ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ജൂണ്‍ 20ന് ആരംഭിക്കും. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ഇന്ത്യ.
രോഹിത് ശര്‍മയുടേയും വിരാട് കോഹ്ലിയുടേയും വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരകൂടിയാണിത്. നിലവില്‍ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരമായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ പ്രധാന ശക്തി. അതേസമയം ഇംഗ്ലണ്ടിന്റെ പ്രധാന ശക്തികേന്ദ്രമാണ് ബാറ്റര്‍ ജോ റൂട്ട്.
വരാനിരിക്കുന്ന മത്സരങ്ങളില്‍ ഇരുവരും തമ്മില്‍ കടുത്ത പോരാട്ടമായിരിക്കും ഉണ്ടാകുക. അതിന് ഒരു കാരണമുണ്ട്. മുന്നിലുള്ള മത്സരങ്ങളില്‍ റൂട്ടിന്റെ വിക്കറ്റ് മൂന്ന് തവണ സ്വന്തമാക്കാന്‍ സാധിച്ചാല്‍ ബുംറയ്ക്ക് ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സാധിക്കും. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ റൂട്ടിന്റെ വിക്കറ്റ് നേടുന്ന താരമാകാനാണ് ബുംറയ്ക്ക് സാധിക്കുക. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ്.