കായി അരങ്ങേറ്റം കുറിച്ച ബുംറ ഇതുവരെ 149 മത്സരങ്ങളാണ് മുംബൈയുടെ നീലക്കുപ്പായതില്‍ കളിച്ചിട്ടുള്ളത്. മുംബൈക്കായി 150 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പേസര്‍ കൂടിയാവാനുള്ള ചരിത്ര നിമിഷവും ബുംറയുടെ മുന്നിലുണ്ട്. മുംബൈ ജേഴ്‌സിയില്‍ 183 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയിട്ടുള്ളത്. രണ്ട് തവണ ഫൈഫര്‍ വിക്കറ്റ് നേട്ടവും ബുംറയുടെ അക്കൗണ്ടിലുണ്ട്.

മുംബൈക്കായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം മുന്‍ മുംബൈ നായകന്‍ രോഹിത് ശര്‍മയാണ്. 231 മത്സരങ്ങളിലാണ് രോഹിത് മുംബൈക്കായി കളത്തിലിറങ്ങിയത്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം കെയ്‌റോണ്‍ പൊള്ളാര്‍ഡാണ്. 189 മത്സരങ്ങളിലാണ് പൊള്ളാര്‍ഡ് മുംബൈക്കായി കളിച്ചത്. ഈ പട്ടികയില്‍ ബുംറക്ക് പുറകില്‍ നാലാം സ്ഥാനത്തുള്ളത് 136 മത്സരങ്ങള്‍ കളിച്ച ഹര്‍ഭജന്‍ സിങ്ങാണ്.

അതേസമയം ഈ സീസണില്‍ മുംബൈക്കൊപ്പം നിറം മങ്ങിയ പ്രകടനമാണ് ബുംറ നടത്തിക്കൊണ്ടിരിക്കുന്നത്. നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോഴും ബുംറക്ക് ഇതുവരെ ഒരു വിക്കറ്റ് പോലും നേടാന്‍ ബുംറക്ക് സാധിച്ചിട്ടില്ല. ബുംറയുടെ ഫോമില്ലായ്മ മുംബൈക്ക് വലിയ തലവേദനയാണ് നല്‍കുന്നത്. എന്നാല്‍ നിര്‍ണായക സമയങ്ങളില്‍ ഏത് നിമിഷവും അപകടകാരിയായ മാറാന്‍ കഴിവുള്ള താരമായതിനാല്‍ ബുംറ ഏത് നിമിഷവും ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Jasprit Bumrah set a historical record vs punjab kings match ipl 2026