ഡബിള്‍ ക്ലച്ച് ബുംറ, വെക്കെടെ ഇതിന് മേലെ ഒന്ന്; സ്വന്തം മണ്ണിലും കരുത്തുകാട്ടി ബൂം ബൂം
Sports News
ഡബിള്‍ ക്ലച്ച് ബുംറ, വെക്കെടെ ഇതിന് മേലെ ഒന്ന്; സ്വന്തം മണ്ണിലും കരുത്തുകാട്ടി ബൂം ബൂം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th November 2025, 12:49 pm

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ സന്ദര്‍ശകര്‍ ബാറ്റിങ് തുടരുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പ്രോട്ടിയാസ് ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 105 എന്ന നിലയിലാണ് പ്രോട്ടിയാസ് ഇന്നിങ്‌സ് അവസാനിപ്പച്ചത്.

ആദ്യ വിക്കറ്റില്‍ എതിരാളികള്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് റിയാന്‍ റിക്കല്‍ടണെ മടക്കി ഇന്ത്യ ബ്രേക് ത്രൂ നേടിയത്. 22 പന്തില്‍ 23 റണ്‍സ് നേടിയ റിക്കല്‍ടണെ ക്ലീന്‍ ബൗള്‍ഡാക്കി ബുംറ ആദ്യ രക്തം ചിന്തി.

അധികം വൈകാതെ 31 റണ്‍സ് നേടിയ ഏയ്ഡന്‍ മര്‍ക്രമിനും പവലിയനിലേക്കുള്ള വഴി കാണിച്ചുകൊടുത്ത് ബുംറ സന്ദര്‍ശകരെ വീണ്ടും സമ്മര്‍ദത്തിലാഴ്ത്തി. റിഷബ് പന്തിന്റെ കൈകളിലൊതുങ്ങിയായിരുന്നു മര്‍ക്രമിന്റെ മടക്കം.

മൂന്ന് റണ്‍സ് നേടിയ ക്യാപ്റ്റന്‍ തെംബ ബാവുമയുടെ വിക്കറ്റും ആദ്യ ദിനം ലഞ്ചിന് മുമ്പ് തന്നെ ഇന്ത്യ സ്വന്തമാക്കി. കുല്‍ദീപ് യാദവാണ് ക്യാപ്റ്റനെ മടക്കിയത്.

മികച്ച ബൗളിങ്ങുമായി തിളങ്ങിയ ബുംറ ഇന്ത്യന്‍ മണ്ണില്‍ തന്റെ ബൗളിങ് ശരാശരിയും മെച്ചപ്പെടുത്തി. 17.2ലേക്കാണ് താരം തന്റെ ടെസ്റ്റ് ബൗളിങ് ആവറേജ് ഉയര്‍ത്തിയത്.

ഇതോടെ ഒരു രാജ്യത്തില്‍ ഏറ്റവും മികച്ച ബൗളിങ് ശരാശരി നേടുന്ന പേസര്‍മാരുടെ പട്ടികയില്‍ ബുംറ നാലാമതായി ഇടം പിടിച്ചു. പട്ടികയില്‍ അഞ്ചാമതും ബുംറയാണ്.

 

ജോയല്‍ ഗാര്‍ഡ്ണറടക്കമുള്ള ഇതിഹാസങ്ങള്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ചപ്പോള്‍ ബുംറ മാത്രമാണ് സ്വന്തം മണ്ണിലും എതിരാളികളുടെ മണ്ണിലും മികച്ച ബൗളിങ് ശരാശരിയില്‍ പന്തെറിയുന്നത്.

ടെസ്റ്റില്‍ ഒരു രാജ്യത്ത് ഏറ്റവും മികച്ച ബൗളിങ് ശരാശരിയുള്ള പേസര്‍

(താരം – ടീം – ഏത് രാജ്യത്തില്‍ – ശരാശരി എന്നീ ക്രമത്തില്‍)

സിഡ്‌നി ബാര്‍നെസ് – ഇംഗ്ലണ്ട് – ഇംഗ്ലണ്ട് – 13.38

ചാള്‍സ് ടര്‍ണര്‍ – ഓസ്‌ട്രേലിയ – ഓസ്‌ട്രേലിയ – 14.84

ജോയല്‍ ഗാര്‍ഡ്ണര്‍ – വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട് – 16.56

ജസ്പ്രീത് ബുംറ – ഇന്ത്യ – ഇന്ത്യ – 17.12*

ജസ്പ്രീത് ബുംറ – ഇന്ത്യ – ഓസ്‌ട്രേലിയ – 17.15

 

അതേസമയം, നിലവില്‍ 30 ഓവര്‍ പിന്നിടുമ്പോള്‍ പ്രോട്ടിയാസിന് നാലാം വിക്കറ്റും നഷ്ടപ്പെട്ടിരിക്കുകയാണ്. 24 റണ്‍സടിച്ച വിയാന്‍ മുള്‍ഡറിന്റെ വിക്കറ്റാണ് ടീമിന് നഷ്ടനമായത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു താരത്തിന്റെ മടക്കം. 47 പന്തില്‍ 22 റണ്‍സുമായി ടോണി ഡി സോര്‍സിയും ഒരു പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ ട്രിസ്റ്റണ്‍ സ്റ്റബ്‌സുമാണ് ക്രീസില്‍.

 

Content Highlight: Jasprit Bumrah’s best bowling performance in India