| Wednesday, 29th April 2026, 5:00 pm

വാംഖഡെയില്‍ ആളിക്കാത്താന്‍ ബുംറ; കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ തങ്ങളുടെ എട്ടാം മത്സരത്തിന് ഒരുങ്ങുകയാണ് മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ഇന്ന് വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ മുംബൈയ്ക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

ഈ നിര്‍ണായക മത്സരത്തിന് ഇറങ്ങുമ്പോള്‍ മുംബൈയുടെ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയ്ക്ക് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ടി-20യില്‍ 350 വിക്കറ്റുകള്‍ എന്ന നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്. ഇതിനായി താരത്തിന് മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ മതി.

ജസ്പ്രീത് ബുംറ. Photo: R A T N I S H/x.com

നിലവില്‍ ടി-20യില്‍ ബുംറയ്ക്ക് 347 വിക്കറ്റുകളാണുള്ളത്. 274 ഇന്നിങ്‌സുകളില്‍ കളിച്ചാണ് പേസര്‍ ഇത്രയും വിക്കറ്റുകള്‍ അക്കൗണ്ടിലാക്കിയത്. താരം ഇന്ത്യ, ഗുജറാത്ത്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളായി കളത്തില്‍ ഇറങ്ങിയിട്ടുണ്ട്.

ഈ മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ടി-20യില്‍ 350 വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനും ബുംറയ്ക്ക് സാധിക്കും. നിലവില്‍ യുസ്വേന്ദ്ര ചഹല്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യക്കാരന്‍. താരത്തിന് 331 ഇന്നിങ്സില്‍ നിന്നായി 388 വിക്കറ്റുകളുണ്ട്.

അതേസമയം, ഈ സീസണില്‍ ഇതുവരെ ബുംറയ്ക്ക് തിളങ്ങാന്‍ സാധിച്ചിട്ടില്ല. ഏഴ് മത്സരങ്ങളില്‍ കളിച്ച താരത്തിന് ഇതുവരെ രണ്ട് വിക്കറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. സീസണിലെ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ ഫാസ്റ്റ് ബൗളര്‍ ഒരു വിക്കറ്റ് പോലും വീഴ്ത്തിയിട്ടില്ലായിരുന്നു.

Content Highlight: Jasprit Bumrah Need Three Wickets To Complete 350 Wickets

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more